Saturday, September 6, 2014

തിരുവോണം 2014-ൽ

          തിരുവോണം2014-ൽ
ഓണനിലാവിൽ ഊഞ്ഞാലാടി 
                          ഭൂമി തരിക്കുമ്പോൾ!
ഓണത്തപ്പനെ വരവേൽക്കാനായ്‌
                                 കേരളമുണരുന്നു.
കാണമതെല്ലാം വിറ്റുതുലച്ചും;
                               ചിങ്ങ വിരുന്നൂട്ടും!
കാണാമിവിടെ വേലകൾ പലതും
                                    നാടൻ കലയേറ്റം!
മാബലി വാണൊരു നാളെയിതല്ലോ
                                 നാടിനു സന്തോഷം!
മലയാളത്തിൻ തനിമനിറഞ്ഞ-
                                ങ്ങാരവമുണരുന്നു!!
കടലുകൾ താണ്ടും മലയാളികളും
                                 ഓണമൊരുക്കുന്നു !
കൂടിനടക്കും കൂട്ടരെയെല്ലാം
                                  ഓണവിരുന്നൂട്ടും!!!
മാബലി തന്നുടെ കഥയത് പാടും
                                     നാടൻ ശീലുകളും!
മാമല നാടിൻ  ക്ഷേമ മിതല്ലോ
                                  മലയാളിക്കെന്നും!!!
പഴയൊരു കാലം കേരളമാകെ 
                      പൂക്കൾ വിരിഞ്ഞെങ്ങും!
ഇനിയൊരു കാലം വരുവതുമില്ല
                         പൂക്കൾ നിറഞ്ഞെങ്ങും!
മറു നാടുകളിൽ വിരിയും പൂവുക-
                             ളഴകായ് തിരുമുറ്റത്ത്!
സദ്യയൊരുക്കാനതു നാമവരുടെ
                                 കാലു പിടിക്കേണം!!
ഉപ്പേരികളും,ഉപ്പിലിട്ടതും ഉണ്ടതു
                                               കടകളിലായ്;
ഉണ്ടാക്കേണോ?വീടുകളിലിന്നിവ
                                 കേരള മഹതികളും!
കാലം മാറിയ കഥയറിയാതെ 
                                  മാബലി വരുമല്ലോ!
കാണുവതെല്ലാം കേരളത്തനിമയിലാ-
                                            വൃതമാകേണം!  
കാണാം നാട്ടിൽ മലയാളത്തിൻ 
                                          വേഷപ്പകിട്ടോടെ,
കസവു നിറഞ്ഞാ നാടൻ
               സാരിയുടുത്തതു തരുണികളെ!!!
കാണം വിറ്റാൽ പോലുമിനിയിവിടെ
                                      കഴിയാൻ വയ്യല്ലോ;
കാണാമതുപോൽ'തീ'വില,ജീവിതം 
                                   വറുതിയിലാണല്ലോ!!!
                                     രഘു കല്ലറയ്ക്കൽ 
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ 
ആര്യപ്രഭ 


 

Monday, September 1, 2014

ആകാത്തത് എന്തിന്??

         ആകാത്തത്,എന്തിന്?
ആകാമിതെത്രതന്നാകാമിതെന്നാലും,
ആകാശമോളമുയരുവാനാകുമോ?
ആകില്ലയെന്നതറിഞ്ഞുനാമെല്ലാരും,
ആകെത്തിമിർത്തങ്ങതിരുവിട്ടെന്നുമേ!
ആവതില്ലാത്തൊരാൾ ആയകാലത്തിലായ്,
ആടിത്തിമിർത്തതിൻ ആവേശ ചിന്തയിൽ!! 
ആകും വിധത്തിലായല്ലാതെ കാലത്തെ,
ആക്കേണമെന്നാൽ നടക്കുമോ വല്ലതും.  
ആഹാരമാവശ്യമായതിൻ കൂടുതൽ, 
ആമാശയത്തിന്നു താങ്ങുവാനാകുമോ?
ആളോളമേറെ വലിപ്പമുള്ളൊന്നിനെ,
ആയുസ്സുമുറ്റെ ചുമന്നിടാനാകുമോ?
ആഗ്രഹങ്ങൾക്കുമളവുണ്ടു ഭൂവിതിൽ,
ആവശ്യമത്രയറിഞ്ഞുമുന്നേറണം!!
ആർക്കുതന്നാകിലുമാർഭാടമായെല്ലാം ,
ആക്രാന്തം തന്നിലുമേശാതെ നോക്കണം!!   
ആകാമിതൊക്കെയും ആവാഹമായുള്ള 
ആസ്തിക്കും കോട്ടമതേൽക്കാതെയാക്കണം!! 
ആർത്തിരമ്പും നുര ചീറ്റും തിരയുമായ്,
ആഴിയും തീരത്തു ചേർന്നു നിന്നീടുന്നു!!
ആരായിരുന്നാലും കേമത്തമേറിയാൽ;
ആകെത്തളർന്നങ്ങു ചാരത്തണഞ്ഞിടും*.    
ആകാശമേലെയിരിക്കുമോരംമ്പിളി,
ആവേശമേറ്റാൽ,പിടിപ്പതിന്നാകുമോ?
ആകാത്തതോർത്തു നാമാകുലചിന്തയാൽ-
ആകെത്തളർന്നെങ്കിൽ ആകുമോ വല്ലതും?!!!!!!!
                                                    രഘു കല്ലറയ്ക്കൽ 
*ഭൂമിയുടെ ചാരത്ത്
&&&&&&&&&&&&&&&&&&&&&&&&&&&&&&
ആര്യപ്രഭ