Thursday, July 24, 2014

പൊറുക്കുക!!!

അത്യാഹിതമായ കാരണത്താൽ ഏറെ നാൾ പ്രവർത്തന രഹിതമായിരുന്ന ആര്യപ്രഭ, പ്രശോഭിതമായ പ്രസരിപ്പോടെ തുടരും.
വിരസത അനുഭവപ്പെട്ടതിൽ പൊറുക്കുക!!!
ആര്യപ്രഭ

Wednesday, July 16, 2014

ആൾ ദൈവങ്ങൾ

ഭൂമിയിൽ മനുഷ്യൻ പരമ ശ്രേഷ്ടനാണ്!
സ്വയം ദൈവികത അവനിൽ നിറഞ്ഞു നില്ക്കുന്നു!
പക്ഷെ!എത്രപേർ അതറിയുന്നു,,,,,,,,?
അതാണ് നമ്മുടെ മഹത്വമില്ലായ്മക്കു കാരണം.
നാം നമ്മെ അറിയാതെ പോകുന്നു!!!.
ധീരമായ പ്രവർത്തികളിൽ നാം മുഴുകുമ്പോൾ, എല്ലാം മറന്നു അതിൽ മാത്രം മനസ്സ് ഉറപ്പിക്കുകയാൽ ആ പ്രവർത്തി ഭംഗിയാകുന്നു.
അതിലൂടെ നാം തൃപ്തരാകുന്നു.
പ്രവർത്തി ഭംഗി യാക്കാൻ സഹായിച്ച ഘടകം നമ്മുടെ തെളിഞ്ഞ മനസ്സാണെന്ന് നമുക്കറിയാമെങ്കിലും,ദൈവസഹായം കൊണ്ടെന്നു സമാധാനിക്കുകയാണ് പതിവ്.
ഒരുപക്ഷെ!ദൈവസഹായം എന്നതു സത്യമാണ്,
അത് നമ്മുടെ മനസ്സിന്റെ ഏകാഗ്രത ഒന്നുമാത്രമാണെന്ന് നാം തിരിച്ചറിയണം!.
അതിലൂടെ മനസ്സിനെ ബലപ്പെടുത്താനുള്ള ശ്രമവും ആവശ്യമാണ്‌!
മനുഷ്യരിൽ ബഹുഗുണ സമ്പന്നത നിലനില്ക്കുന്നു.
ഒരാളിലെ കഴിവ് മറ്റൊരാളിൽ കാണാൻ കഴിയുന്നില്ല.
അതുകൊണ്ടാണ് അറിവുകളും,കഴിവുകളും വളർത്താൻ കൂട്ടായ്മ വേണം എന്ന് ശഠിക്കുന്നത്.
എന്നാൽ സ്വഭാവത്തിലും,പ്രവർത്തിയിലും,
സംസാരത്തിലും  ശരാശരി എല്ലാരും ഒരുപോലെ കാണപ്പെടുന്നു.
ആ ഒരാളിൽത്തന്നെ പലവിധകഴിവുകൾ നിറഞ്ഞിരിക്കുന്നതും നാം മനസ്സിലാക്കണം. എല്ലാരിലും ദൃഡതയുള്ള മനസ്സും ഒളിച്ചിരിക്കുന്നു!!.
പ്രയോഗത്തിൽ വരുത്തുകയാണ് വേണ്ടത്.
തൻറെ മനസ്സു് നാം  കണ്ടെത്തിയാൽ അന്ധവിശ്വാസങ്ങളിൽ നിന്നും,അനാചാരങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയും.
ദൈവവിശ്വാസം  അഹങ്കാരത്തെ അകറ്റാൻ പോന്ന അമൃതാണെന്നു കരുതുക!!
എത്ര അറിവുള്ള മനുഷ്യനും വന്നു ചേരുന്ന അപക്വതയാണ് അഹങ്കാരം!
അഹങ്കാരം മറന്നാൽ അറിവു വളരും.
വിശ്വാസങ്ങളിലും നാം ചഞ്ചലരാണ്, 
ഉറച്ച വിശ്വാസം നമുക്കന്ന്യമാണ്.
പരസ്പരം പാരവൈയ്ക്കുന്നതും നാം തന്നെ.
മനുഷ്യനെ,മനുഷ്യനല്ലാതെ മറ്റാരെങ്കിലും പറ്റിച്ചിട്ടുണ്ടോ?
മനുഷ്യനെ പറ്റിക്കാൻ ഭൂമിയിൽ,മനുഷ്യൻറെ ചെറു നിഴലിനു പോലും കഴിയും!
അത്രമാത്രം ദൌർബല്യം അവനിൽ നിറഞ്ഞു നില്ക്കുന്നു.
എന്നാൽ ദൈവതുല്യമായ ദൃഡത മനുഷ്യനല്ലാതെ മറ്റാർക്കാണ്ഉള്ളത്?.ദൈവങ്ങളെ സൃഷ്ടിച്ചത് മനുഷ്യൻ തന്നെയാണ്.
മനുഷ്യമനസ്സിന്റെ ചാഞ്ചാല്യം ഒന്നുതന്നെയാണ് നമ്മുടെ ദൈവങ്ങളുടെ ബാഹുല്യങ്ങളിലും കാണുന്നത്.'മുപ്പത്തിമുക്കോടി'ദേവതകൾ നമ്മുടെ മനസ്സിനെ കാക്കാൻ നമ്മോടൊപ്പം കരുതിയിരിക്കുന്നു!!!
തൃപ്തി വരുവോളം ഏതു ദൈവത്തേയും ആശ്രയിക്കാം!അന്ധവിശ്വാസങ്ങൾക്ക് വഴിതുറക്കുന്നവർക്ക്‌ ദൈവത്തോടൊപ്പം തന്നെ അനാചാരങ്ങളും,ക്ഷുദ്രവാസനകളും പ്രചരിപ്പിക്കാനും കഴിയുന്നു.ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ നടുക്കടലിലെ രക്ഷാമാർഗ്ഗം വൈക്കോൽ തുരുമ്പെന്നപോലെ പകർന്നു കിട്ടുന്ന അസത്യങ്ങൾ സത്യങ്ങളായി വിശ്വസിക്കുന്നു.
ഒന്നിലും ഉറയ്ക്കാത്ത മനസുമായി നമ്മൾ ആൾദൈവങ്ങൾക്ക് പിന്നാലെയും പോകുന്നു.
തളർന്ന മനസ്സിൽ ഏതു വിഷയവും കലരാൻ എളുപ്പമാണ്.ചിന്താ ശക്തി നഷ്ടപ്പെടും.
ആകുലതയിൽ,ആശ്വാസമാണ് മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത്. 
അതുകിട്ടാൻ സ്വന്തം മനസ്സിലേക്ക് നമ്മുടെ ചിന്തകളെ കൊണ്ടുവന്നു സമാധാനമായി,ചുറ്റുപാടുകളെ വിലയിരുത്തുമ്പോൾ നാം ആരാണെന്നു  മനസ്സിലാകും.
തുടർന്നുള്ള പ്രവർത്തിയിൽ വിജയിക്കുകതന്നെ ചെയ്യും,സാമധാനവും കൈവരും..
ബുദ്ധിയും,വിവേകവും നമ്മുടെ മനസ്സിന്റെ സഹോദരങ്ങളായി കൂട്ടിനുണ്ടെങ്കിൽ,തീർച്ചയായും ഉണർവ്വുള്ള മനുഷ്യന് തന്റെ മനസ്സിനെ കാണാൻ കഴിയും.ക്ഷമയും,ചിന്തയിലൂടെയും താനാരാണെന്ന് തിരിച്ചറിയാൻ കഴിയും. 
കഴിവുകൾ മനുഷ്യന്റെ കൂടെപിറപ്പാണ്,
അതുപോലെ ദൗർബല്യവും.
എല്ലാരിലും കഴിവുകൾ ഒരുപോലെ തന്നെയാണ്,പക്ഷെ വികസിപ്പിക്കാൻ കഴിയണം.
മനുഷ്യൻ പുതുമയ്ക്കുവേണ്ടി  മനസ്സ് തുറന്നിരിക്കുകയാണ്.
പരിണാമ ദിശയിലെ മനുഷ്യൻ മൊബൈൽ ഫോണോ,ഇന്റെർനെറ്റോ സ്വപ്നം കണ്ടിട്ടുണ്ടോ?
ഒരുപക്ഷെ!പ്രാകൃത മനുഷ്യന്റെ അംശ പരമ്പര തന്നെയാണ് ഇതെല്ലാം കണ്ടെത്തിയത് എന്ന് നാം അഭിമാനത്തോടെ  മനസ്സിലാക്കണം.
പരിണാമത്തിലൂടെ മനുഷ്യൻ ആയതിനു ശേഷവും അവന്റെ കഴിവിനേക്കാൾ,അവൻ  ഭയന്നതു അവൻറെ കഴിവില്ലായ്മയെ ആയിരുന്നു!!.
അതിനു ബലമേകാൻ അവൻ ദൃശ്യമായ പ്രകൃതിയെ ആശ്രയിച്ചു,ആരാദിച്ചു.
കാറ്റിനേയും,തീയെയും,ജലത്തെയും ആശ്രയിച്ചു.
ഇതെല്ലാം അവ്ശ്യമുള്ളവയുമാണ്!ഭയം മൂലം ഇവയെ ആരാധിച്ചു.
ആ ആരാധനയിൽ ഭയം തീരാത്തവർ ഉദിച്ചു ഉയരുന്ന സൂര്യനെ നമസ്കരിച്ചു.
സൂര്യനും ആരാധനാമൂർത്തിയായി.അതിലും തൃപ്തി വരാത്തവർ പലവിധ രൂപങ്ങൾ ആരാധനയ്ക്കായി ഒരുക്കി.
ആകൃതിയില്ലാത്ത കല്ലുകൾ ആരാധനയ്ക്ക് ഉപയോഗത്തിൽ ഉണ്ടായി.
തുടർന്ന് കല്ലുകൾക്ക് രൂപങ്ങളുണ്ടായി.
ഒരുതലമുറ ഒരുക്കുന്ന ആചാരങ്ങൾ അടുത്തതലമുറ അതിലും ബലവത്തായി മുറുകെ പിടിച്ചു.
ക്രമേണ ആരാധനാലയങ്ങൾ ഉയർന്നു!.
 മനുഷ്യൻറെ രൂപങ്ങൾ ദൈവങ്ങൾക്കും ഉണ്ടായി!.
തന്റെ പൂർവികരെ ആദരിക്കുകയും,
ബഹുമാനിക്കുകയും ചെയ്യുന്ന തലമുറക്കാർ,പഴയതിലും മനോഹരമായ ആരാധനാക്രമങ്ങൾ സൃഷ്ടിച്ച്മുന്നേറി.
പുതു തലമുറയ്ക്ക് പഴയ ആചാരങ്ങളെ തള്ളിക്കളയാൻ കഴിയാത്തവിധം മനുഷ്യൻ മാറി.
പൂർവ്വികരെ ആദരിക്കുകയും,ബഹുമാനിക്കുകയും ചെയ്യാനുള്ള മനസ്സും ഇതിലൂടെ നേടി.
ഭയം എന്നും മനുഷ്യനെ ഭരിക്കുന്ന അഞ്ജാത ശക്തിയായി നിലകൊണ്ടു. 
അഹങ്കാരം വളരാതിരിക്കാൻ ദൈവം കൊടുത്ത വരദാനമാണ് അവൻറെ ഉള്ളിലെ ഭയം.!
അറിവ് പൂർത്തിയാക്കിയ ഒരു മനുഷ്യനും ഭൂമിയിൽ അവതരിച്ചില്ല,അറിവുകൾ അനേകരിലേക്കു പകുത്തുനൽകി ദൈവം മനുഷ്യനെ ആശിർവദിച്ചു.പലരുടെ കൂട്ടായ്മ അതിലൂടെ നാം അനുഭവിക്കുന്നത്.
അന്ധവിശ്വാസങ്ങൾക്ക് പിറകെ പായുന്ന മനുഷ്യനെ,
പരിണാമദിശക്ക്മുമ്പുണ്ടായിരുന്ന ആദിമമനുഷ്യർ കണ്ടിരുന്നെങ്കിൽ?പരിഹസിച്ചേനെ!
വിഗ്രഹാരാധനയെ ചെറുത്ത പുണ്ണ്യ പുരുഷൻറെ രൂപവും ഇന്നു നാംപൂജിക്കുന്നു.!!
ഇന്നത്തെ ആൾ ദൈവങ്ങൾ ഒരുപക്ഷെ!അന്നത്തെ ദൈവങ്ങൾക്ക് സമന്മാരായിക്കാം.
ലോകത്തിൽ നാനാ തുറകളിലും പുതിയ മനുഷ്യ ദൈവങ്ങൾ ജന്മം കൊള്ളുന്നു.മനുഷ്യരിൽ ബുദ്ധി,കഴിവ്,വിവേകം,വാക്ച്ചാതുരി,തളരാത്ത മനസ്സ് ഇതു തികഞ്ഞവർ,തന്ത്രപരമായി മനുഷ്യരെ തൻറെ മനശക്തിക്ക്  മുന്നിൽ കീഴ്പ്പെടുത്തും.
അതിലൂടെ അവർ ആനന്ദം കണ്ടെത്തും,ആ ലഹരിയുടെ ആലസ്യവും,പല മാനാസിക ചാപല്യങ്ങളും,ശ്രദ്ധിച്ചാൽ കാണാൻ കഴിയും. അത് നമ്മൾ ദൈവികതയായി ധരിച്ചു അവരുടെ പാദങ്ങൾ കഴുകി,
സർവ്വപൂജ്യപരബ്രഹ്മമായിക്കണക്കാക്കുന്നു..
അവരുടെ കുറ്റങ്ങൾ കാണാൻ നമുക്കു മനസ്സനുവദിക്കില്ല.തോന്നിയാൽ പാപമാണെന്നു നാം ധരിക്കും..
അവർ  പറയുന്നത് അനുസ്സരിക്കാൻ നാം സധാ സന്നദ്ധരായി അവർക്ക് ചുറ്റും വലംവക്കും?.
ബുദ്ധിമാന്മാരായ ആൾ ദൈവങ്ങൾ മനുഷ്യകൗശലം പരമാവുധി സാധാരണ മനുഷ്യരിലേക്ക് സന്നിവേശിക്കുമ്പോൾ,അത്ഭുത പരതന്ത്രരാകുന്ന സാധാരണക്കാർ ആശ്ചര്യത്തിൽ മയങ്ങി അവരിൽ ലയിക്കുന്നു.മാജിക് അറിയാത്തവർ അതുകാണുമ്പോൾ അത്ഭുത പരതന്ത്രരാകാറുണ്ട്.
ആഞ്ഞ്ജാശക്തിയും,മനശക്തിയും ഏകാഗ്രമാക്കിയ അവർ മനുഷ്യവലയത്തെ ആവാഹിക്കാൻ കരുത്തുള്ളവരാകുക ആയിരിക്കും ഫലം.
ജനങ്ങളുടെ ആവേശവും അടുപ്പവും,അവരെ കൂടുതൽ ശക്തരാക്കും,ആഘോഷകരമായ അന്തരീക്ഷം അവർക്കായി നാം അറിയാതെ ഒരുക്കുക തന്നെയാണ്.
മനസ്സിലുള്ള ആരാധന വർദ്ധിക്കുംതോറും അവർ പറയുന്നത് തെറ്റായാൽ പോലും,
നാം സംശയിക്കാതെ വിശ്വസിക്കും.ക്രമേണ നമുക്ക് സത്യമായി തോന്നും.എതിർത്തു പറയുന്നവരെ നമ്മൾ വെറുക്കും.സർവ്വാന്മനാ നാം അനുസ്സരിക്കും.
ഈ ഉറച്ചവിശ്വാസമാണ് മനുഷ്യശക്തി!നമ്മിൽ കൊടികൊള്ളുന്ന ശക്തി നാം ദൈവികത സൃഷ്ടിക്കുന്നവർക്ക്  കൽപ്പിച്ചു  നല്കുന്നു.
അവർ അധിശക്തരാകുന്നു.അവർ സമ്പാദനത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്നു.
മനുഷ്യരിലുള്ള വിശേഷസ്വഭാവം നാം തിരിച്ചറിയണം, മറ്റുള്ളവർ ചെയ്യുന്ന എന്തും അതെ വിധമല്ലെങ്കിൽ പോലും,അനുകരിക്കാൻ തയ്യാറാണ്.
ഒരാൾ പത്തുപ്രാവശ്യം ചെയ്യുന്ന കാര്യം ലാഭേശ്ച്ച ഇല്ലെങ്കിൽ പോലും,അതുപോലെ ചെയ്യാൻ കാണിക്കുന്ന വാസന പലരിലും ഉണരുന്നു..
അനേകർ ഒരുപോലെ ആവർത്തിക്കുന്ന ഏതാചാരവുംവളരാൻ  മനുഷ്യമനസ്സുകളിൽ വളക്കൂർ ഏറെയാണ്!!മദ്യപാനവും ഒരു ഉദാഹരണമാണ്.
ഒരുലാഭാവും ഉണ്ടായിട്ടല്ല,"പക്ഷെ!അവിടെ ചെന്നാൽ മനസ്സുഖം ഉണ്ട്!"നാം പലപ്പോഴും കേൾക്കുന്ന വാക്കുകളാണ്.ഈ മനസ്സുഖം സ്വയം അറിഞ്ഞു സൃഷ്ടിക്കുകയാണ് നാം ചെയ്യേണ്ടതും.
കപടതയിൽ ലയിച്ചു, അവരുടെ ആത്മസുഖത്തിനായി നാം ഒത്തുകൂടി അവരെ സന്തോഷിപ്പിച്ചു ദൈവമാക്കി,ആരാധിക്കുന്നു.
അതിലൂടെ നാം ഒന്നുമല്ലെന്ന തോന്നൽ തന്നെയാണ് അവരെ വലുതാക്കുന്നതും.
അവിടെ നാം വായു നഷ്ടപ്പെട്ട ബലൂണ്‍ പോലെ,പൂർണ്ണമായും ശൂന്ന്യമാണ്.
വ്യക്തിത്വം ചോർന്നുപോകുന്നത് അറിയാമെങ്കിൽ പോലും നാം ആ അന്തരീക്ഷത്തെ സ്നേഹിക്കുന്നു. വ്യക്തിത്വം നഷ്ടപെടുത്തിയുള്ള ആരാധനയിലുള്ള മനസ്സുഖമല്ല നമുക്ക് വേണ്ടത്!അതിലുപരി തൻറെ മനസ്സുകണ്ടെത്തി സത്യം മനസ്സിലാക്കി,
സമൂഹത്തിനു കഴിവതു നന്മ ചെയ്യുന്ന മനുഷ്യരാകുകയാണ് വേണ്ടത്!അതിലൂടെ ദൈവത്തെ നമുക്ക് അടുത്തറിയാൻ കഴിയും.
ഒരു നേരം ആഹാരം കഴിക്കാൻ കിഴിവില്ലാത്ത വിശന്നുവലയുന്ന അനേകരെ തൻറെ ചുറ്റുപാടും കണ്ടുകൊണ്ടു തന്നെ ചിലർ ആൾ ദൈവ സന്നിധിയിൽ ധന,ധാന്ന്യങ്ങൾ കുന്നുകൂട്ടി സമർപ്പിക്കുന്നത്,അവരോടുള്ള വിശ്വാസത്തിൻറെ ആഴമാണ്കാണിക്കുന്നത്.
അയൽവക്കത്തുള്ള പട്ടിണിപാവങ്ങൾക്ക് ഒരുനേരം ഭക്ഷണം കൊടുക്കാൻ അവർതയ്യാറല്ല.
കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങളിൽ പലതും അനുഗ്രഹത്തിനായി അർപ്പിക്കുന്നു?
കപടത നിറഞ്ഞമനസ്സുള്ള അവതാരങ്ങൾക്കു  ഇതെല്ലാം ഒരു തമാശ മാത്രമാണ്!
അർപ്പിക്കുന്നവർ മത്സരബുദ്ധിയോടെ ആണെന്നതും നാം മനസ്സിലാക്കേണ്ടതാണ്.അതിലും ഒരു കാപട്യത്തിന്റെ മുഖമില്ലേ?
എന്നാൽ പട്ടിണി പാവങ്ങൾ വയർ നിറയുമ്പോൾ ആഹാരം കൊടുത്തവർക്ക് നല്ലതുവരാൻ, അവർ ആഗ്രഹിക്കും.
അവരുടെ നിറഞ്ഞ മനസ്സാണ് ദൈവം!!!
ദൈവം ഭൂമിയിൽ നിറഞ്ഞുനില്ക്കുന്ന അദർശ്യ ശക്തിയാണ്!പ്രപഞ്ചശക്തിയാണ്!
അത് നമ്മുടെ പ്രവർത്തിയിലും,സംസാരത്തിലും നിറഞ്ഞുനില്ക്കുന്നു.
ശില്പിയുടെ മനസ്സിലെ രൂപം പോലെയും, ചിത്രകാരൻറെ  മനസിലെ ചിത്രം പോലെയുമാണ്.
എവിടെയും ദൈവത്തെക്കാണാം,പക്ഷെ!തയ്യാറുള്ള മനസ്സുവേണം!!നാം തികഞ്ഞവൻ എന്ന ധാരണ കളയണം!
നാം കൈക്കുള്ളിൽ താക്കോൽ വച്ചു കൊണ്ട് താക്കോൽ അന്യോഷിക്കുന്നതു പോലെ യാണ് ദൈവത്തെ അന്യോഷിച്ചുള്ള നമ്മുടെ പരക്കംപാച്ചിൽ.
ആകുലതയിൽ മറ്റെല്ലാർക്കും മുമ്പേ, ആദ്യം എനിക്ക് അനുഗ്രഹം കിട്ടണമെന്ന മോഹവും നമ്മോടൊപ്പം കുടികൊള്ളുന്നു.
പരിണാമ ദിശയിലെ മനുഷ്യൻ ആകുലത ലേശം ഇല്ലാത്ത പരമപാവമായിരുന്നു,
അഹങ്കാരലേശമില്ലാതെ തൻറെ ശക്തിയിൽ തൃപ്തനായിരുന്നു.! .എന്നാൽ ആധുനീക മനുഷ്യൻ ശക്തനാണ്.ആകുലതയിൽ സമ്പന്നനും.അറിവിന്നു കൂട്ടായി അഹങ്കാരവും,അന്ധവിശ്വാസങ്ങളും  അവനോടൊപ്പം വളരുന്നു.ചന്ദ്രനിലും,ചൊവ്വയിലും പറന്നുയരുന്ന മനുഷ്യൻ ഭൂമിയിലെ പലതുംകണ്ടെത്താനും,മനസ്സിലാക്കാനും ഇനിയും കഴിഞ്ഞിട്ടില്ല.
അനേകകോടി സൗരയുഥങ്ങളിലെ, അനേകകോടി ഗ്രഹങ്ങളിലെ മനോഹരിയും,സൗമ്യശീലയുമായ ഭൂമിയിൽ മനുഷ്യനായി ജന്മം കൊള്ളാൻ നമുക്ക് കഴിഞ്ഞതിൽ മനുഷ്യൻ ശ്രേഷ്ടൻ തന്നെയല്ലേ?
കഴിവതും നമുക്ക് സഹജീവികളോട് വൈര്യം വെടിഞ്ഞു,സമത്വ ചിന്തയോടെ വർത്തിക്കാൻ വേണ്ട മനസ്സുണ്ടാക്കുക!അതിലൂടെ സാക്ഷാൽ ദൈവം നമുക്ക് കൂട്ടായ് നമ്മോടൊപ്പം ഉണ്ടാകും.
അലസ്സത വെടിഞ്ഞു,മനസ്സ് തുറന്നു നന്മകൾ മനസ്സിൽ നിറച്ചാൽ, നമുക്കുചുറ്റും ദൈവസാന്നിദ്ധ്യം അനുഭവപ്പെടുന്നത് കാണാം .നന്മചെയ്യുമ്പോഴുള്ള മനസ്സുഖം അതിലുള്ള ആനന്ദം, അതുതന്നെയാണ് ദൈവ സാന്നിദ്ധ്യം!!!.നമുക്കുംആശ്രയിക്കാൻ ദൃഡതയുള്ള ഒരു മനസ്സുണ്ടെങ്കിൽ ദൈവം അതിൽ നിറഞ്ഞു ചിരിക്കും,  അദർശ്യമായ ദൈവ സാന്നിദ്ധ്യം മനം നിറഞ്ഞു ഉൾക്കൊള്ളുക!!! 
ശ്രമിക്കാമെങ്കിൽ ദൈവം നമ്മിലും നിറയും തീർച്ച !!!!!!! 
സമാധാനം.....സധാ.....സാഹോദര്യവും നിറയട്ടെ!!!!
                                     രഘു കല്ലറയ്ക്കൽ
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ