Sunday, December 18, 2011

ഓര്‍മ്മകള്‍ ബാല്യത്തിൻറെ !!!!

ഓര്‍മ്മകള്‍ ബാല്യത്തിൻറെ !!!!
കഴിഞ്ഞു പോയോരാക്കാലം മറക്കാതെ;
കണ്ടിട്ടിതത്ഭുതപെട്ടു നീ എന്നിലായ് !
കാര്യങ്ങള്‍ ചൊല്ലി അടുത്തു നീ വന്നപ്പോള്‍ ;
കണ്മുന്നിലെല്ലാം തെളിഞ്ഞെന്റെ ബാല്യവും!!
കൊച്ചു മനസ്സന്നു തല്ലിക്കളിച്ചു നാം;
കോമള സ്മരണകള്‍ ഉണര്‍ത്തുന്നു വെന്നിലും!
കലംക്ഴിഞ്ഞിട്ടും,ഓര്‍മ്മകള്‍ മങ്ങീട്ടും;
കണ്ടപ്പോള്‍ ആഹ്ളാദമുയര്‍ന്നതെന്നില്‍ !!
എത്രയോ കാലമായ് കാണാതെ കണ്ടപ്പോള്‍ ;
ഏറെയായിഷ്ടമെന്‍ കൊച്ചിളം പൈങ്കിളി!!
എത്രയായാലും കഴിഞ്ഞുള്ള കാലങ്ങള്‍ ;
അത്രക്കതങ്ങു കഴിഞ്ഞതായ് തോന്നീല!!
കാണുവാനേറെയാണിഷ്ടമെന്നാകിലും;
കാണാതെ കണ്ടുകഴിയുന്നു നാമിന്നും!!
കണ്ടുമുട്ടുമ്പോഴിതെന്താണ് തോന്നുക!
കണ്മുന്നില്‍ ബാല്യം തിളങ്ങുന്നു മൂകമായ് !!!
ശോഭനമായുള്ള ജീവിത യാത്രയില്‍ ;
ശോഷിച്ചു പോയൊരാ ബന്ധങ്ങള്‍ ഇത്രമേല്‍ !!
ശോഭയോടെന്നും ഉണര്‍ന്നു നീ വാഴുക;
ശോഭയോടെ തദാ കാലം നമുക്കുമേല്‍ !!!
കെട്ടുപൊട്ടാതെ പിരിയില്ലിതൊന്നുമെ;
കട്ടിക്കിടിക്കിലും കടുപ്പമേറ്റം!!!
മുറ്റിനില്‍ക്കുന്നൊരാ ബന്ധത്തിന്‍ തീഷ്ണത;
മാറ്റുവാനാകില്ലിതേതു യോദ്ദാവിനും!!
                                                                രഘുകല്ലറയ്ക്കല്‍ 
ആര്യപ്രഭ  
     
     
     
           

Sunday, November 13, 2011

' തത്വമസി'

                                             ''തത്വമസി"
നീ ;തന്നെ ഞാനെന്നിതരുളുന്ന ;സ്വാമി !

മത ,ജാതി ചിന്തകള്‍ തീണ്ടാത്ത ,സ്വാമി !

മാത്സര്യലേശവുമില്ലാത്ത ,സ്വാമി !

അതിനായി സര്‍വ്വം ത്യജിക്കുന്ന ,സ്വാമി !

ക്ഷമയാണ് സത്യം ,അതുതന്നെ മുഖ്യം !

അതുമാത്രമാണെന്റെ;വരവിന്റെ ലക്‌ഷ്യം.

സ്വാമിയെന്നെല്ലാരുമോതുമ്പോള്‍ ;തന്നെ -

സ്വാമിയായ്‌ തന്നില്‍ ലയിക്കുന്നിതെല്ലാം .

ക്ഷമയോടെ മലകേറി,തന്‍ മുന്നിലെത്താന്‍ -

കഴിയുന്നോരെല്ലാരും,തന്‍ പേരുകാരാ!

കഴുതയും സ്വാമി ,കഴുകനും സ്വാമി !

കണ്മുന്നിലെല്ലാരും ,സ്വാമിമാരല്ലോ ?

കഠിനമാംവ്രതമുളള കഴിവാണ് സ്വാമി !

കരിമല കേറ്റവും വ്രതമാണു സ്വാമി !

കരകേറി തന്‍ മുന്നിലെത്തുന്ന ഭക്തര്‍ക്ക്‌-

കരുണാമയനായ സ്വാമിയും ,സ്വാമി !!!!

                              രഘു കല്ലറയ്ക്ക്ല്‍ 
                                                                                പാടിവട്ടം

                                    
 

Wednesday, November 9, 2011

ഒരു പ്രഭാതത്തില്‍

                               ' ഒരു പ്രഭാതത്തില്‍ '


 ആശകളോമന മലരുകളായി;                
 ഇതളുകള്‍വിരിയുംപൂവുകളായി ;
പൂവതില്‍ നിറയും പൂമണമായി.
പൂന്തേന്‍ നുകരാന്‍ വണ്ടുകളായി .
കള കള മേളം കാകനുമപ്പോള്‍ ;
കവിത കണക്കെ കുയിലുകള്‍ പാടി .
മാടത്തക്കിളി, ഓടിനടന്നിട്ട-
വിടവിടങ്ങള്‍കൊത്തിരസിച്ചു.
മാനംമേലെ പാറിനടക്കും പച്ച -
തത്തകള്‍ പനയോലകളില്‍ ;
കൊത്തിത്തന്നുടെ നാവുമിനുക്കി,
പറവകളവയുടെ മേനികള്‍ കാട്ടി.
നാട്ടില്‍ വിലസും കൊച്ചോന്തുകളും
കാലമറിഞ്ഞു നിറങ്ങള്‍ പകര്‍ന്നു .
മേനിമിനുക്കി കുറുകി നടക്കും ,
പ്രാവുകള്‍ തന്‍പട വന്നു നിറഞ്ഞു ,
പിന്നെയവറ്റകള്‍  ഒന്നൊന്നായി ,
പൊങ്ങി മറഞ്ഞു പറന്നുകഴിഞ്ഞു.
ചെമ്പോത്തവതന്‍ ഇണയെത്തേടി,
മെല്ലെ നടന്നു പറന്നു മരത്തില്‍ .
കൊമ്പുകള്‍ തോറും ചാടി നടന്നിട്ടവ -
- നൊരു കുശല ക്കാരനുമായി .
കള കള ഗാനം പാടി രസിച്ചിട്ട- രുവികള്‍,തന്‍ കരവിരുതുകള്‍ കാട്ടി.
കാട്ടാറിന്‍ കഥ കണ്ടറിയാനായ്-
ആ വഴി തെന്നല്‍ ഇവിടയുമെത്തി .
                           രഘു കല്ലറയ്ക്കല്‍
                                         പാടിവടം 
്്്്്്്്്്്്്്്്്്്്്്്് 
ആര്യപ്രഭ 




Tuesday, November 8, 2011

"ഒരുദിനം ക്ഷേത്രത്തില്‍ "

" ഒരു ദിനം ക്ഷേത്രത്തില്‍ "

വെളുപ്പിന് മൂന്നുമണിക്ക് ,ഗുരുവായൂര്‍ ഉണ്ണിക്കണ്ണന്റെ തിരുനട, ഭക്ത്തി നിര്‍ഭ്ഭരമായ അന്തരീക്ഷത്തില്‍ ,തുറക്കുന്നതോടെ ഒരുദിവസത്തെ ഗുരുവായൂര്‍ ക്ഷേത്ര ആചാര ചടങ്ങുകള്‍ ആരംഭിക്കുകയായി .
നിര്‍മാല്യം തൊഴല്‍ ,എണ്ണ അഭിഷേകം,വാകച്ചാര്‍ത്ത് ,
ശംഖാഭിഷേകം,കുംഭാഭിഷേകം ,മലര്‍നിവേദ്യം ,
ഉഷ:പൂജ ,എതിരേത്തുപൂജ ,പ്രസന്നപൂജ ,
പ്രഭാതശീവേലി,നവകാഭിഷേകം ,
പന്തീരടിനിവേദ്യവും പൂജയും ,ഉച്ചനിവേദ്യം ,
ഉച്ചപൂജ ,കാഴ്ചശീവേലി ,ദീപാരാധന,അത്താഴപൂജ ,
അത്താഴശീവേലി,തൃപ്പുക ,ഓലവായന എന്നീ
ചടങ്ങുകളാണ്
ഗുരുവായൂര്‍ ഭഗവാന് സമര്‍പ്പിക്കുന്ന ഒരുദിവസത്തെ ചടങ്ങുകള്‍ .
നിര്‍മാല്യം :-ശംഖു നാദം,നാദസ്വരം,തകില്‍
എന്നിവയുടെ മധുര മനോഹര ,സ്വരരാഗ സുധയില്‍
ഭഗവാനെ പള്ളിയുണര്‍ത്താന്‍ ; ഭക്തരുടെ കീര്‍ത്തനാലാപത്താല്‍ ഭക്തിമുഖരിതമായ
അന്തരീക്ഷത്തില്‍ , മേല്‍ശാന്തി കുളിച്ചീറനണിഞ്ഞു
ഭഗവാന്റെ തിരുസ്വരൂപം നടതുറന്നു കാണിക്കുന്നു
നിര്‍മാല്യദര്‍ശനം കണ്ടു ഭക്തര്‍ നിര്‍വൃതിയിലലിയുന്നു.
എണ്ണ അഭിഷേകം :-നിര്‍മാല്യശേഷം ഭഗവാന്റെ
വിഗ്രഹത്തിലെ പൂവുകളും ,മാലകളും ,മറ്റലങ്കാരങ്ങളും
നീക്കി എള്ളെണ്ണ കൊണ്ട് അഭിഷേകം നടത്തുന്നു .
വാകച്ചാര്‍ത്ത് :- എണ്ണചാര്‍ത്തിയ വിഗ്രഹത്തില്‍
തീര്‍ത്ഥം അഭിഷേകം ചെയ്യുന്നു .അതിനുശേഷം
വിഗ്രഹം മുഴുവന്‍ വാകചാര്‍ത്തുന്നു.വാകചാര്‍ത്തി
നില്‍ക്കുന്ന ഭഗവാനെ ദര്‍ശിക്കുന്നത്
പരമ പുണ്ണ്യമാണെന്ന് വിശ്വസിക്കുന്നു .
ശംഖാഭിഷേകം :-വാകചാര്‍ത്തിനുശേഷം ,ശംഖില്‍
ജലം നിറച്ചു വിഗ്രഹം അഭിഷേകത്തില്‍നിര്‍ത്തുന്നു
മന്ത്രോച്ചാരണം നടത്തിയാണ് ശംഖാഭിഷേകം
നടത്തുന്നത് .
കുംഭാഭിഷേകം :-സ്വര്‍ണ്ണ കുംഭത്തില്‍ അമ്പലക്കുളത്തിലെ
ജലം നിറച്ചു അഭിഷേകം ചെയ്യുന്നു .കുംഭാഭിഷേകം ,
ശംഖാഭിഷേകം എന്നിവനടത്തിക്കിട്ടുന്ന തീര്‍ത്ഥം
ജലമാണ് .
മലര്‍ നിവേദ്യം :-കുംഭാഭിഷേകം കഴിഞ്ഞാല്‍ നടയടച്ചു
മലര്‍ നിവേദ്യം അര്‍പ്പിക്കുന്നു .ഒരു ദിവസത്തിലെ
ആദ്യനിവേദ്യം മലര്‍ നിവേദ്യമാണ് .
മലര്‍ നിവേദ്യം കഴിഞ്ഞു നടതുറക്കുമ്പോള്‍ ഭക്തരുടെ
കണ്ണിനു കുളിര്‍മയും ,മനസ്സിന് സംതൃപ്തിയും നല്‍കുന്ന
കാഴ്ചയാണ് കാണാന്‍ കഴിയുക നീലത്തിരുമുടി ചൂടി,
പൊന്‍കിരീടം,വളകള്‍ ,ഏലസ്സ് എന്നിവ അണിഞ്ഞു
കയ്യില്‍ വെണ്ണയും പിടിച്ചു നില്‍ക്കുന്ന ഉണ്ണികൃഷ്ണന്റെ
രൂപം ഭക്തര്‍ കണ്‍കുളിര്‍കെ കണ്ടു നിര്‍വൃതിയടയുന്നു.
ഉഷപൂജ :-നെയ്യ് ,പായസം ,വെണ്ണ ,പഞ്ചസാര ,
കദളിപ്പഴം ,നിവേദ്യം ,വെള്ള ഉണക്കലരി എന്നിവ
ഉപയോഗിച്ചുള്ളതാണ് ഉഷ:പൂജ .
എതിരേത്തപൂജാ (എതിരിട്ട പൂജ)-സുര്യന്‍
വിഗ്രഹത്തിനു എതിരെ വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പേര് .
രണ്ടാമത്തെ പൂജയാണ് .സുര്യോദയത്തിലാണ് പൂജ .
സമയം ഗണപതി ഹോമം നടക്കുന്നതോടോപ്പം ,
ശാസ്താവ് ,ഇടത്തെതടത്തുകാവ് എന്നീ ഉപ
ദേവന്മാരെയുംപൂജിക്കുന്നു .
പ്രസന്നപൂജ :- എതിരേത്തു പൂജക്ക്‌ ഒടുവില്‍
നടത്തുന്നപൂജയാണ് പ്രസന്നപൂജ .
നാദസ്വരം ,തകില്‍ എന്നിവയുടെ സേവകൊട്ടു കിഴക്കെനടയിലും ,അഷ്ടപതി ഗാനം
നാലംബലത്തിനകത്തും സമയത്ത് നടത്തും .
ശീവേലി:- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിനമും രണ്ടു
നേരമാണ് ശീവേലി .
ശ്രീ ബലി അല്ലെങ്കില്‍ ശ്രീ ഭൂതബലിയെയാണ്
ശീവേലി എന്നുപറയുന്നത്. വാദ്യമേളങ്ങളോടെ
ആനപ്പുറത്തു വിഗ്രഹം എഴുന്നള്ളിച്ച് മൂന്നു പ്രാവശ്യം
പ്രദിക്ഷണം വൈയ്ക്കുന്നു .
പ്രദിക്ഷണം നടക്കുമ്പോള്‍ മേല്‍ശാന്തി
ബലിക്കല്ലുകളില്‍ നിവേദ്യം അര്‍പിക്കുന്നു.
ഭൂതഗണങ്ങളുടെ സാന്നിദ്യ സങ്കല്‍പം ഉള്ള
ബലിക്കല്ലുകളില്‍ നിവേദ്യം അര്‍പിക്കുന്നതോടെ
കീഴ് ശാന്തി ഭഗവാന്റെ തിടമ്പ് മൂന്നാമത് പ്രദിക്ഷിണ
ശേഷം ശ്രീകോവിലില്‍ യദാസ്ഥാനത്തു പ്രദിഷ്ടിക്കുന്നു.
നാവാഭിഷേകം:- ഒന്‍പതു വെള്ളിക്കുടങ്ങളില്‍
മന്ത്ര ജപത്തോടെ ജലം അഭിഷേകം നടത്തുന്നു
അതിനു ശേഷം പാലഭിഷേകം നടത്തിയതിനു
ശേഷമാണ് നാവാഭിഷേകം നടത്തുന്നതു.
സമയം ഉണ്ണിക്കണ്ണന്‍ പീതാംബരധാരിയായിരിക്കും .
പന്തീരടി നിവേദ്യം:- ത്രിമധുരം ,പാല്‍പ്പായസം ,
ശര്‍ക്കരപ്പായസം ,വെള്ള ചോറു എന്നിവയാണ്
പന്തീരടി നിവേദ്യത്തിന് സമര്‍പ്പിക്കുന്നത് .
സുര്യന്റെ നിഴല്‍ പന്ത്രണ്ടടി ദൂരെ കാണുന്ന
പുലര്‍ച്ചെ എട്ട്മണിയ്ക്കും ഒന്‍പതുമണിയ്ക്കും ഇടയ്ക്കാണ്
പൂജ . തന്ത്രിയോ,ഓതിക്കനോ ആണ് പൂജ നടത്തുക .
ഭഗവാന്‍ സര്‍വ്വാലങ്കാര വിഭൂഷിതനായിരിക്കും .
ഉച്ചനിവേദ്യം :-പന്ത്രണ്ട് മണിക്ക് എല്ലാ വഴിപാടുകളും നിവേദിച്ചു അവസാനിപ്പിക്കണമെന്നാണ് പൂജാ വിധി .
ഉച്ചപൂജാ:- പന്ത്രണ്ടു മണിക്ക് ആരംഭിച്ചു ഒരുമണിക്ക്
ഉച്ചപൂജ അവസാനിക്കും .ശേഷം വൈകിട്ട് നാലര വരെ
നട അടയ്ക്കും .
കാഴ്ച ശീവേലി :-നടതുറന്നാല്‍ ആനപ്പുറത്തു തിടമ്പ് എഴുന്നെള്ളിക്കും .ഇതാണ്‌ കാഴ്ചശീവേലി .

ദീപാരാധന :- വൈകിട്ട് ആറുമണിക്ക് ക്ഷേത്രത്തിലെ ദീപങ്ങള്‍ എല്ലാം പ്രകാശിക്കും .ദീപസ്തംഭങ്ങളും,
ചെരാതുകളും പ്രശോഭിതമാകുമ്പോള്‍ ശ്രീകോവില്‍
നട തുറക്കും .ദീപം കൊണ്ട് മേല്‍ശാന്തി ഭഗവാനെ
ഉഴിയും ,പിന്നെ കര്‍പ്പൂരം കത്തിച്ചു ,ഉഴിഞ്ഞു പൂജ ചെയ്യുന്നു .
"ദീപാരാധന "
അത്താഴപൂജ :-ക്ഷേത്രത്തിലെ അവസാന പൂജയാണ്
അത്താഴപൂജ .രാത്രി എട്ടു മണിക്ക് നിവേദ്യം അര്‍പ്പിച്ചു
ഒന്‍പതുമണിക്ക് അത്താഴപൂജ നടത്തും .അവില്‍ ,അപ്പം ,
അട ,അടയ്ക്ക ,വെറ്റില എന്നിവ അത്താഴപൂജക്കു നിവേദിക്കും .
അത്താഴപൂജ കഴിഞ്ഞു നട തുറന്നു ,അത്താഴ ശീവേലിക്ക്
തിടമ്പ് എഴുന്നള്ളിക്കും .
രണ്ടാമത്തെ പ്രദിക്ഷിണത്തില്‍ ഇടയ്ക്കയും ,വാദ്യവും നടത്തും .
തൃപ്പുക:- അഷ്ടഗന്ധം ,സാബ്രാണി എന്നിവ ചേര്‍ത്തു മണം
പരത്തുന്നതാണ് തൃപ്പുക .
അത്താഴ ശീവേലിക്ക് ശേഷം തിടമ്പ് ശ്രീകോവിലില്‍ പ്രദിഷ്ടിച്ച് ശേഷമാണ് തൃപ്പുക കര്‍മ്മം നടത്തുന്നത് .
ഓലവായന :- തൃപ്പുക കഴിഞ്ഞാല്‍ അന്നത്തെ ചെലവുകളെ സംബന്ധിച്ചു
ഓലയില്‍ എഴുതി വായിക്കും 'പത്തുകാരന്‍ വാര്യ'രാണ്
ഓല വായിക്കുന്നത് .
ഓല വായനയോടെ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജാദി കര്‍മ്മങ്ങള്‍ അവസാനിക്കുകയായി .
സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്റെ ഒരു ശുഭദിനം സമംഗളം
പര്യവസാനിക്കുന്നത് ,ഭക്തര്‍ക്ക്‌ മനസ്സിന് കുളിര്‍മ യെകിത്തന്നെയാണ് ..................!
.............................................................................................................
ഐതിഹ്യം :-വസുദേവനും ,ദേവകിയും പണ്ട് ദ്വാരകയില്‍ വച്ചു പൂജിച്ചിരുന്ന വിഗ്രഹമാണ് ഗുരുവായൂര്‍ ക്ഷേത്ര വിഗ്രഹം
എന്ന് ഐതിഹ്യം .
മേല്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ നാരായണീയത്തിലൂടെയാണ്
ഗുരുവായൂര്‍ ക്ഷേത്രം ലോകപ്രശസ്തമായത് .
അദ്ദേഹം ഇവിടെ ഭജനം നടത്തിയിരുന്നു .
കൃഷ്ണനാട്ടം ഉടലെടുത്തത് ഗുരുവായൂരില്‍ വച്ചാണ് .
പ്രശസ്തമായ ഗുരുവായൂര്‍ ഏകാദശി വൃശ്ചികമാസത്തിലാണ് .

Monday, October 31, 2011

അന്‍പത്താറാമത് കേരള പിറവി

കേരള പിറവിയുടെ അന്‍പത്താറാമത്  (01-11-2011) വാര്‍ഷികാഘോഷവേളയില്‍; കേരള ത്തനിമയുടെ ആവേശം ഉള്‍ക്കൊണ്ട്‌ കൊണ്ട്; ആര്യപ്രഭയുടെ ഒരായിരം ആശംസകള്‍ നേരുന്നു.
ഇന്ന് മലയാളഭാഷ സംസാരിക്കുന്നത് കുറച്ചിലായിക്കാണുന്ന;
അറിവുനേടിയവര്‍ എന്ന്സ്വയം അഭിമാനിക്കുന്ന മലയാളികളില്‍ ചിലര്‍; മലയാളത്തെ അപമാനിക്കുകയാണ്.
വേണ്ടതിനും,വേണ്ടാത്തതിനും മ:നപ്പുര്‍വം ഇംഗ്ളിഷ് കലര്‍ത്തി,മലയാളമെന്ന  മനോഹരഭാഷയെ വികലമാക്കുന്ന പലസന്ദര്‍ഭങ്ങളും കേട്ട്  മനസ്സുവിഷമിച്ച്;
വേദനിക്കാത്തവര്‍  കുറവായിരിക്കും.
മലയാളം; മലയാളമായി തന്നെ സംസാരിക്കുകയും,
ആ ഭാഷയെ അഭിമാനത്തോടെ കാണുകയും ചെയ്യുക!!.
മലയാളഭാഷയില്‍ അമിതമായി ഇംഗ്ളിഷ് കുത്തിച്ചിലത്തി സംസാരിക്കുന്നതില്‍,അല്പത്വം മുഴച്ചു നില്‍ക്കുന്നു!!!.
കഴിവതും നമ്മുടെ ഭാഷയ്ക്ക്‌ അഭിമാനമായ കാഴ്ചപ്പാട് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്.
മലയാളഭാഷയില്‍ കാലങ്ങളായും,ഇടക്കാലത്തും കടന്നുകൂടിയിട്ടുള്ള മറ്റുഭാഷകളുടെ,പ്രയോഗം ആരോചകമല്ലാതെ തുടരുമ്പോഴും,
പുതുതലമുറയുടെ ഇംഗളിഷ് കലര്‍ത്തിയുള്ള ഭാഷാപ്രയോഗം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
കേരള പൈതൃകത്തിന്റെ നാന്ദിയായി ഭാഷയെ പരിഭോഷിപ്പിക്കാന്‍ എല്ലാവരും തയ്യാറാകണം.
എല്ലാ കാര്യത്തിനും മറുരാജ്യങ്ങളെ ആശ്രയിക്കുന്ന
മലയാളികള്‍ ഭാഷയുടെ കാര്യത്തിലും, 
അതെ നിലപാട് തുടരുകയാണോ?
വളരെ ഖേദകാരമാണ് ..................................!!!
മലയാളം മാതൃഭാഷതന്നെ ........! അഭിമാനത്തോടെ എവിടെയും പ്രയോഗിക്കാന്‍,മലയാളികള്‍ മടിക്കേണ്ടതില്ല.
പഴയ തലമുറ സാഹിത്യകാരന്മാര്‍ ശക്തമായമാതൃകയാണ്. 
അവരെ ആദരിക്കുക ;അതിലൂടെ നമ്മുടെ ഭാഷയെയും !!!!!!!!
ആര്യപ്രഭ                                  രഘു കല്ലറയ്ക്കൽ

Friday, October 28, 2011

ശാലിയ പൊറാട്ട്

ശാലിയ പൊറാട്ട്

കാസര്‍ഗോഡിന്റെ സാംസ്കാരിക പെരുമയിലെ മറ്റൊരു പ്രധാന കലാരൂപമാണ് ശാലിയപൊറാട്ട്. 
പൂരോത്സവക്കാലത്താണ് ഇത് അരങ്ങേറാറുള്ളത്.ശാലിയ സമുദായക്കരാണ് ഈ കലാരൂപം അവതരിപ്പിക്കാറ്. 
പീലിക്കൊട് രായമംഗലം ദേവിക്ഷേത്രം,നീലേശ്വരം അഞ്ഞൂറ്റമ്പലം ,വീരര്‍കാവ് എന്നീ അമ്പലങ്ങളിലാണ് ഇതു അരങ്ങേറാറുള്ളത്.
പുരാണ കഥകളുമായി ബന്ധപ്പെട്ട ഈ കലാരൂപം പുതിയ കാലഘട്ടത്തില്‍ ആവശ്യമായ ഭേദഗതികളോടെയാണു ഇപ്പോള്‍ അവതരിപ്പിക്കുന്നത്.സാമൂഹിക പ്രശ്നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് ആക്ഷേപ ഹാസ്യരൂപത്തിലാണ് അവതരിപ്പിക്കുന്നത്.പൊറാട്ട് വേഷങ്ങള്‍ അവരുടെ വായ്ത്താരി കൊണ്ടു കാലികപ്രശ്നങ്ങളെ കുറിക്കു കൊള്ളുന്ന വിധം ആവിഷ്കരിക്കുന്നു.
ക്ഷേത്രസമീപത്തെ   ആല്‍തറയാണ് ഇതിന്റെ രംഗവേദി.വ്യത്യസ്ത വേഷഭൂഷാദികള്‍ അണിഞ്ഞാണ് കഥാപാത്രങ്ങള്‍ അഭിനയത്തിലൂടെ പൊറാട്ട് അവതരിപ്പിക്കുന്നത്.പുരുഷന്മാര്‍ തന്നെയാണ് സ്ത്രീകളുടെ വേഷങള്‍ അണിയുന്നത്.തെരുവിലൂടെ നടന്നുനീങ്ങി  ആദ്യം ജനങ്ങളുമായി ആശയസംവേദനം നടത്തിയതിനു ശേഷമാണ് കലാകാരന്മാര്‍ വേദിയിലേക്കു എത്തുന്നത്.
നാടന്‍ ഭാഷയിലൂടെ സാധാരണക്കരുമായി എളുപ്പം സംവദിക്കുന്ന ഈ കലാരൂപം ഇന്ന് അവസാന തലമുറയിലൂടെയാണിന്നു കടന്നുപോവുന്നത്. 

നാശോന്മുഖമാകുന്ന സാംസ്കാരിക കല .സാംസ്കാരിക നായകന്മാര്‍ കണ്ണ് തുറക്കട്ടെ !

ശാലിയ പൊറാട്ടില്‍ 'മാതൃഭൂമി' പെണ്‍പത്രികയും വിഷയമായി



നീലേശ്വരം: ആനുകാലിക സംഭവ വികാസങ്ങള്‍ ആക്ഷേപഹാസ്യത്തിന്റെ പിന്‍ബലത്തില്‍ ദൃശ്യവത്കരിച്ച ശാലിയ പൊറാട്ട് വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമായി. സ്ത്രീകളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് 'മാതൃഭൂമി' സംഘടിപ്പിച്ച 'പെണ്‍പത്രിക 2011'ഉം മത്സരത്തില്‍ വിജയിച്ച ബീന, ദീപ, ഹസീന എന്നീ മൂന്ന് സ്ത്രീകള്‍ക്കുള്ള അനുമോദന സമ്മേളനവും പൊറാട്ടില്‍ വിഷയമായി. കടിഞ്ഞിമൂല വീവേഴ്‌സ് കോളനിയിലെ ഡി.രാജനും സംഘവും അവതരിപ്പിച്ച പെണ്‍പത്രിക അവതരണ മികവിലും വേഷത്തിലും മികച്ച നിലവാരം പുലര്‍ത്തി. നീലേശ്വരം തെരുവിലുള്ള അഞ്ഞൂറ്റമ്പലം വീരര്‍കാവിലാണ് പൂരോല്‍സവത്തിന്റെ ഭാഗമായി ശാലിയ പൊറാട്ട് അരങ്ങേറിയത്.

വീരര്‍കാവില്‍ നിന്നും ഒരുങ്ങിയ വേഷങ്ങള്‍ അഞ്ഞൂറ്റമ്പലത്തിലും തളിയില്‍ ശിവക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമായിരുന്നു അഞ്ഞൂറ്റമ്പല പരിസരത്തെ അരയാല്‍ത്തറയില്‍ തങ്ങളുടെ കലാവൈഭവത്തിന്റെ ചെപ്പുകള്‍ തുറന്നത്. മത്സരാടിസ്ഥാനത്തില്‍ നടന്ന പൊറാട്ടില്‍ മുപ്പതോളം വേഷങ്ങള്‍ ഉണ്ടായിരുന്നു. ഗ്രൂപ്പ് വിഭാഗത്തില്‍ എന്‍.രാജേഷും സംഘവും അവതരിപ്പിച്ച പൊങ്കാല ഇടല്‍ ഒന്നാം സ്ഥാനവും ഡി.രാജനും സംഘവും അവതരിപ്പിച്ച പെണ്‍പത്രിക- 2011 രണ്ടാം സ്ഥാനവും നേടി. സീനിയര്‍, സിങ്കിള്‍ വിഭാഗത്തില്‍ മിസ്റ്റര്‍ പിക്കപ്പ്, മരിയാ ഫര്‍ണാണ്ടസ് എന്നീ വേഷങ്ങള്‍ും ജൂനിയര്‍ സിങ്കിളില്‍ നാരദന്‍, തൂപ്പുകാരന്‍ എന്നീ വേഷങ്ങള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ക്ഷേത്രം സ്ഥാനീകന്‍ കെ.കൃഷ്ണന്‍ ചെട്ട്യാര്‍ സമ്മാനം നല്‍കി. കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എ.വി.ഗിരീശന്‍ സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു.


ഐതിഹ്യപ്പെരുമയില്‍ ആക്ഷേപഹാസ്യവുമായി ശാലിയ പൊറാട്ട്



നീലേശ്വരം: ഐതിഹ്യപ്പെരുമയില്‍ ആക്ഷേപഹാസ്യവും നര്‍മവും വിതറി നടത്തിയ ആചാര-അനുഷ്ഠാന കലയായ ശാലിയപ്പൊറാട്ട് അരങ്ങ് തകര്‍ത്തു. പൂരോത്സവത്തിന്റെ ഭാഗമായി നീലേശ്വരം തെരുവിലുള്ള അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ ശനിയാഴ്ച സായാഹ്നത്തിലാണ് ശാലിയപ്പൊറാട്ട് അരങ്ങേറിയത്. ആനുകാലിക സംഭവങ്ങളായ വനിതാസംവരണം, സ്ത്രീകളുടെ പ്രതിഷേധമാര്‍ച്ച്, തൂപ്പുകാരികള്‍ , ത്രാസ് സീല്‍ വെക്കുന്നവര്‍ , പുതിയ ഉത്പന്നങ്ങളുടെ വില്പനക്കാര്‍ , ഉഴിച്ചിലുകാര്‍ , കൈനോട്ടക്കാര്‍ , സോപ്പ് വില്പനക്കാര്‍ തുടങ്ങിയ വേഷങ്ങള്‍ മികവുറ്റതായിരുന്നു. വിവിധ വിഭാഗങ്ങളിലായി നാല്പതോളം വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ആചാരവേഷങ്ങളായ അഷ്ടകൂടംഭഗവതി, നരി, ആലാമി, പാങ്ങോന്മാര്‍ , ചേകോന്മാര്‍ , വാഴപ്പോതി, വിവിധ സാമുദായിക വേഷങ്ങളായ കൊങ്ങിണി, ഈഴവന്‍, മണിയാണി തുടങ്ങിയ വൈവിധ്യമാര്‍ന്ന വേഷങ്ങളും ശാലിയപ്പൊറാട്ടിനെ അവിസ്മരണീയമാക്കി. സീനിയര്‍ ഗ്രൂപ്പ് വിഭാഗത്തില്‍ ഡി.രാജനും സംഘവും അവതരിപ്പിച്ച വനിതാസംവരണം പ്രതിഷേധമാര്‍ച്ച് ഒന്നാംസമ്മാനവും കെ.രാജീവനും സംഘവും അവതരിപ്പിച്ച സ്ത്രീസംവരണം 50 ശതമാനം രണ്ടാംസ്ഥാനവും പി.കെ.കരുണാകരനും സംഘവും അവതരിപ്പിച്ച സ്വീപ്പേഴ്‌സ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ഗ്രൂപ്പില്‍ കൈനോട്ടക്കാരി, കാവടി, ആലാമികളും, സീനിയര്‍ സിംഗിളില്‍ കെ.ജയന്‍, കെ.പുരുഷു, പി.കണ്ണന്‍ എന്നിവരും ജൂനിയര്‍ സിംഗിളില്‍ വാമനന്‍,  ക്ളിനിങ്‌ലേഡി, മൊബൈല്‍ സംസ്‌കാരത്തിന്റെ വഴിയില്‍ എന്നീവേഷങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സരവിജയികള്‍ക്ക് ക്ഷേത്ര സ്ഥാനികന്മാരായ കെ.കൃഷ്ണന്‍ ചെട്ട്യാര്‍, പി.കുഞ്ഞിരാമന്‍ നമ്പൂതിരി ചെട്ട്യാര്‍ എന്നിവര്‍ കാഷ് അവാര്‍ഡുകള്‍ വിതരണംചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ടി.ടി.വി. ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. ആഘോഷ ക്കമ്മിറ്റി സെക്രട്ടറി കെ.ബാലചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും അഡ്വ. കെ.വി.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

28th March 2010 01:03:02 AM

കാസര്‍കോഡ് വാര്‍ത്തയില്‍ നിന്നും.....

Monday, October 24, 2011

വിവരണങ്ങള്‍

                             "വിവരണങ്ങള്‍ " 
കേരളത്തിലെ പ്രാചീനവും ,നാശോന്മുഖവുമായ കലകളും,
ആചാരങ്ങളും കഴിവതും, വിവരിക്കുവാനുള്ള ശ്രമത്തോടെ ആരംഭിക്കുകയാണ് .................................
              "വിവരണങ്ങള്‍ "എന്നപേരില്‍ .
ആര്യപ്രഭയുടെ സമഗ്ര മുന്നേറ്റത്തിനു എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ് .

ചാക്യാര്‍കൂത്ത് :ചാക്യാന്മാര്‍ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു ദൃശ്യകലയാണ്‌ ചാക്യാര്‍കൂത്ത് . 
അതിനായി  ക്ഷേത്രങ്ങളില്‍ പ്രത്യേകം കൂത്തബലങ്ങള്‍ ഉണ്ടായിരുന്നു .
പുരാണകഥകള്‍ ഭക്ത്യാദരപൂര്‍വം ,ജനങ്ങളെ ബോധിപ്പിക്കുന്ന ഈ കലയ്ക്കു മൂന്നു വിഭാഗങ്ങളുണ്ട് .
പ്രബന്ധം കൂത്ത് ,നമ്പ്യാര്‍ കൂത്ത് ,കൂടിയാട്ടം എന്നിവയാണ് .
പ്രബന്ധം കൂത്ത് ആഖ്യാനപരമാണ് .
നമ്പ്യാര്‍ കൂത്ത് അഭിനയത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ കൂടിയാട്ടം രംഗ പ്രയോഗമാണ് .
പ്രബന്ധം കൂത്തിലും ,കൂടിയാട്ടത്തിലും ചാക്യാരും ,നമ്പ്യാരും രംഗത്തുവരും .
എന്നാല്‍ നമ്പ്യാര്‍ കൂത്തിന്, ചാക്യാര്‍ രംഗത്ത് വരുന്നതേയില്ല.





കൂത്ത് :ക്ഷേത്രകലയാണ് കൂത്ത് .അമ്പലങ്ങളില്‍ ഉത്സവ കാലങ്ങളില്‍ ചാക്യാര്‍മാര്‍ നടത്തിവന്നിരുന്ന കലാരൂപമാണ്‌ കൂത്ത്.
വാചിക പ്രാദാന്യമുള്ള ഈ കലയ്ക്കു ആംഗിക ,സ്വാതികാ അഭിനയം പ്രധാനമാണ് .
ചംബുപ്രബന്ധങ്ങളെ അവലംഭമാക്കി നിലവിളക്കിനു പിന്നില്‍ നിന്ന് അരങ്ങോരുക്കുന്നു.
ചാക്യാര്‍ പ്രധാനകഥാപാത്രമായി ,
സമൂഹത്തില്‍ നടക്കുന്ന ദുരാചാരങ്ങളേയും ,  അനാശാസ്യ പ്രവര്‍ത്തനങ്ങളേയും നഖ ശിഖാന്തം കളിയാക്കി,ഹാസ്യരൂപേണ എതിര്‍ത്തുള്ള,
ചാക്യാരുടെ പരിഹാസസംഭാഷണം അതീവ ഹൃദ്യമാണ് .
ലളിതമായ ഭാഷാശൈലി ,കുറിക്കുകൊള്ളുന്ന പരിഹാസ ശരങ്ങള്‍ ,ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ,
ചാക്യാര്‍ കൂത്തിന്റെ പ്രത്യേകതകളാണ് .



കൂടിയാട്ടം : പ്രാചീന ദൃശ്യകലയാണ്‌ കൂടിയാട്ടം.
വിരളമായി മാത്രം ഇന്നു കാണാന്‍ കഴിയുന്ന ക്ഷേത്ര കലയാണ്‌ കൂടിയാട്ടം.
കേരളത്തിന്റെ തനിമയാര്‍ന്ന കല .
പാരമ്പര്യമായി ചാക്യാന്മ്മാര്‍ നടത്തിവന്നിരുന്ന ഇന്നു നാശോന്മുഖവുമായ കല.
മിഴാവ് ,കുഴിതാളം ,ഇടയ്ക്ക ,കുഴല്‍ ,ശംഖു എന്നീ വാദ്യോപകരണങ്ങള്‍ കൂടിയാട്ടത്തിന് ഉപയോഗിക്കുന്നു.
രംഗമണ്ഡപം ,വാചികം ,ആംഗികം ,സാത്വികം ,ആഹാര്യം തുടങ്ങിയവയുടെ കൂട്ടമാണ്‌ കൂടിയാട്ടം .



നങ്ങ്യാര്‍ കൂത്ത് :ക്ഷേത്ര കലകളില്‍ നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകള്‍ അവതരിപ്പിക്കുന്ന കലയാണ്‌ നങ്ങ്യാര്‍ കൂത്ത്.
കൂടിയാട്ടത്തില്‍ നിന്ന് രൂപം കൊണ്ട കലയാണ്‌ നങ്ങ്യാര്‍കൂത്ത്.




നിഴല്‍ക്കൂത്ത് :ചില ദേവിക്ഷേത്രങ്ങളില്‍ നടത്തി വന്നിരുന്ന അടിസ്ഥാനകലയാണ് നിഴല്‍ക്കൂത്ത് .
ആപത്തില്‍നിന്നും ,കഷ്ടതകളില്‍നിന്നും ,രോഗങ്ങളില്‍നിന്നും രക്ഷ നിഴല്‍കൂത്ത് നടത്തുകമൂലം ലഭിക്കുമെന്ന് വിശ്വസിച്ചു പോന്നു .
പാവക്കൂത്ത്‌,ഓലപ്പാവക്കൂത്ത്,തോല്‍പ്പാവക്കൂത്ത്  എന്നീ പ്പേരുകളില്‍ പാവക്കൂത്ത്‌ അറിയപ്പെടുന്നു .
പാവകളുടെ ചലിക്കുന്ന നിഴല്‍ വലിച്ചുകെട്ടിയ വെളുത്ത തുണിയില്‍ പ്രതിഫലിപ്പിക്കുന്നു .
രാത്രികാലങ്ങളില്‍ നിഴല്‍ക്കൂത്തിനായി ക്ഷേത്രങ്ങളില്‍ പ്രത്യേകം കൂത്തുമാടങ്ങള്‍ തന്നെ നിര്‍മ്മിച്ചിരുന്നു .

കടവല്ലൂര്‍ അന്യോന്യം :-

 തൃശ്ശൂര്‍ തിരുനാവായക്കാരായ ബ്രാപ്മണയോഗക്കാര്‍
കടവല്ലൂര്‍ ശ്രീ രാമക്ഷേത്രത്തില്‍ വര്‍ഷംതോറും
നടന്നു വരുന്ന വേദപാഠ മത്സരം 
തന്നെയാണ്  കടവല്ലൂര്‍ അന്യോന്യം .
ജൈന ,ബുദ്ധ മതത്തിന്റെ അതിപ്രസരം മൂലം ,ഹൈന്ദ വമതത്തിന്റെ ശക്തി ക്ഷയിക്കാതെ സംരക്ഷിക്കാന്‍ പണ്ഡിതന്മാര്‍ നടത്തിവന്ന മത്സരമായിരുന്നു .
ജൈന ,ബുദ്ധ മത പണ്ഡിതന്മാരെ പലപ്പോഴായി വാദ പ്രതിവാദത്തിലൂടെ 
തോല്‍പിച്ചു തുന്നം പാടിച്ചിട്ടുണ്ട്‌ .
ഭാട്ട മത പ്രചാരകനായ പ്രഭാകരന്‍ സ്ഥാപിച്ച മഠത്തിലാണ് വേദ പഠനം 
നടക്കുന്നത് ."ഗുരു മഠം '"എന്നറിയപ്പെടുന്നു .


പഞ്ചതന്ത്രം കഥകള്‍ :
ലോകസാഹിത്യത്തിനു ഭാരതം നല്കിയ അമൂല്യ കൃതിയാണ് പഞ്ചതന്ത്രം!
ക്രുസ്തുവിനു മുമ്പ് 2200-റോടുകൂടി പണ്ഡിത ശ്രേഷ്ടനായ വിഷ്ണുശര്‍മ്മ എന്ന ബ്രാമ്ഹണന്‍ ,
സംസ്കൃതത്തില്‍ രചിച്ചതെന്നു വിശ്വസിക്കുന്ന കൃതിയാണ് പഞ്ചതന്ത്രം .ലോകത്തിൽ പലഭാഷകളിലും പഞ്ചതന്ത്രം നിലവിലുണ്ട്.
സാരോപദേശം നിറഞ്ഞ മഹത്തായ കൃതി കുട്ടികള്‍ക്ക് പ്രിയങ്കരമാണ് .
മഹിളാരോപ്യ രാജ്യത്തെ അമരശക്ത്തി രാജാവിന്റെ 
ബുദ്ധി മാന്ദ്യമുള്ള പുത്രന്മാരായ,ബഹുശക്തി,ഉഗ്രശക്തി,
അനന്തശക്തി  എന്നിവരെ വിജ്ജാനികളാക്കി മാറ്റാന്‍ രചിച്ചതാണ് രാജനീതി ഗ്രന്ഥമായ പഞ്ചതന്ത്രം .
അദ്ദേഹത്തിന്‍റെ ഉദ്ദ്യമം വിജയിക്കതന്നെചെയ്തു.ആറുമാസങ്ങൾ കൊണ്ട് രാജകുമാരന്മാരെ സർവ്വശാസ്ത്രസാരജ്ഞാന്മാരും,രാജനീതിജ്ഞാന്മാരും
ആക്കി തീർത്തു.സന്തോഷാധിക്യത്താൽ വിഷ്ണു ശർമ്മയെ ആദരിച്ചു,യഥോചിതം പാരിതോഷങ്ങൾ നല്കി സന്തോഷിപ്പിച്ചു.
പലഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള ഈ കൃതിയില്‍ മിത്രഭേതം,മിത്രലാഭം,
കാകോലുകീയം(സന്ധിവിഗ്രഹം),
ലബ്ധപ്രണാംശം,അപരീക്ഷിതകാരകം
എന്നീ അഞ്ചു തന്ത്രങ്ങളാക്കി തിരിച്ചിരിക്കുന്നു.അഞ്ചു തന്ത്രങ്ങൾ സരസവും,സാരാംശഗർഭിതങ്ങളുമായ കഥ കളിലൂടെ അവതരിപ്പിക്കുകയുമാണ്.
മിത്രഭേതം.
ശത്രുക്കളെ ഭിന്നിപ്പിച്ചു ദുർബ്ബലരാക്കുക എന്ന തത്വം ഉൾക്കൊള്ളുന്നു.
വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന സിംഹത്തെയും,കാളയെയും എഷണികളിലൂടെ ഭിന്നിപ്പിക്കുക,അതിലൂടെ കരടകൻ,ദമനകൻ എന്ന കുറുക്കന്മാർ കൌശല പൂർവ്വം നേടുന്ന കാര്യസാധ്യങ്ങൾ!!
മിത്രലാഭം
അന്യരെ മിത്രങ്ങൾ ആക്കുംമുപു അവരെ ശരിക്കും മനസ്സിലാക്കി മാത്രമേ സഹകരിക്കാവൂ!എന്ന തത്വം,ആമ,കാക്ക,മാൻ,എലി എന്നീ കഥാപാത്രങ്ങളിലൂടെ, ഏതാപത്ഘട്ടത്തെയും മിത്രഭാവേന ചിന്തിക്കുന്ന സുഹൃത്തുള്ളവന് നിഷ്പ്രയാസം തരണം ചെയ്യാനാകും എന്ന് വക്തമാക്കുന്നു.
 കാകോകിലൂയം(സന്ധി വിഗ്രഹം)
ശത്രു-മിത്ര ഉദാസീനാന്മാരോട് എപ്രകാരം ഏതുസമയങ്ങളിൽ സന്ധി,വിഗ്രഹം ആകാം എന്ന് പ്രതിപാദിക്കുന്നു.മൂങ്ങകളും,കാക്കകളും തമ്മിലുള്ള ശത്രുതയാണ് വിഷയമായി കഥയിൽ വരുന്നത്.
ലബ്ധപ്രണാംശം 
മുതലയുടെയും,കുരങ്ങന്റെയും കഥയിലൂടെ കയ്യിലിരിക്കുന്ന വസ്തു എങ്ങിനെ നഷ്ടമാകുന്നു എന്ന് വിശദീകരിക്കുന്നു.
ഒന്നും ആലോചിക്കാതെ എടുത്തുചാടി വിപത്തുണ്ടാക്കുന്നവർക്ക് വന്നുചേരുന്ന നാശം വിശദമാക്കുന്നു.  
ബുദ്ധിമാന്ദ്യമുള്ള രാജകുമാരന്മാരെ വിജ്ജാനികളാക്കാന്‍ ഈ മഹത്ഗ്രന്ഥത്തിന് കഴിഞ്ഞു-..............!
 എല്ലാവരും വായിച്ചിരിക്കേണ്ട മഹത് ഗ്രന്ഥമാണ് . 




കിളിപ്പാട്ട് :

 കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ് .
മലയാളകവിതയില്‍ പ്രചാരമേറിയ രചനാരീതി ഉപയോഗത്തില്‍ വരുത്തുകയും .
ഇമ്പമാര്‍ന്ന രീതിയില്‍ കിളിയോട് കഥ പറയാന്‍ ആവശ്യപ്പെടുകയും,
കിളിപറയുന്നതായി,പാടുകയും ചെയ്യുന്നതാണ് കിളിപ്പാട്ടുകള്‍ .
തുഞ്ചത്തെഴുത്തച്ഛന്‍റെ കൃതികളില്‍ മഹാഭാരതം കിളിപ്പാട്ട് പ്രഥമഗണനീയമാണ് :
വേദവ്യാസമഹര്‍ഷി; സംസ്കൃതത്തില്‍ 13 പര്‍വ്വങ്ങളില്‍ എഴുതിയ മഹാഭാരതത്തിന്റെ പരിഭാഷയാണ് ഭാരതം കിളിപ്പാട്ട് .

പതിനെട്ടു ദിവസത്തെ നീണ്ട മഹായുദ്ധത്തോടുകൂടി 
കൌരവപക്ഷത്തുള്ള സേനയും സേനാനായകന്മാരും 
ഗുരുജനങ്ങളുമെല്ലാം ,സ്ത്രീകളൊഴികെ വീരസ്വര്‍ഗ്ഗം 
പ്രാപിച്ചു .ദുര്യോധനന്റെ അന്ത്യം സ്നേഹാര്‍ദ്ദനനായ 
പിതാവിനെ വല്ലാതെ പീഡിപ്പിച്ചു.
അന്ധനായ ധൃതരാഷ്ട്രരുടെ മനസ്സും നിശ്ചലമായി.
മാനസ്സിക വിഷമം തീര്‍ക്കാന്‍ ശ്രമിച്ച വിദുരര്‍ വളരെ 
പണിപ്പെട്ടു .ഭാരതകര്‍ത്താവായ വേദവ്യാസനും
സന്നിഹിതനായിരുന്നു.
ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം പാണ്ഡവരെല്ലാം 
ചേര്‍ന്ന് ശോകാകുലനായ ധൃതരാഷ്ട്രരെ സന്ദര്‍ശിക്കുവാന്‍
പോയി .   വസ്തുതകളും ,ഭാവിഷ്യത്തുകളും ഉള്‍കണ്ണില്‍ ഗ്രഹിക്കുന്ന ശ്രീകൃഷ്ണന്‍ ,  ഉരുക്കില്‍ തീര്‍ത്തഭീമന്‍റെ
പ്രതിമ കൂടെ കൊണ്ട് പോകണമെന്ന്
  നിര്‍ദ്ദേശിച്ചിരുന്നു .
മൂത്തവര്‍ ക്രമത്തില്‍ പാണ്ഡവര്‍ ധൃതരാഷ്ട്രരുടെ 
പാദങ്ങളില്‍ നമസ്കരിച്ചു . പാണ്ഡവര്‍ വന്നതറിഞ്ഞ്
അദ്ദേഹം ആഹളാദിച്ചു ,ധര്‍മപുത്രരേ അനുഗ്രഹിച്ചു ,
ആശിര്‍വദിച്ചു  ഭീമന്‍റെ ഊഴമായപ്പോള്‍ 
ശ്രീകൃഷന്‍ ഭീമനുപകരം ആ പ്രതിമയാണ് 
ദൃതരാഷ്ട്രരുടെ മുന്നിലേക്ക്‌നീക്കിയത്.
" ഉണ്ണീ;മകനെ !വരിക വൃകോദരാ കണ്ണ് കാണാത്തത് നീ അറിഞ്ഞീലയോ ?"എന്നു പറഞ്ഞു 
ആ അന്ധ നരപതി ഭീമസേനനെന്നുകരുതി
ഗാഡാശ്ലേഷം ചെയ്തു .വിസ്മയമെന്നു പറയട്ടെ ആ 
ആയാസപ്രതിമ തവിടുപോടിയായിപ്പോയി.
ഭീമന്‍ മരിച്ചെന്നു വിശ്വസിച്ച ആ നരപതി
വാവിട്ടുകരഞ്ഞത് അവിടെ കൂടിനിന്നവരെ 
വല്ലാതെ അമ്പരപ്പിച്ചു .
ആ സന്ദര്‍ഭത്തില്‍ ശ്രീകൃഷ്ണന്‍ അന്ധ നരപതിക്ക് പറ്റിയ 
അമളി വെളിപ്പെടുത്തി ,ശകാരിച്ചു.
ഇനിയെങ്കിലുംപാണ്ഡവവൈര്യം കളഞ്ഞു മക്കളായി
സ്വീകരിക്കാന്‍അപേക്ഷിക്കുകയും ചെയ്തു .
'ദൃതരാഷ്ട്രാലിംഗനം'ക്രൂരതയുള്ളിലോളിപ്പിച്ചു സ്നേഹം
നടിക്കുന്നു ,  നാം വളരെ ഗൌരവമായി ഉപയോഗിക്കുന്ന 'മുതലക്കണ്ണീര്‍ 'എല്ലാം ഈ 
കഥാ സന്ദര്‍ഭവുമായി ബന്ധപ്പെട്ടതാണ് .


തുഞ്ചത്തെഴുത്തച്ഛന്‍ :- 

മലയാള ഭാഷാ കവികളുടെ മദ്ധ്യത്തില്‍ പ്രശോഭിക്കുന്ന പ്രഥമഗണനീയനായ പ്രതിഭാശാലിയാണ് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ പതിനാറാം നൂറ്റാണ്ടിലാണ് ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പരിഭാഷാ  സൃഷ്ടി.വാത്മീകി രാമായണം ഭക്തി നിർഭരമായി അവതരിപ്പിച്ചതും, മലയാളം സ്വീകരിച്ചതു അദ്ദേഹത്തിൻറെആദ്ധ്യാത്മ രാമായണം തന്നെയാണ്.
മലയാളത്തിലെ പ്രഥമ കാവ്യം കൃഷ്ണഗാഥയായാലും ;
പ്രഥമ കവി എഴുത്തച്ഛന്‍ തന്നെ എന്ന് മഹാകവി ഉള്ളൂര്‍ ഉപദേശിച്ചിട്ടുള്ളത്.
മനുഷ്യ ഹൃദയത്തെ ഭക്തി മാര്‍ഗേണ സംസ്കരിക്കാനുള്ള മഹത്തായ യത്നമാണ്‌ ഈദ്ദേഹം കാവ്യരചനയില്‍ നടത്തിയിട്ടുള്ളത് .
മനുഷ്യമനസ്സിനെ ആദ്ധ്യാന്മിക ചിന്തയുടെ ഉന്നതിയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നു ,സംശുദ്ധമാക്കുക എന്നതായിരുന്നു എഴുത്തച്ഛന്‍റെ പരമോദ്ധേശം .മഹാഭാരതവും,രാമായണവും മലയാളത്തിൻറെ ഭക്തി പാരവശ്യത്തിൽ നിറഞ്ഞു നില്ക്കുന്ന ഗ്രന്ഥങ്ങളാണ്.
കേരളത്തിന്റെ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം ഒരവതാരപുരുഷന്റെ ധര്‍മാമാണ് എഴുത്തച്ഛന്‍ നിര്‍വഹിച്ചിട്ടുള്ളത് .
മണിപ്രവാളം ,നാടന്‍പാട്ടുകള്‍ ,ചമ്പുക്കള്‍ ,സന്ദേശകാവ്യങ്ങള്‍ തുടങ്ങിയവയായിരുന്ന; രണ്ടു സരണികളെയും മനോഹരമായി സമോന്യയിപ്പിച്ച്  നൂതനമായ ഭാഷാരീതിയും ,കാവ്യരചനയും എഴുത്തച്ഛന്‍ തുടങ്ങിവച്ചു .
സാമാന്യ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഭാഷാശൈലി ,
സാഹിത്ത്യത്തില്‍ ഉടനീളം ഉണ്ടായത് ആചാര്യനിലൂടെയാണ്.
മലയാളകവിതയുടെ പിതാവെന്നു എക്കാലവും തുഞ്ചത്തെഴുത്തച്ഛനെ ആധരിക്കപ്പെടുന്നതില്‍ ഒട്ടും അതിശയോക്തിയില്ല .
കിളിപ്പാട്ടിലെ 14 -മത്തെതാണ് സ്ത്രീ പര്‍വ്വം.





കുമ്മാട്ടിക്കളി :ഭദ്രകാളി പ്രീണനാര്‍ത്ഥം നടത്തുന്ന അനുഷ്ടാനകലയാണ് കുമ്മാട്ടിക്കളി .
ശ്രീകൃഷ്ണന്‍ ,പരമശിവന്‍ ,കിരാതന്‍ ,ദാരികന്‍ ,നാരദന്‍ ,
ഗണപതി തുടങ്ങിയ വേഷങ്ങളാണ് പ്രധാനം .
പാട്ട് പാടുന്നത് പ്രത്യേകം ആളുകളാണ് .






 കൊല്ലവര്‍ഷം :   ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഒന്നാണ് കൊല്ലവര്‍ഷം .
അത് എങ്ങിനെ ഉണ്ടായി..?
എവിടുന്ന് ഉത്ഭവിച്ചു എന്നത് അറിയാന്‍ ആഗ്രഹാമുണ്ടാകുമല്ലോ ?
കലിവര്‍ഷം 3927(AD825)-ല്‍
ഉദയമാര്‍ത്താണ്‍ഡവര്‍മ്മ രാജാവ് ,ജ്യോത്സ്യന്‍മാരെയും,
പണ്ഡിതന്മാരെയും കൊല്ലത്ത് വിളിച്ചുവരുത്തി .
ഒരു പുതുകാലത്തിനു തുടക്കം കുറിച്ചു .
AD825-ആഗാസ്റ്റു 15-നു കൊല്ലവര്‍ഷം ആരംഭം കുറിച്ചു .
ഇതു പിന്നീടു മറ്റു നാടുകളിലും പ്രചാരത്തിലായി .




കൊട്ടിപ്പാടിസേവ :ക്ഷേത്രങ്ങളില്‍ നിലനില്കുന്ന ഭജനപാടല്‍ ചടങ്ങാണ്  കൊട്ടിപ്പാടിസേവ 
പാട്ടും ,വാദ്യവും ഇടകലര്‍ന്ന ആരാധന 
ഇടയ്ക്ക കൊട്ടി കീര്‍ത്തനങ്ങള്‍ പാടുന്നു .
ആദ്യം ഗണപതിസ്തുതി ,പിന്നെ സരസ്വതി സ്തുതി ,
അതിനുശേഷം ക്ഷേത്രത്തിലെ ആരാധനാ മുര്‍ത്തിയെ 
സ്തുതിച്ചു പാടും .
ഇടയ്ക്ക കൊട്ടുന്നതും പാടുന്നതും ഒരാള്‍ തന്നെയാണെന്നത് പ്രത്യേകതയാണ് .
കുറച്ചു പാടിയശേഷം ഇടയ്ക്ക കൊട്ടും ,പാട്ടുനിര്‍ത്തി 
വീണ്ടും ഇടയ്ക്ക കൊട്ടും .
ഇതാണ് രീതി .ഇന്നു വിരളമായി കാണുന്ന ക്ഷേത്രകലകളില്‍ ഒതുങ്ങുന്നു .






ദീപാവലി :

 തമിഴ് നാട്ടിലും ,കേരളത്തിലും ,ഭാരതത്തില്‍ പലസംസ്ഥാനങ്ങളിലും വിപുലമായി ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി .
ധനു മാസത്തിലെ ശുക്ളപക്ഷ ത്തുടക്കമാണ് ദീപാവളിആഘോഷം .
ശരീരം മുഴുവന്‍ എണ്ണതേച്ചു കുളി ,മധുര പലഹാരം വിതരണം ,കോടിയുടുക്കുക ,പടക്കം പൊട്ടിച്ചു ആഘോഷിക്കുക പ്രധാനമാണ് .
 ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച സന്തോഷം ആഘോഷിക്കുന്ന ചടങ്ങായാണ് ഐതിഹ്യം.
ദീപങ്ങളുടെ കൂടം എന്ന അര്‍ത്ഥമാണ് 'ദീപാവലി '
ഭാരതമാകെ വിവിധ രീതിയില്‍ ഇതു ആഘോഷിക്കുന്നു .
ലക്ഷ്മി പൂജക്കും ഈ ദിനം ഉത്തമമാണ് .






 നവരാത്രി :നവരാത്രി ദിവസങ്ങളില്‍ ദുര്‍ഗ്ഗയെപൂജിക്കുന്നു
ദേവന്മാരുടെ മുന്നില്‍ ആദിപരാശക്തി ദുര്‍ഗ്ഗയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് അഷ്ടമി ദിനത്തിലാണ് .
ദുര്ഗ്ഗന്‍ എന്ന അസുരനെ വധിച്ചത് ദശമിദിനത്തിലും,അസുരനെ ജയിച്ച ദിനം വിജയദശമി .
ദുര്‍ഗ്ഗ പ്രത്യക്ഷപ്പെട്ട ദിനം ദുര്‍ഗ്ഗാഷ്ടമി .
നവരാത്രി പൂജ മൂന്നു ദിനമാണ് .
ദുര്‍ഗ്ഗാപൂജ അശ്വതി മാസത്തിലെ പ്രതിപദം മുതല്‍ നവമി വരെ നവരാത്രി ആഘോഷം .
അടുത്തദിവസം വിജയദശമി .
നവരാത്രി പൂജ ഒന്‍പതു ദിവസങ്ങളാണ് ,ആദ്യ മൂന്നു ദിനങ്ങള്‍ ഭദ്രകാളി പ്രാധാന്യവും ,രണ്ടാമത്തെ മൂന്നുനാള്‍ മഹാലക്ഷ്മി പ്രാധാന്യവും ,മൂന്നാമത്തെ മൂന്നു ദിനങ്ങള്‍ സരസ്വതി പ്രാധാന്യവും കല്‍പ്പിക്കുന്നു .
മൂന്നാമത്തെ മൂന്നു ദിനങ്ങള്‍  ദുര്‍ഗ്ഗാഷ്ടമി,മഹാനവമി ,വിജയദശമി എന്നീ പൂജകള്‍ നടത്തുന്നു .
ദുര്‍ഗ്ഗാഷ്ടമി ദിനംവിദ്യാരംഭമായി ആഘോഷിയ്ക്കന്നു .
ഗ്രന്ഥങ്ങളും,ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നു 'പൂജവൈപ്പ്'എന്നറിയപ്പെടുന്നു .
മഹാനവമി ദിനത്തില്‍ എഴുത്തോ ,വായനയോ പാടില്ല .
വിജയദശമി ദിനത്തില്‍ പൂജയ്ക്ക് വച്ച ഗ്രന്ഥങ്ങളും,ആയുധങ്ങളും തിരിച്ചെടുക്കുന്നു .ഈ  ദിനത്തിന് 'പൂജയെടുപ്പ് 'എന്നപേരില്‍ അറിയപ്പെടുന്നു . ഭാരത ജനത അത്യാഘോഷത്തോടെ ശിരസ്സിലേറ്റുന്ന മഹത്തായ ഉത്സവമാണ് നവരാത്രി മഹോത്സവം ..
*******************
ആര്യപ്രഭ  












k

Friday, October 21, 2011

"സ്നേഹം "

                                                         "സ്നേഹം "
ര്‍ത്ഥ വത്തായ,.................................
വിവരിക്കാനാകാത്ത അനുഭൂതിയാണ്‌ 'സ്നേഹം'.
സ്നേഹം എന്നവാക്കില്‍ തന്നെ സ്നേഹം സ്ഫുരിക്കുന്നു!!
മാതാവിന് കുഞ്ഞിനോടുള്ള സ്നേഹം!
അതിന്റെ അനിവാര്യത!!...............നിഷ്ക്കളങ്കതയുടെ ആവാഹനാലയം സ്നേഹത്തിലുണരുന്നു.
പ്രപഞ്ചത്തെ കുളിരണിയിക്കുന്ന മൃതുലത!!
പരിപാവനമായ സ്നേഹത്തിന്റെ തുടിപ്പ്!!
മാതാവില്‍ നിന്നാണ് നാം സ്നേഹം ആദ്ധ്യം  അനുഭവിച്ചറിയുന്നത് .
മാതാവില്‍ സ്നേഹം പൂരിതമാണ് !!!.
അനിര്‍വചനീയമായി;കുഞ്ഞിനു മാതാവില്‍ നിന്ന് കിട്ടുന്ന അനുഭൂതിയാണ് സ്നേഹം!!ആ അനുഭൂതി മറക്കാത്തവർ സമൂഹത്തിനും അത് നല്കും.
വളര്‍ന്നുവരുമ്പോള്‍ പ്രകൃതിയും സമ്മാനിക്കുന്നു സ്നേഹം!!
നാംകണ്ടുമുട്ടുന്ന പലതിലും കാണാം സ്നേഹം!!
കുഞ്ഞു നാളുകളില്‍ കിളികളിലും,
മഴത്തുള്ളികളിലും,മഞ്ഞുകണങ്ങളിലും,
നീര്‍ച്ചാലുകളിലും,കുളങ്ങളിലും,
തീജ്ജ്വാലകളിലും,വയലേലകളിലും,വന്മരങ്ങളിലും,
ക്ഷുദ്രജീവികളിലും നാം സ്നേഹം കാണുന്നു.
കളങ്കരഹിതമായ മനസ്സാണ് സ്നേഹത്തെ
രൂപപ്പെടുത്തുന്ന പ്രധാനഘടകം !!!!.
 കൌമാരത്തിലേക്കു ബാല്യം വഴിമാറുമ്പോള്‍ ,
സ്നേഹത്തിന്റെ മേഖലകള്‍ വ്യത്യസ്തമാകുന്നു !!
ആഗ്രഹങ്ങളും,ആശകളും,കൌതുകങ്ങളും മനസ്സിനെ അലട്ടുന്ന സുഖമുള്ള വേദനകളാകുന്നു. യൗവ്വനത്തിലേത് വിവേകത്തിന്റെ മേഘലയിൽ കെട്ടിപ്പടുക്കുന്ന വ്യക്തിത്വത്തിന്റെ മണിമാളികയിൽ പ്രതിഷ്ടിക്കുന്നു.തന്മൂലം 
സീമാതീതമായ സ്നേഹത്തെ സമുഹത്തിലെ പല ഇടപെടലുകളും, കടിഞ്ഞാണില്‍ മുറുക്കുന്നു .
പരുഷമായ ചിന്താശകലങ്ങള്‍ പലരിലും സ്നേഹത്തെ വെട്ടിമുറിച്ചു കൊച്ചു കൊച്ചു കഷ്ണങ്ങളാക്കുന്നു!!
സ്നേഹം വിഭജിക്കപ്പെടുന്നു! 
സ്നേഹം വേണ്ടവിധം വിനയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ അസ്വസ്ഥത ഉരുത്തിരിയുന്നു!!.
അതിലൂടെ കലഹവും,വിദ്ധ്യേഷവും ഉടലെടുക്കുന്നു!
സ്നേഹത്തിനു പകരം മോഹങ്ങളും,ആലസ്യവും,
തുടര്‍ന്ന് ക്രുരതയുംമനസ്സില്‍ നിറയുന്നു!!.
ഫലമോ?.......മോഹഭംഗം!!!!!!!!!!!!!!

മോഹഭം അക്രമവാസനയ്ക്ക് വഴിതുറക്കുന്നു!.   
സകലതും നഷ്ടപ്പെട്ട ഒരുവനില്‍ !!.........
സ്നേഹം എന്നെന്നേക്കുമായി  മരിക്കുന്നു!!!
ദുരാഗ്രഹവും സ്നേഹത്തെ കൊന്നൊടുക്കുന്നു !!
വളരാത്ത മനസ്സും സ്നേഹത്തെ നശിപ്പിക്കുന്നു!!
ശാശ്വതമായ പ്രപഞ്ച സത്യമാണ് സ്നേഹം!!!
സ്നേഹമില്ലെങ്കില്‍ ഭൂമിതന്നെ ഇല്ലാതാകും!!! 
പിടിച്ചു വാങ്ങാന്‍ കഴിയാത്ത,വിലകൊടുത്ത് വാങ്ങാന്‍ കഴിയാത്തഒന്നാണ് സ്നേഹം!
കൊടുക്കുംതോറും രുചിക്കുന്ന,ഭൂമിയില്‍ നിത്യമായി അവശേഷിക്കുന്ന,മരിച്ചാലും നഷ്ടപ്പെടാത്ത മനുഷ്യന്റെ വിലപ്പെട്ട സമ്പത്താണ്‌ സ്നേഹം!!!!പാവനമായ പ്രപഞ്ച സമ്പത്താണ് സ്നേഹം!!!
                                                രഘുകല്ലറക്കല്‍ 
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ 
ആര്യപ്രഭ