Wednesday, September 30, 2015

നിസ്സംഗത്വം...........!!(2)

നിസ്സംഗത്വം...........!!(2)
.............തുടർച്ച 
തീവണ്ടിയിലെ യാത്ര...!മദ്യലഹരിയിൽ സത്യാനന്ദൻ ആസ്വധിക്കുകയായിരുന്നു.
ദിവസങ്ങൾ പലതു കഴിഞ്ഞു കൈയ്യിലെ മദ്യവും, പണവും തീർന്നു.
തല്ലിയിറക്കിയ ഭാര്യയെ ഓർക്കാൻ അയാൾക്കു താൽപ്പര്യമില്ല.ഓർമ്മയിൽ മാറാല വീണ മനസായിരുന്നു സത്യാനന്ദനിഷ്ടം...........
സ്നേഹത്തിന്റെ നീർച്ചാലുകൾ വറ്റിവരണ്ട,സ്വാർത്ഥതയുടെ ആൾ രൂപമായിരുന്നു സത്യാനന്ദൻ. ദിവസങ്ങളായി മദ്യപാനം ഇല്ലാത്തതിനാൽ,മദ്യം ശരീരത്തെ വിട്ടകന്ന ഓർമ്മകൾ തിരിച്ചുവന്നു.
എങ്കിലും പലതും മറവിക്കുള്ളിൽ ഒതുക്കാൻ അയാൾ ശ്രമിച്ചു.
തിരക്കുള്ള റെയിൽവേ സ്റേറഷണിൽ വണ്ടി നിന്നു. താൻ വളരെ ദൂരം സഞ്ചരിച്ച് ബോംബേ എന്ന മഹാ നഗരത്തിൽ എത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം അയാളറിഞ്ഞു..
മറ്റൊന്നും ഓർക്കാതെ തൻറെ രക്ഷ മാത്രമായിരുന്നു ലക്‌ഷ്യം.
ഭാര്യയെ മറന്ന സത്യാനന്ദനു തൻറെ അകന്ന ബന്ധു കല്യാണിൽ താമസിക്കുന്നത് ഓർമ്മയിൽ തെളിഞ്ഞു.
അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി.
അഡ്രസ്സ് അറിയില്ല പേര് അറിയാമെന്നല്ലാതെ ആളെ കണ്ടാൽപോലും അറിയില്ല.
എന്തായാലും കല്യാണിലേക്ക് പോകാൻ തീരുമാനിച്ചു.ആദ്യം കണ്ട ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു,ഓട്ടോ പഞ്ഞുകഴിഞ്ഞു.
ഒരു ഗുഡുസു തെരുവിൽ ഓട്ടോ നിന്നു.
കയ്യിൽ ആകെയുണ്ടായിരുന്ന നോട്ട് ഡ്രൈവർക്ക്‌ കൊടുത്തു.
പണം മതിയാവാത്ത ദേഷ്യത്തിൽ ഡ്രൈവർ ഹിന്ദിയിൽ എന്തെല്ലാമോ പറഞ്ഞു.
കേട്ടഭാവം വൈക്കാതെ സത്യാനന്ദൻ നടന്നുനീങ്ങി.
മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ പാറിപ്പറന്ന  മുടിയും,ആകെ പ്രാകൃതനായ അയാളെ വിട്ട് ഓട്ടോ മറഞ്ഞു.
തെരുവിൽ ലക്ഷ്യം വച്ചുള്ള അയാളുടെ നടത്തം കണ്ടാൽ പരിചയ സമ്പന്നനെന്നേ തോന്നൂ.
കുറെ നടന്നു ഒരു കടയിൽ കയറി മലയാളത്തിൽ കരുണാകരൻ എന്ന ആളെ തിരക്കി.
ഒന്നും മനസ്സിലാകാതെ അവർ കുഴങ്ങി.
ഭാഷ മലയാളമാണെന്ന് മനസ്സിലാക്കിയ ഒരാൾ മറ്റൊരു കട കാണിച്ചു കൊടുത്തു.
മലയാളി ഒറ്റപ്പാലത്തുകാരൻ ബീരാന്റെ ചായക്കട.
പരവശനായ മലയാളിയെ കണ്ടു ബീരാൻ സാഹിബ്ബിന് സഹിച്ചില്ല.അയാൾ സത്യാനന്ദനേയും കൂട്ടി വീട്ടിലേക്കു പോയി.തന്റെ പഴയ കാല ഓർമ്മകൾ  തരുന്ന ഭാവമായിരുന്നു സത്യാനന്ദനെ കണ്ടമാത്രയിൽ.അഴുക്കുപുരണ്ട വസ്ത്രവും,വൃകൃത ഭാവവും നിറഞ്ഞു 
ഈ ബോംബെ നഗരത്തിൽ എരിവെയിലിൽ അലഞ്ഞു,പൈപ്പു വെള്ളം ആവോളം കുടിച്ചു കഴിഞ്ഞ ദിവസങ്ങൾ,കഷ്ടപ്പാടുകളുടെ വേദന കടിച്ചിറക്കിയ കാലം.
തൻറെ ആ പഴയകാലം ബീരാന്റെ മനസ്സിൽ ഓടിവന്നു. ബന്ധുവിനെ അന്യോഷിക്കുന്ന അയാൾക്ക്‌ വയറുനിറച്ച് ആഹാരം കൊടുത്തിട്ട് കാര്യം തിരക്കാമെന്നു ബീരാനും തീരുമാനിച്ചു.
ബീരാൻസാഹിബ്ബിനു മലയാളിയെ കണ്ണിൽ കണ്ടാൽ തൻറെ പഴയകാല ഓർമ്മകൾ തികട്ടിവരും.
പിന്നെ അയാൾക്ക്‌ എന്തു ചെയ്താലും പോരെന്ന തോന്നലാണ്.
ബോംബെ നഗരത്തിൽ ബീരാൻ വന്നെത്തിയത് ഒരു ചതിയിലൂടെയാണ്.
ജോലിക്കായി കൂട്ടികൊണ്ടുവന്ന നമ്പ്യാര് ബോംബെ വരെ ബീരാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു.
വിശ്വസ്തനായ നമ്പ്യാരെ സ്വന്തം ജേഷ്ട സഹോദരനെപ്പോലെയാണ് കണ്ടിരുന്നതും.
ബോംബെയിലെ പ്രശസ്ഥമായ പ്ലാസ്റ്റിക് കമ്പനിയിലെ ഉയർന്ന ഉദ്ധ്യോഗസ്ഥൻ എന്നാണ് പറഞ്ഞിരുന്നത്.
ആ കമ്പനിയിൽ നല്ല ജോലി വാഗ്ദ്ധാനം ചെയ്തു ബീരാനെ കൂട്ടി.ജീവിതത്തിൽ ആദ്യമായി നാട്ടിൻപുറം വിട്ടു യാത്ര ചെയ്യുകയാണ്. 
ബോംബെ നഗരം എത്തുന്നതിനു മുമ്പായി,ബാത്ത് റൂമിൽ പോയി തിരിച്ചുവന്ന ബീരാന്   നമ്പ്യാരെ കാണാൻ കഴിഞ്ഞില്ല.
ബോഗിയിൽ അന്യോഷണം കഴിഞ്ഞു തളർന്നിരുന്ന ബീരാൻ ഞെട്ടിപ്പോയി.
തന്റെ ബാഗും മറ്റും നഷ്ടപ്പെട്ടിരിക്കുന്നു.
പാവം, വിങ്ങിപൊട്ടികരയാനല്ലാതെ എന്തുചെയ്യാൻ.
ടിക്കറ്റ് പോലും, നഷ്ടപെട്ട ബാഗിലാണ്.
നാട്ടിൽ ഒറ്റപ്പാലത്ത് നല്ല തറവാടിയായ നമ്പ്യാർ ഇങ്ങനെ ചെയ്യുമെന്നു സ്വപ്നത്തിൽ പോലും നിനച്ചില്ല.
തീവണ്ടിയിറങ്ങിയ ബീരാൻ ജോലിക്കു വേണ്ടി മുട്ടാത്ത വാതിലുകളില്ല,
പോകാത്തവഴികളില്ല.
അലഞ്ഞു നടന്ന് തളർന്നുറങ്ങാൻ ഒരിടം ഈ പീടികയ്ക്കരികിലായിരുന്നു.
നായർ സാബ് നടത്തുന്ന ചായക്കട.
വലിയ പത്രാസുള്ള കടയല്ല.നായർ സാബ് അറിയപ്പെടുന്ന പൊതുകാര്യ പ്രവർത്തകനാണ്.
ആർക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കണ്ണിലൂടെ ആയിരിക്കും കാര്യങ്ങൾ നടക്കുന്നത്.
അന്നും കടയ്ക്കു പറ്റെ ചേർന്നുള്ള തിണ്ണയിൽ കറക്കം കഴിഞ്ഞു വന്നു കിടന്നു.സാബിനെ അറിയില്ലായിരുന്നു.
ജോലി തരപ്പെടാത്തതിലുള്ള വേവലാധിയും,
ഭക്ഷണം കഴിക്കാതെയുള്ള അലച്ചിലിന്റെ ക്ഷീണവും,പണം ഇല്ലാത്തത്തിൽ;മനസ്സിൻറെ വിങ്ങൽ എല്ലാം ചേർന്ന്തളർന്നു ഉറങ്ങി. വെളുപ്പിനെ ഉണർന്നു പോകാറുള്ള ബീരാന് അന്ന് ഉണരാൻ കഴിഞ്ഞില്ല.
മോഹാലസ്സ്യത്തിൽ കിടക്കുന്ന ബീരാനെ ഉണർത്താൻ നായർ സാബ് വളരെ പണിപ്പെട്ടു.
പരവശനായ ബീരാനെ തൻറെ വീട്ടിൽ കൊണ്ടുവന്നു ഡോക്ടറെ വരുത്തി നോക്കി.
കണ്ണുതുറന്ന ബീരാൻ ഭയന്നുപോയി.
അന്ധാളിച്ചു,കിടക്കയിൽ അസ്വസ്ഥത കാണിക്കുന്ന ബീരാനോട് സാബ് ഹിന്ദിയിൽ കാര്യം തിരക്കി.
ഹിന്ദി മനസിലാകാതെ മിഴിച്ചു കിടന്ന ബീരാനെ അടുത്തു ചെന്ന് തലോടിക്കൊണ്ട്, തൻറെ സ്വന്തം മലയാള  ഭാഷയിൽ ദൈവത്തിനു നന്ദി പറഞ്ഞു സാബ് ആശ്വസിച്ചു.
അത് കേട്ട ബീരാൻ ആശ്വാസത്തോടെ തന്റെ കഥ മുഴുവൻ പറഞ്ഞു.എല്ലാം ക്ഷമയോടെ കേൾക്കാൻ തയ്യാറായ ഒരാളുടെ സാമിപ്യം ബീരാന് സ്വർഗ്ഗതുല്യമായി.
സ്നേഹനിധിയായ സാബ് സമാധാനിക്കാൻ പറഞ്ഞു."തനിക്കു ജോലി വേണം,ഇത്രേം നാളും താൻ ഈ തിണ്ണേമ്മേൽ കെടന്നിട്ട്‌ എന്ത്യേ ഒരുവാക്ക് പറയാഞ്ഞേ......?ഇന്നു മുതല് നമ്മട കടേൽ തനിക്ക് ജോലിയുണ്ട്.താൻ ബെസനിക്കണ്ട.........!!"അത് കേട്ട ബീരാൻ പൊട്ടിക്കരഞ്ഞു....................................................
കാലക്രമേണ കടയിലെ ജോലിക്കാരൻ എനതിനുപരി കടയുടെ ചുമതല ബീരാന്റേതു മാത്രമായി. 
പിന്നീട് ബീരാൻ വളരുകയായിരുന്നു.സാബിന്റെ പിൻഗാമി എന്നനിലയ്ക്ക്‌ തെരുവിൽ ബീരാനും അറിയപ്പെട്ടു.
പരിശ്രമ ശാലിയായ ബീരാൻ
സാബിൻറെ സ്വന്തം മകൻ തന്നെയായിമാറി. ഇരുപത്തിനാലുവർഷം..............................!!!!
സാബിന്റെ താങ്ങും തണലും ബീരാനായിരുന്നു.
ബീരാനറിയാതെ ആ വീട്ടിൽ ഒന്നും നടക്കുമായിരുന്നില്ല.
സ്വന്തം നാടും,വീടും ബീരാന് ഇതുതന്നെയായി.
ബോംബെയിൽ അലഞ്ഞു തിരിയുമ്പോൾ ആകെ ഉണ്ടായിരുന്ന ഉമ്മ മരിച്ചു കഴിഞ്ഞിരുന്നു.
അറിഞ്ഞത് രണ്ടു വർഷം കഴിഞ്ഞ്.
നാട്ടിലുണ്ടായിരുന്ന മൂന്നു സെന്റു സ്ഥലവും കൂരയും ബീരാന് ജോലിക്കായി നമ്പ്യാർക്ക് പണം കൊടുത്തതിനു മാമ്മ ഉമ്മയിൽനിന്നു എഴുതിവാങ്ങിയിരുന്നു. എല്ലാം നഷ്ടപ്പെട്ട ബീരാന് സ്വന്തം നാട്ടിൽ ഒന്നുമില്ലായിരുന്നു.സ്നേഹമില്ലാത്ത മാമ്മയ്ക്ക് തന്നെ കാണുന്നതുപോലും വെറുപ്പായിരുന്നു.
ഇവിടെ ഏഴ് സഹോദരിമാരെയാണ് ദൈവം കൊടുത്തത്.
നായർ സാബിൻറെ പെണ്‍മക്കൾ. സ്വന്തം സഹോദരങ്ങളിൽ ബീരാൻ സംതൃപ്തനായിരുന്നു.അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ.അവർക്കും അങ്ങിനെ തന്നെയായിരുന്നു.അവരെ വിവാഹം കഴിപ്പിച്ചയക്കാൻ മുന്നിൽ ജേഷ്ടന്റെ സ്ഥാനത്തു ബീരാൻ തന്നെയായിരുന്നു ..
ഏഴു പേരെയും ഉയർന്ന നിലയിൽ അയച്ചതിൽ ബീരാൻറെ മിടുക്കും,സാമർത്ഥ്യവും എടുത്തു പറയാതെ വയ്യ.  
ബീരാന്റെ ഭാവിയും സാബു മനസ്സിൽ കരുതി വച്ചിരുന്നു.
ബീരാനുവേണ്ടി നായർ സാബ് ഒരു മൊഞ്ചത്തിയെ കണ്ടിട്ടുണ്ടായിരുന്നു.
ആദ്യമായി കട ബീരാന്റെ പേരിൽ എഴുതിവച്ചു.
കല്യാണവും നടത്തി.നായർ സാബ് കച്ചവടം ബീരാനെ ഏല്പ്പിച്ചു.
കടയുടെ തൊട്ടുചേർന്ന വീട്ടിൽ താമസസൗകര്യവും ഒരുക്കി.
സാബു് സ്വസ്ഥമായി വീട്ടിൽ ഇരുപ്പായി.
ആ വൃദ്ധനെ ഒരുനോക്കു കാണാത്ത ഒരുനാൾ പോലും ബീരാനില്ല;അത് ഇന്നും തുടരുന്നു.
തൻറെ കണ്ണീരിൽ കുതിർന്ന സംഭവങ്ങൾ മനസ്സിൽ നിറഞ്ഞുവന്നു........................!!!!!!
പരിസരം മറന്ന് ചിന്തയിൽ മുഴുകിയ ബീരാൻ തന്റെ മുന്നിലെ ക്ഷീണിതനെ മറന്നു പോയിരുന്നു.
ഭക്ഷണം കഴിഞ്ഞു വന്ന അയാളെ നോക്കി ബീരാൻ "അപ്പ.........നിങ്ങള് ആരെ കാണാനാ ബന്നത്......?ആളുടെ പേര് പറഞ്ഞാല് അറിയാൻ കയിയുവാ.......?അദ്ദ്രസ്സു വല്ലോം തന്റ കയ്യിലുണ്ടാ...........?........!!"
അയാൾ കാര്യങ്ങൾ വിശദമാക്കി "എനിക്ക് ഇവിടെ  ആരേയും അറിയില്ല.ബന്ധു ഒരു കരുണാകരൻ എന്ന ആൾ കല്യാണിൽ ഉണ്ടെന്നറിയാം,അയാളെ കണ്ടാലും മനസിലാകുകയില്ല.വർഷങ്ങൾക്കു മുൻപ് നാടുവിട്ടയാളാണ്,നന്നേ ചെറുപ്പത്തിൽ".
"അത് പോട്ടപ്പാ........! തനിക്ക് നാട്ടിൽ മക്കളുണ്ടല്ലാ..........?അവരുടെ ഫോണ്‍ നമ്പര് നിങ്ങടെ കയ്യിലുണ്ടാ.....?ഒന്ന് ബിളിച്ച്,നിങ്ങള് ഇവിടെ ഞമ്മടടുത്തു സുഖായി ഉണ്ടെന്ന് പറയപ്പ..........
അവരിക്ക് ആസ്വാസമാകെട്ടെന്ന്...........!!!"
"ഹാജിയാരേ"കൌശലക്കാരനായ അയാൾ ബീരാനെ സോപ്പിടാൻ വിളിക്കണ പേരാണ്.''ഞമ്മള് ഹാജി അല്ല.......കേട്ട.....!!!!''
ഒരാളോടും വിധേയത്വം കാണിക്കാത്ത അയാൾ ബീരാനു മുന്നിൽ ഭവ്യത അഭിനയിക്കുകയായിരുന്നു. "എൻറെ മക്കൾ അമേരിക്കയിലാണ്.അവരെ വിളിച്ചാൽ കിട്ടാറില്ല.രണ്ടും ആണ്‍ മക്കളാണ്.നാട്ടിൽ എല്ലാം നശിച്ചു കടം കയറി നില്ക്കാൻ വയ്യാതെ ഭാര്യ ഇറങ്ങിപ്പോയി.നിസഹായനായ എന്നെ വാടകവീട്ടിൽ നിന്നും തല്ലിയിറക്കി,ഞാനും നാടുവിടുകയായിരുന്നു.
ലക്ഷ്യമില്ലാതെ ഇവിടെ എത്തിച്ചേർന്നതാണ്.
അഭയം തരണം ദയവുണ്ടാകണം."അയാളുടെ ഭീതിതമായ വാക്കുകൾ വിശ്വസിച്ചു ബീരാൻ തൻറെ വീട്ടിലേക്ക് കൊണ്ടുപോയി.''തന്റ ബീവി ആള് കൊള്ളാല്ല...! കെട്യോന്റെ സങ്കടത്തി കൂടെ നിക്കാത്ത അവര് മുഹബത്തില്ലാത്ത ശൈത്താനാ........ഇങ്ങള് ബെശമിക്കണ്ട.....എല്ലാം ശരിയാകും."ബീരാൻ പറഞ്ഞു.
സത്യനന്ദന്റെ മക്കൾ അമേരിക്കയിൽ എന്നത് നുണയായിരുന്നില്ല.
മദ്യപനായ അയാൾ സത്യസന്ധനായിരുന്നില്ല..
വല്ലാത്ത ക്രൂരനുമായിരുന്നു.
മക്കൾക്ക് തന്തയോട് സ്നേഹം കാണിക്കാൻ പറ്റുന്ന മനസ്സ് പാകപ്പെടുത്താൻ മറന്ന പിതാവായിരുന്നു.സ്വന്തം കൈകളിൽ വളർന്നവരായിരുന്നില്ല,കുഞ്ഞുപ്രായത്തിൽ ഹൊസ്റ്റലിൽ കഴിഞ്ഞു പഠിച്ചവർ,മാതൃ,പ്‌ഋതൃസ്നേഹം അറിയാത്തവർ.മക്കളെ പോലും മറന്ന് 
പിതാവിനു വേണ്ടി മാത്രമായ മാതാവും.ഭാര്യ അമിതമായി സ്നേഹിക്കുമ്പോഴും അകന്നു നിന്ന് അമറുന്ന സ്നേഹം വറ്റിയ അധമൻ.
മക്കൾക്ക് അകമഴിഞ്ഞ സ്നേഹ വാത്സല്യങ്ങൾ കൊടുക്കാൻ മറന്നവർ..ലാളിക്കാൻ ഒരുമ്പെടാത്തവർ.!!!!.മാതാപിതാക്കളിൽ സ്നേഹത്തിന്റെ കണിക കാണാത്തവർ തങ്ങളുടെ ഭാര്യമാരിൽ നിന്നും പലതും അറിഞ്ഞു അനുഭവിച്ചു കഴിയുന്നവർ.സ്വന്തം എന്നത് അവർക്ക് അനുഗ്രഹിച്ചു കിട്ടിയതു ഇപ്പോഴാണ്.ആരേയും മറക്കുംവിധം അവർ വേണ്ടവിധം അനുഭവിക്കുന്നു.
അമേരിക്ക എന്ന അതിവിസ്തൃതമായ രാജ്യത്തിൽ രണ്ടറ്റങ്ങളിൽ  വസിക്കുന്ന സഹോദരങ്ങൾ പരസ്പരം കണ്ടിട്ടു കാലങ്ങളായി.
പണ്ടെങ്ങോ അത്യാവശ്യത്തിനു ഫോണിൽ വിളിച്ചതല്ലാതെ ഇന്നുവരെ വിളിച്ചിട്ടുപോലുമില്ല.
അമ്മയേയും അച്ഛനേയും എന്നേ മറന്നു.
ഒന്നും മനപ്പൂർവ്വമായിരുന്നില്ല.ഇവിടത്തെ ടൈംടേബിൾ തുടരുക...തന്നെയായിരുന്നു.!!
അത് കൃത്യമായി നടപ്പാക്കണമെങ്കിൽ മറ്റൊന്നിനും സമയം കിട്ടാറില്ല.
മലയാളികൾ സകല സമയവും ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു.ഓഫീസ് കഴിഞ്ഞാൽ വീട്ടിലും. 
കാരണം സമ്പന്നതയിൽ വന്നവരല്ല,ദരിദ്രരായി ഇവിടെ എത്തിച്ചേർന്നു,ജോലി ചെയ്തു സമ്പാദ്യങ്ങൾ ഉണ്ടാക്കാൻ പെടാപ്പാടു പെടുകയാണ്.
സായിപ്പിനെ പോലെ കിട്ടുന്നതിൽ തൃപ്തി പൂണ്ടു,സമ്പാദ്യത്തിൽ ശ്രദ്ധയില്ലാതെ,ഉള്ള ഡോളർ ധൂർത്തടിച്ച് ജോലി ചെയ്തില്ലങ്കിൽ പട്ടിണിയാകുന്ന അവസ്ഥ മലയാളി ഉണ്ടാക്കാറില്ല.
സമ്പാദ്യം കരുതലായി അവൻറെ മനസ്സുനിറയെ ഉണ്ടാകും.
അത്യദ്ധ്വാനം മൂലം ആരെയും ശ്രദ്ധിക്കാൻ അവനു കഴിഞ്ഞെന്നുവരില്ല,ഒരുപക്ഷെ സ്വന്തക്കാരുപോലും വെറുത്തു വെറുത്തു പോയിരിക്കാം.
താൻ കഴിഞ്ഞപോലെ തൻറെ മക്കൾ ആവരുത്,സമ്പന്നന്മാരായി അവർ അറിയപ്പെടാൻ, വിശ്രമമില്ലാതെ കഷ്ടപ്പെടുകയാണ്.
അതിലേറെ അവരെ സ്നേഹിക്കാനും സമയം കണ്ടെത്തുന്നു..
സായിപ്പുമാർ ആറുമാസം ജോലി ചെയ്തു കിട്ടുന്ന ഡോളറുമായി സുഖവാസ കേന്ദ്രങ്ങളിൽ അന്തിയുറങ്ങിയും,ഉല്ലസിച്ചും അടുത്ത ആറുമാസം കഴിക്കുന്നു.
സകലതും തീർത്ത്‌ വീണ്ടും ജോലിയിൽ ഏർപ്പെട്ടു അതേ പ്രക്രിയ തുടരുന്നു.
കരുതൽ ഒന്നുമില്ലാത്ത സായിപ്പിനെ പോലല്ല മലയാളികൾ അമേരിക്കയിൽ സമ്പന്നരാണ്.
പക്ഷേ !നേടിയത് പോരാ എന്ന മനോഭാവം മലയാളിക്ക് മറക്കാൻ കഴിയാത്ത ശീലമായതിനാൽ അവൻ എല്ലാം മറന്ന് തൻറെ അദ്ധ്വാനം തുടരുന്നു.
നാടിനേയോ,വീടിനേയോ,അച്ഛനമ്മമാരെയോ മറന്നിട്ടല്ല.സമയം ഒന്നിനും തികയുന്നില്ല.
തുടരും ----------------------രഘു കല്ലറയ്ക്കൽ----------
ആര്യപ്രഭ 

Saturday, September 26, 2015

നിസ്സംഗത്വം......!(1)

നിസ്സംഗത്വം..........!(1)
ർത്താവിന്റെ പീഡനം സാവിത്രിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.
അടികൊണ്ടു തടിച്ചു വീർത്ത മുഖവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളും,നീറിപ്പുകയുന്ന മനസ്സുമായി അവൾ നിന്നു തേങ്ങുകയാണ്..
നാണക്കേട്‌ ഭയന്ന് കരച്ചിലടക്കി ഭാര്യയെന്ന മഹാപ്രതിഭ!..
അടയ്ക്കപ്പെട്ട വാതിലിനു പുറത്ത് ആകാശത്തിൻ കീഴിൾ ആശ്രയം ഇല്ലാതെ മൗനിയായി വേച്ചു വേച്ചു നടന്നു നീങ്ങി..
ഇരുട്ടിൻറെ നിശബ്ദ്തയിൽ ചീവീടുകളുടെ ആരവം ഭയാനകമായിരുന്നു.
മഹായജ്ഞത്തിലെ ജേതാവിൻറെ സംതൃപ്തിയിൽ  ഭർത്താവ് മദ്യലഹരിയുടെ ആലസ്യത്തിൽ,
രാത്രിയുടെ നിശ്ചലതയിൽ തൻറെ വീര,ശൂര പരാക്രമത്തിൽ സത്യാനന്തനു തികഞ്ഞ നിസ്സംഗത!!!!
കഴിഞ്ഞതെല്ലാം അയാൾ മറന്നിരുന്നു!!!!!!!!!
വേച്ചുവേച്ച്‌ പോകുന്നത് എവിടേയ്ക്കെന്നു സാവിത്രി അറിഞ്ഞിരുന്നില്ല.കടൽ തിരയിലെ കരിയില പോലെ, സാഹചര്യങ്ങളെ അറിയാതെയുള്ള ഒഴുക്കായിരുന്നു.എല്ലാവരും കരുതലോടെ കാണുന്ന വീട്ടമ്മയാണ് സാവിത്രി.
ഉറ്റവരും ഉടയവരും ഇല്ലാതല്ല,സമൃദ്ധിയിൽ അവരെ വേണ്ടുവോളം സഹായിച്ചിട്ടുള്ളവളാണ്‌,ഭർത്താവിൻറെ പ്രവർത്തിമൂലം എല്ലാവരും വെറുത്തു.
സത്യാനന്തനെ എല്ലാവരും വെറുക്കുമ്പോഴും സാവിത്രി ജീവനെക്കാളേറെ സ്നേഹിച്ചു.
അയാൾ അവളിൽ സുഖസുഷുപ്തി മാത്രമേ കണ്ടിരുന്നുള്ളൂ.ആരേയും സ്നേഹിക്കാൻ അയാൾക്ക്‌ കഴിയുമായിരുന്നില്ല.
ഇപ്പോൾ ഒറ്റയ്ക്കായ അവൾ കൂരിരുട്ടിൽ ലക്ഷ്യമില്ലാതെ അലയുന്നു..
ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ച കുറ്റമാണ് അവളുടെ ശാപം.
സമ്പത്തിന്റെ കുറവ് അവൾക്കുണ്ടായിരുന്നില്ല.
സമ്പന്നനായ അച്ഛന്റെ മൂത്തമകൾ,സ്നേഹമതിയായ ഒരേഒരു അനുജത്തി.
അവളെ സ്നേഹിക്കാൻ വെമ്പുന്ന അവർക്ക് വിലങ്ങുതടിയായിരുന്നു സത്യാനന്തൻ.
ച്ഛന്റെയും,അമ്മയുടെയും മരണശേഷം അവളുടെ ജീവിതം നൂലു പൊട്ടിയ പട്ടംപോലെ കറങ്ങുകയാണ്.
ജീവിതത്തിൽ ഇതുവരെ മനസുഖമെന്നു പറയാൻ കഴിയില്ലെങ്കിലും,പുറമേ അന്തസ്സ് കാട്ടി സമൂഹത്തിനു മുന്നിൽ ചിരിച്ച മുഖത്തോടെ കഴിഞ്ഞിരുന്നു.
സ്നേഹിക്കുമ്പോഴും പീഡനം മാത്രം നല്കുന്ന സ്നേഹം തിരിച്ചറിയാത്ത ഭർത്താവ്.
ഉള്ളിൽ മനസ്സ് നീറി പുകയുന്നത് സ്വന്തക്കാർ പോലും കണ്ടിരുന്നില്ല.
വിവാഹം കഴിഞ്ഞു വിദേശത്തു സമൃദ്ധിയുടെ കൊടുമുടിയിൽ കഴിയുന്ന മക്കൾ പോലും അറിഞ്ഞിട്ടില്ല,അറിയിച്ചിട്ടുമില്ല.ഇനി അവർക്ക് അമ്മയെ തന്നെ വേണ്ടിവരില്ല.ദുഖഭാരം അമിതമായി തലയിലേറ്റി തളർന്നു.
ഇനി അതിനും കഴിയാത്തവിധം അപമാനത്തിൻറെ അകത്തളത്തിൽ മുങ്ങിക്കഴിഞ്ഞു.
പിടിച്ചു നിൽക്കാനുള്ള പിടിവള്ളി അറ്റുപോയി.
ഭർത്താവെന്ന മഹാവിപത്ത് സമ്പത്ത് തുരന്നു കൊണ്ടിരുന്നത്അവളറിഞ്ഞില്ല..
ചീട്ടുകളിയും,മദ്യപാനവും അയാൾക്ക്‌ തൊഴിൽ തന്നെയായിരുന്നു,വളരെ വൈകി അവൾ അറിഞ്ഞ സത്യമായിരുന്നു.സമ്പന്നനായ ബിസ്നസ്സ്കാരൻഎന്ന വ്യാജേന അച്ഛനെ ചതിച്ചു നേടിയ വിവാഹമാണ്.
വീട്ടിൽ നില്ക്കാറില്ലാത്ത അയാൾ തിരക്കുള്ള വലിയ ബിസ്നസ്സ്കാരൻ എന്ന് ധരിച്ചു ബഹുമാനിച്ച നാട്ടുകാർ പോലും കാർക്കിച്ചു തുപ്പുന്ന നിലവാരത്തിൽ എത്തി.
ചൂതാട്ട കേന്ദ്രങ്ങളിൽ അയാൾക്ക് എല്ലാം സൗജന്യമായിരുന്നു.മാസങ്ങളോളം എന്നും അയാൾ സുഖസമൃദ്ധിയിലായിരിക്കും അവിടെ, ..സകല സന്നാഹങ്ങളും വാഗ്ദാനങ്ങളായിരുന്നു.കടം വാങ്ങിയുള്ള ചൂതുകളിയാണ് അയാളുടേത്.നേടുമ്പോൾ ചിലത് വീട്ടും.അങ്ങിനെ വാങ്ങിയ കടങ്ങൾ പെരുകി വലിയ ബാധ്യതകളിൽ 
സർവ്വവും നഷ്ടപ്പെട്ട അയാളെ അവരും പുറത്താക്കി.
ചൂതാട്ടത്തിൽ വൻ തുകയുടെ നഷ്ട്ടങ്ങൾ വരുമ്പോഴും തളരാതെ, നഷ്ടപെട്ടതിനു പതിന്മടങ്ങു നേട്ടങ്ങൾക്ക്‌ വേണ്ടി പിന്നെയും വൻ തുക കടം വാങ്ങി വയ്ക്കാൻ തയ്യറാകുമായിരുന്നു.
എല്ലാം മറന്ന ചൂതുകളിയിലെ പരാജിതന്റെ അസ്വസ്ഥ അയാളെ മുഴുക്കുടിയനാക്കി മാറ്റിയിരുന്നു,നല്ലതല്ലാത്ത കൂട്ടുകാരും..
വിലപ്പെട്ട പലതും കൂട്ടുകാർ  വഴി അവളറിയാതെ വിറ്റു കഴിഞ്ഞിരുന്നു..
 പട്ടിണിയുടെ നാളുകൾ അവളും അറിഞ്ഞു തുടങ്ങി.
കടങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയായിരുന്നു.
ക്ഷമയോടെ അയാളെ നേർവഴിക്കു കൊണ്ടുവരാൻ അവൾ ശ്രമിച്ചു പരാജിതയാവുകയായിരുന്നു.
നഷ്ടങ്ങളുടെ പട്ടികവളരുംതോറും കടബാദ്ധ്യത ഇരട്ടിച്ചു.
അസ്വസ്ഥത നഷ്ട്ടപ്പെട്ട അയാൾ നാട്ടിൽ മൗനിയും,വീട്ടിൽ പുലിയുമയി.
നിശബ്ദം എല്ലാം സഹിക്കുന്ന അവളായിരുന്നു അയാളുടെ സമാധാനത്തിൻറെ കരട്.
അസ്വസ്ഥത ഇറക്കിവയ്ക്കാനുള്ള അത്താണി അവളായിരുന്നു.
അയാളുടെ സമാധാനത്തിന് അവളെ വേണ്ടുവോളം ഉപദ്രവിക്കാൻ മടിയില്ലായിരുന്നു.
എല്ലാം പോയാലും,കിടപ്പാടം നഷ്ടപ്പെടുമെന്ന് അവൾ കരുതിയില്ല.
അതും നഷ്ടമായി തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു.
വാടകവീട്ടിലും സ്വസ്ഥത കിട്ടിയിരുന്നില്ല.
കടം വർദ്ധിച്ചതോടെ നാട്ടിൽ പോലും  അയാൾക്ക്‌ നടക്കാൻ കഴിയുമായിരുന്നില്ല.പുറത്ത് ആരെങ്കിലും പിടിച്ചുനിർത്തിയാൽ, വീട്ടിൽ അവൾക്കു പൊതിരെ തല്ലായിരിക്കും ശകാര വർഷം വേറെയും..
കയ്യിൽ പണമില്ലെങ്കിലും,മദ്യപാനം ഉപേക്ഷിക്കാൻ അയാൾക്ക്‌ കഴിയുമായിരുന്നില്ല.
മദ്യലഹരിയിൽ എല്ലാം മറക്കാമെന്ന ധാരണ അയാളിൽ മദ്യാസക്തി വളരുകയായിരുന്നു.
അവളിലെ നിഷ്കളങ്കത, മദ്യലഹരിയിൽ അയാൾക്ക്‌ അസ്വസ്ഥത ഉണ്ടാക്കികൊണ്ടിരുന്നു..
അവളുടെ മുന്നിൽ തോൽവിയടഞ്ഞ താൻ ഒന്നുമല്ലെന്ന 'കോംബ്ലക്സ്' അയാളെ അലട്ടി.
തോന്ന്യവാസിയായ തൻറെ തകർച്ച അവൾ ആസ്വതിക്കുന്നു എന്ന തോന്നൽ,തൻറെ പോക്കിരിത്തരങ്ങളെ അവളിൽ നിന്ന്  
മറയ്ക്കാൻ കഴിയാത്തതിലുള്ള ജാള്യതയിലുള്ള അമർഷം.
അടിച്ചിറക്കുമ്പോഴും ദേഷ്യം മാറി അയാൾ അവളെ വിളിക്കുമെന്ന് കരുതി അവൾ കാത്തു നിന്നു.
വഴിയിൽ കൂരിരുട്ടിൽ അന്യോഷിച്ച്‌ വരുമെന്ന്  അവൾ മോഹിച്ചു.
വിറയ്ക്കുന്ന ശരീരം താങ്ങുകൾക്ക് ആശിച്ചു;
അയാൾ വന്നില്ല.നടന്നു നടന്ന് അധികദൂരം പിന്നിട്ടുകഴിഞ്ഞു,
എവിടേയ്ക്കാണ് പോകുന്നതെന്ന് അവൾക്കറിയില്ല.
ഭയം ഉള്ളിൽ ആളുകയാണ് കടന്നു പോന്ന പരിചയമില്ലാത്ത വഴികൾ ഒരുപക്ഷെ തിരിച്ചു പോകാൻ കഴിയാത്തത്ര അപരിചിതമായ നാട്ടിൽ എത്തിയിരിക്കുന്നു.
കാഴ്ച്ച നഷ്ടപെട്ട പ്രതീതി,വിറയാർന്ന കാലുകൾക്ക് ശരീരത്തെ താങ്ങാനുള്ള കെൽപ്പു  നഷട്ടപ്പെടുന്നുവോ?.......കണ്ണിൽ ഇരുട്ടു കയറുന്നു.അരനിമിഷം എല്ലാം ഒന്നായി തറയിൽ പതിച്ചു.........................................................!
ബോധം നഷ്ട പെട്ടു വീണ മദ്ധ്യവയസ്കയെ വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രി കിടക്കയിൽ ബോധം വീണ്ടുകിട്ടിയ അവൾക്ക് കഴിഞ്ഞകാല സംഭവങ്ങൾ ഓർത്തെടുക്കാൻ പ്രയാസമായിരുന്നു.
അവളെത്തന്നെ ആരെന്നു ചിന്തിച്ചെടുക്കാൻ കഴിയാതായി.
തുറിച്ച മിഴികളാൽ കൂടിനില്ക്കുന്നവരെ ഇമവെട്ടാതെ തുറിച്ചു നോക്കി കിടക്കുക.
ചോദ്യങ്ങൾക്ക് മറുപടി പറയാൻ,മനസ്സ് ശൂന്യമായിരുന്നു.
ഓർമ്മകളുടെ താളം തെറ്റിയ അവൾക്ക് സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു.
ആ നാട്ടിലെ സന്നദ്ധ സംഘടന അവളുടെ ചികിത്സാ ചുമതല ഏറ്റെടുത്തു.
ഡോക്റെർ പരിശോധനയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും കണ്ടെത്തിയില്ല.
അവിടെ കൂടിയ ആരും അവളെ അറിയുന്നവരായിരുന്നില്ല,ഒരുപക്ഷെ ബധിര മൂകയായിരിക്കും അവർ വിശ്വസിച്ചു.
തേങ്ങിക്കരയുന്ന അവളോട്‌ മറ്റു കൂടുതൽ അന്യോഷണങ്ങൾക്ക് ആരും നിന്നില്ല.
സന്നദ്ധ സംഘടനയുടെ അന്തേവാസികൾക്കുള്ള ഷെൽട്ടറിലേക്കു മാറ്റി.
വീഴ്ച്ചയിൽ തലയ്ക്ക് ഏറ്റ അടിയായിരിക്കുമോ? അല്ലെങ്കിൽ അടക്കിവച്ച മാനസിക സംഘർഷത്തിന്റെ കുത്തൊഴുക്കിൽ ഉണ്ടായ മസ്തിഷ്ക ചോർച്ചയോ.............?
ആ വഴി ചിന്തിച്ചു സമാധാനിക്കാം.
ഭാര്യയെ അടിച്ചു പുറത്താക്കിയ സത്യാനന്തന്റെ ലക്കുകെട്ട ജീവിത ശൈലി മടുത്ത വീട്ടുടമ,ബഹളം അറിഞ്ഞു ആ രാത്രി തന്നെ വീട് ഒഴിയാൻ നിബ്ബന്ധിച്ചു ഒച്ച വച്ചു.
നാണക്കേടോർത്ത് രാത്രിയിൽ ആരും അറിയാതെ അയാൾ സ്ഥലം വിടുകയായിരുന്നു.
വടക്കോട്ടുള്ള തീവണ്ടിയിലാണ് അയാളുടെ യാത്ര.ടിക്കറ്റ് എടുത്തിട്ടില്ല എങ്ങോട്ടാണ് പോകേണ്ടതെന്നും ഏതു ദിശയിലേക്കാണ് വണ്ടി പോകുന്നതെന്നും അയാൾക്ക്‌ അറിയല്ല.കിട്ടിയ സീറ്റിൽ കൂനിക്കൂടിയിരുന്നു ഉറങ്ങുന്ന മനുഷ്യക്കോലം.ഉറങ്ങുകയാണോ.....?
മദ്യലഹരിയിലെ മയക്കമോ...?.കയ്യിൽ കരുതിയ ബാകിൽ അത്യാവശ്യം വേണ്ട വസ്ത്രങ്ങളും,തുശ്ചമായ പണവും സേവിക്കാൻ കരുതിയ മദ്യ കുപ്പിയും ഭദ്രം.
ഓർമ്മകൾ എന്തെന്നറിയാത്ത സത്യാനന്ദനു മനസുഖം മദ്യ ലഹരിയുടെ മരവിപ്പ് മാത്രമായിരുന്നു.
തീവണ്ടിയുടെ താളാത്മകമായ കുലുക്കത്തിൽ ആടിഉലഞ്ഞു വിസ്മൃതിയിലുള്ള മധ്യവയസ്കനായ മുഴുക്കുടിയന്റെ ദിക്കറിയാത്ത യാത്ര!!!!!!!!!!!!
          !!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!!!
തുടരും 




Tuesday, September 22, 2015

ഉരുളക്കിഴങ്ങ്!!!!

 ഉരുളക്കിഴങ്ങ്!!!!
'മറഞ്ഞിരിക്കുന്ന നിധി' എന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച കാർഷിക വിളയാണ് ഉരുളക്കിഴങ്ങ്!
ലോകത്തിൽ ഏറ്റവുമധികം ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്.
ഉരുളക്കിഴങ്ങിന്റെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത് തെക്കേ അമേരിക്കയാണ്.
പെറു പർവ്വത നിരകളാണ് ഉരുളക്കിഴങ്ങിന്റെ ജന്മദേശം.കിഴങ്ങുവിളകൾ ഏറ്റവും അധികം ഉൽപ്പാദിപ്പിക്കപ്പെടുന്ന രാജ്യം പെറുവിലെ ലിമ എന്ന സ്ഥലമാണ്. 
ഉരുളക്കിഴങ്ങാണ് ബഹിരാകാശത്തു കൊണ്ടുപോയ ആദ്യ ഭക്ഷ്യവിള!
ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുതന്നെയാണ്.
സ്പെയിൻ കാരാണ് തെക്കേ അമേരിക്കയിൽ നിന്ന് മറ്റു രാജ്യങ്ങളിൽ ഉരുളക്കിഴങ്ങ് എത്തിച്ചവർ.
ലോകഭക്ഷ്യ വിളകളിൽ നാലാം സ്ഥാനം ഉരുളക്കിഴങ്ങിനാണ്.
ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഉത്തർപ്രദേശ് ആണ്. കേരളത്തിൽ ഉരുളക്കിഴങ്ങ് കൃഷിയുള്ളത് ഇടുക്കി ജില്ലയിലാണ്.
ഉരുളക്കിഴങ്ങിന്റെ തൊലിയിൽ വൈറ്റമിൻ C ധാരാളമായി അടങ്ങിയിരിക്കുന്നു.
 ഉരുളക്കിഴങ്ങിലെ ഗുണമേന്മ അറിയാതെ തൊലികളഞ്ഞ്ഉപയോഗിക്കുന്നവരാണ്നാം, 
പ്രത്യേകിച്ച് കേരളീയർ .
ഉരുളക്കിഴങ്ങിൽ ക്ലോറോജനിക്ക്‌ ആസിഡ് ആണ് അധികമായി അടങ്ങിയിരിക്കുന്നത്.
പിങ്ക് ആപ്പിൾ,ഗോൾഡൻ വണ്ടർ,ഹോംഗാർഡ്,കിംഗ്‌ എഡ്വെർഡ്,വിവാൾഡി,
പിങ്ക് ഐ,മോണാലിസ-എന്നീ പേരുകളിൽ 
ഉരുളക്കിഴങ്ങ് പലവിധ ഇനങ്ങളിൽ അറിയപ്പെടുന്നു. ഉരുളക്കിഴങ്ങിന്റെ ശാസ്ത്രീയ നാമം 'സൊളാനം ട്യുബറോസം'എന്നാണു.
അവലംബം!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
 ആര്യപ്രഭ 
 

Friday, September 4, 2015

ഓണബലി-#

                                    ഓണബലി- # 


നാഗരിക ജീവിതത്തിന്റെ പൊള്ളയായ ഹൃദയ ഭാഗം;
തിരക്കുകളുടെയും,ബഹളങ്ങളുടെയും യാന്ത്രിക മിടിപ്പായി സമയം കൊല്ലുന്ന പതിവ് പ്രക്രിയയുടെ ബാല്യം കരിഞ്ഞ ദിനങ്ങൾ അവനിൽ യാതൊരു അമ്പരപ്പും ഉണർത്തിയില്ല.
ദിശ മുറിഞ്ഞ നീളൻ കയ്യുകൾ മടിപ്പില്ലാതെ ഓരോ മുഖങ്ങളിലേക്കും നിരങ്ങി നീങ്ങി.
കാലപ്രവാഹത്തിന്റെ ഉറക്കം വെടിയലിന്റെ ഭാഗമായി തീവണ്ടി ചൂളം വിളിച്ചു പാഞ്ഞു.
അടിതെറ്റാതെ കാലുകൾ പ്ലാറ്റ്ഫോമിലേക്ക് വയ്ക്കുമ്പോഴും,ഇന്നത്തെ അന്നത്തിന്റെ തിളങ്ങുന്ന കുഞ്ഞു തുട്ടുകൾ അവൻറെ വയറ്റിൽ സദ്യയുടെ സംതൃപ്തി നല്കി.
അവൻ അപ്പുണ്ണി...!!നഗരത്തിൽ പാളം തെറ്റാത്ത യാത്രക്കടലിന്റെ ഒഴുക്കൻ ജീവിതങ്ങളിലേക്ക്;നിഷ്കളങ്കതയുടെ മുഖ ഭാവങ്ങൾ മിന്നി തെളിയിച്ച് ജീവിക്കുന്ന ചിരിക്കാൻ മറന്നവൻ,പേരുകെട്ടവൻ........!!.
അന്നത്തെ നാണയങ്ങൾ നെഞ്ചോടടുക്കി അവൻ ഓടി.തന്നെയും കാത്ത് അമ്മ ഉറങ്ങതിരിക്കുവാകും.ഓട്ടത്തിന് മത്സരത്തിന്റെ കുതിപ്പുണ്ടായിരുന്നു.
.................."അമ്മേ.....................!"
"എന്തേ ......?......അപ്പുണ്ണി........മോനെത്തിയോ...........?" 
"അതെ .....അമ്മെ ......അമ്മ ഊണ് കഴിച്ചോ.............?"
"ഇല്ല്യാ.................നീ വരാണ്ട്.....ഞാനെങ്ങിന്യാ .....കഴിക്കാ..കുട്ട്യേ...?"
"അമ്മേ ..........അറിഞ്ഞോ..?...നാളെ കഴിഞ്ഞാ.....ഓണമാ....നമുക്കും ഓണസദ്യ ഉണ്ണണം,പുത്തൻ കുപ്പായം വാങ്ങണം .....മുറ്റത്തു പൂക്കളം ഇടണം."
ഊം .............അതെയതെ........നമക്കും ഇത്തവണ ഓണം
ആഘോഷിക്കണം ഉണ്ണി ...........!"
അമ്മയുടെ നെഞ്ചിലെ എരിയുന്ന വേദനകൾ പുകച്ചുരുലുകലായി,ആശ്വാസത്തിന്റെ വാക്കുകളായി ഉണ്ണിയുടെ കാതുകളിൽ പ്രകമ്പനം കൊണ്ടു.
"സ്വപ്നം കാണാൻ പണക്കാരനാവേണ്ടാ...ഉണ്ണ്യേ.....!..നീ മതിവരുവോളം കണ്ടോളൂട്ടോ......അമ്മ ..ൻറ് ഉണ്ണീട കൂടെണ്ടുട്ടോ"
സ്വപ്ന ലോകത്തെ മാന്ത്രിക ചങ്ങലയുടെ ഓരോ കണ്ണികളായി ഉണ്ണിയുടെ മനവും വേഷം മാറിക്കൊണ്ടിരുന്നു.
പതിവിലും നേരത്തെ ഉണ്ണി ഉണര്ന്നിരിക്കുന്നു.
........."അമ്മേ .........!...ഉണ്ണി ..ഏറങ്ങ്വാ....."
"പോയ്‌ ....വാ...ഉണ്ണീ......!''
കെട്ടണഞ്ഞ പുളിയൻ ആഗ്രഹങ്ങളെ നീട്ടി നിവർത്തി അമ്മ മകന് പതിവ് മുത്തം നല്കി പറഞ്ഞയച്ചു.
സ്റേഷണിൽ പതിവിലും തിരക്കുണ്ട്‌......ഓരോ ബോഗികളിലും കയറി ഇറങ്ങി ഉണ്ണി തന്റെ ഭിക്ഷാടന സഞ്ചാരം തുടർന്നു.
സമയം ഉച്ചയായി......കയ്യിൽ ഒന്നോ,രണ്ടോ നാണയങ്ങൾ ഒഴിച്ചാൽ.ബാക്കി വിധി വരച്ച കടുപ്പൻ രേഖകൾ മാത്രമാണ് തെളിഞ്ഞു കാണുന്നത്.
അവന്റെ മുഖത്തെ പ്രസാദം മങ്ങ,പ്രതീക്ഷകളും..!........ എല്ലാവരും തിരക്കിലാണ്...എല്ലാം മറന്ന് ഓണത്തോടനുബന്ധിച്ചു ...കൂട്ടുകാരെയും,വീട്ടുകാരേയും സ്വീകരിക്കാനുള്ള മനസ്സിൻറെ വിമ്മിട്ടത്തിൽ ദിശമറന്നു കൂകി വിളിച്ചു പായുന്ന ജനസഞ്ചയം..!!!
അതാ ...ഒരു കുപ്പായം ...കയ്യുടെ പരക്കം പാച്ചിലിൽ എവിടേയോ കൊളുത്തിവലിച്ച  ഒരു മുഷിയൻ തുണിക്കഷ്ണം.......!
അവൻ അതെടുത്തു വീട്ടിലേക്കോടി.............മുറ്റത്തെ  കായലിൽ മുക്കി പൊക്കി.കുപ്പായത്തിന്റെ ബാഹ്യഭംഗി ആവോളം ആസ്വദിച്ചു.
"അമ്മേ.........?...എനിക്കും കിട്ടി ഓണക്കോടി.....റെയിൽ പാളത്തിന്റെ ഓരം ചേർന്ന് കിടന്ന കുപ്പായം ഉണ്ണി ഇങ്ങെടുത്തു.വലിച്ചെറിയൻ സംസ്കാരത്തിന്റെ മുഖം മൂടിക്കൂട്ടങ്ങളിൽ ആരോ ഉപേക്ഷിച്ചതാവം.........!
നീലയിൽ വെള്ള പടർന്ന ചായ കൂട്ടുകളിൽ ഉണ്ണിയുടെ ദരിദ്ര ഓണവും മനാശ്വാസത്തിന്റെ  ഗീതകൾ പാടിക്കൊണ്ടിരുന്നു.
വെള്ളം പിഴിഞ്ഞുകളഞ്ഞു,ഉടച്ചു നിവർത്തി അവൻ തന്റെ ഓണസമ്മാനം അയയിൽ വിടർത്തിയിട്ടു......ആയിരമായിരം ഓണപ്പൊലിമയുടെ മഴവിൽ വർണ്ണങ്ങൾ അപ്പോളവൻ ആ കുപ്പായത്തിൽ കണ്ടു............!!!!
"അമ്മേ .............?.....ഉണ്ണി ...പോയ്‌ വരാം.....!''
"മോനേ .....നീ ഇന്നു നേരത്തെ വരണം .....നാളെ ഓണമാണ്...""
"ശരിയമ്മേ....അമ്മയ്ക്കും ഓണക്കോടിയുമായെ ഉണ്ണി എത്തൂ.....!!"
അപാരതയുടെ ശൂന്യതയിലേക്ക് ഉണ്ണിയുടെ മുഖം നീങ്ങിക്കൊണ്ടിരുന്നപ്പോഴും,ആ ശബ്ദം ഇടിമുഴക്ക ഗാംഭീരത്തോടെ അമ്മയുടെ ചെവിയിൽ ആവർത്തനം കൊണ്ടു ......!
പതിവിന്റെ മുഷിയൻ സമയങ്ങളിലേക്ക് വീണ്ടും  ഉണ്ണി എത്തി......ചിരിച്ച മുഖഭാവത്തോടെ ഓരോ മനുഷ്യക്കോലങ്ങളിലേക്കും അവൻ നീങ്ങിക്കൊണ്ടിരുന്നു................
തിരക്കുകളുടെ കാഹളക്കൂട്ടങ്ങളിലേക്ക് ആരോ തള്ളിയിട്ട പാവ പോലെ അവൻ വീണു..................................
ഉയർന്ന സംസാരത്തിന്റെയും,ഉന്തി തള്ളലിന്റെയും രാസ പ്രക്രിയയിൽ നടന്ന ഏതോ കെമിക്കൽ റിയാക്ഷൻ പോലെ അവൻ മരണത്തിന്റെ റയിൽ പാളങ്ങളിലേയ്ക്ക് തെറിച്ചു വീണു.........അപ്പോഴും അവൻ  കൈകൾ  നീട്ടി പിടിച്ചിരുന്നു.അത് ഭിക്ഷയ്ക്കായിരുന്നില്ല,ദൈവം വിളിക്കുന്ന ലോകത്തിന്റെ പങ്കാളി ആകുവാനുള്ള അവൻറെ തയ്യാറെടുപ്പായിരുന്നു...........................................!
കാക്കകൾ ചുറ്റും വട്ടമിട്ടു കറങ്ങി...................നോട്ടം .....അടിതെറ്റിയ ബാല്യത്തിന്റെ നാളെകളിലേക്ക് ചൂഴ്ന്നിറങ്ങി...........!
അമ്മ മകനേയും കാത്ത് വീട്ടിൽ നിർവൃതി പൂണ്ടു കിടന്നു.
തനിക്കായി മകൻ കൊണ്ടുവരുന്ന ഓണക്കോടിയിൽ മനം നട്ട്,കോടിയുടെ മനം നുകർന്ന് മൂക്കുകളിൽ ശ്വാസം വലിച്ചുകിടന്നു................
അപ്പോഴും ഓണം സ്വരുകൂട്ടിയ കഥയുടെ അവസാനമെന്തെന്നറിയാതെ ജനം റയിൽവേയിലൂടെ ബഹളം വച്ച് ഓടിനടന്നു..........
പൊടുന്നനെ ഒരു കാറ്റു വീശി...........
സുഖമുള്ള,അഹങ്കാരിയല്ലാത്ത കാറ്റ്.......
മുറ്റത്തെ അയയിലെ ഉണ്ണിയുടെ കുപ്പായം കാറ്റിൽ മറ്റൊരവകാശിക്കായി പറന്നു പൊയ്ക്കഴിഞ്ഞിരുന്നു.ഓണബലിയുടെ അന്നത്തെ ഇരയേയും കിട്ടിയ സന്തോഷത്താൽ സൂര്യൻ കടലിൽ താഴ്ന്നു...............!!!!!!!
          *****************അഞ്ജലി കൃഷ്ണ G############### 
----------------------------------------------------------------------------------------------------
# പാടിവട്ടം ശാഖാ കുടുംബ സംഗമം 2015-ഓണാഘോഷം പരിപാടിയോടനുബന്ധിച്ചു ആഗസ്റ്റ്‌ 15-നു നടത്തിയ കഥാ,കവിത മത്സരങ്ങളിൽ പങ്കെടുത്തു ഒന്നാം സമ്മാനം കരസ്ഥമാക്കിയ കഥ.

Thursday, September 3, 2015

അമ്മുവിൻറെ ഓണം-#

         അമ്മുവിൻറെ ഓണം-# 

ഓണം മലയാളികളുടെ മനസ്സിൽ എന്നും സന്തോഷത്തിന്റെ നിറവാണ്. 
മലയാളികളുടെ മനസ്സിൽ എന്നും സമത്വത്തിന്റെ ദിനങ്ങളാണ് ഓണം തരുന്നത്.
ആധുനിക കാല ഓണം ഒരു കാട്ടിക്കൂട്ടലാണ്.
ഇന്ന് ഓണം ബിസിനസ് മാത്രമാണ്.
ഓണത്തെ പറ്റി ഐതിഹ്യങ്ങൾ ധാരാളമുണ്ട്.
"പണ്ട് മഹാബലി വാണിരുന്ന കാലം.
കള്ളവുമില്ല,ചതിയുമില്ലാത്ത എല്ലാവരും സമത്വത്തോടെ വാണിരുന്ന കാലം.
അങ്ങിനെ സന്തോഷപൂർണ്ണമായിരുന്ന കാലത്ത് മഹാബലിക്ക് മനസ്സിൽ ചെറിയൊരു അഹന്ത ഉണ്ടായി'ഞാൻ'എന്ന ഭാവം.
വിഷ്ണുഭഗവാനു,തൻറെ ഭക്തൻറെ മനസ്സിലെ അഹങ്കാരം സഹിച്ചില്ല.
ഈശ്വരൻ ഭക്തനെ നേർവഴിക്ക് നടത്താൻ ഉദ്ദേശിക്കുന്നു.ബലിയുടെ അഹങ്കാരം കുറയ്ക്കുന്നതിനായി വാമന വേഷം സ്വീകരിച്ചു മഹാബലിയെ സമീപിച്ചു മൂന്നടി മണ്ണ് ആവശ്യപ്പെട്ടു.
മഹാബലിക്ക് അത്ഭുതമായി ഈ കുട്ടി മൂന്നടി മണ്ണോ ആവശ്യപ്പെടുന്നത്?നിസ്സാര കാര്യമെന്ന് കണക്കാക്കി.
എന്തായാലും അളന്നെടുക്കാൻ ആജ്ഞാപിച്ചു.
വാമനൻ ഭീമാകാരനായി,രണ്ടടി അളന്നതോടെ അവശേഷിക്കുന്നത് മഹാബലി മാത്രമായി.
തലകുനിച്ച മഹാബലിയുടെ തലയിൽ വാമനൻ മൂന്നാമത്അടിവച്ചു ചവുട്ടി പാതാളത്തിലേക്ക് താഴ്ത്തി. ആണ്ടിലൊരിക്കൽ തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാൻ ആഗ്രഹിച്ച ബാലിക്ക് വിഷ്ണു അനുവാദവും കൊടുത്തു.തിരുവോണ നാളിൽ തൻറെ പ്രിയപ്പെട്ട പ്രജകളെ കാണാൻ മഹാബലി വരുന്നു,ഇതാണ് ഓണത്തിൻറെ ഐതിഹ്യം".
അമ്മുമ്മയുടെ കഥ കേട്ട അമ്മുവിന് നിഷ്കളങ്കനായ,സത്യസന്തനായ മഹാബലിയോടു സഹതാപം തോന്നി.
മഹാബലിയുടെ ആ നല്ല കാലത്തെ അവൾ ഓർത്തു.
അപ്പുപ്പനും,അമ്മുമ്മയും,സഹോദരനും,സഹോദരിയും കൂടിയ കുടുംബത്തിൽ ഇളയവളായ അമ്മുവിന് ഓണമായാൽ വലിയ സന്തോഷമാണ്.
10-ദിവസം കിട്ടുന്ന അവധി തന്നെ,പാറി നടന്നു പൂക്കൾ പറിക്കുന്ന സുഖം,ഓണപ്പൂക്കൾ 
ഇടുന്ന ത്രിൽ,ഓണക്കോടി,ഓണം അടിച്ചു 
പൊളിക്കുക തന്നെ.
അത്തം മുതൽ അമ്മു രാവിലെ ഉണരും.പൂവിടാൻ ചാണകം മെഴുകി അമ്മുമ്മ ഒരുക്കിയിട്ടുണ്ടാകും.
അത്തം നാളിൽ അവൾ തുമ്പക്കുടം മാത്രമേ ഇടുകയുള്ളൂ.അമ്മുമ്മയുടെ നിർദ്ദേശമാണ്.മൂലം നാളിൽ മൂലതിരിച്ചും പൂവിടണം.
തിരുവോണനാളിൽ രാവിലെ ഓണത്തപ്പനെ ആർപ്പോ വിളിച്ച് എതിരേൽക്കുന്നു.
സുഖ സുഷുപ്തമായ,സുന്ദരമായ ഓണം എല്ലാരും ചേർന്ന് ആഘോഷിക്കുമ്പോൾ ഉണ്ടായിരുന്ന സന്തോഷത്തിന്റെ നൈർമ്മല്യം ചോർന്ന് ഇന്ന് ഇല്ലാതായിരിക്കുന്നു.
ഇന്ന്,വരണ്ട മനസ്സിന്റെ,കോണ്‍ക്രീക്റ്റ് വനത്തിലെ അവസാനത്തെ നീർത്തുള്ളി പോലെ,നിമിഷ നേരത്തെ വൈകാരികതയിൽ ഒതുങ്ങുന്ന ഓണം!!!!!
............................................അമ്മു ഇപ്പോൾ യുവതിയാണ്,
മാത്രമല്ല വിവാഹിതയുമാണ്.
താമസം നഗരത്തിലെ തിരക്കൊഴിയാത്ത പ്രധാന റോഡരികിലെ വലിയ ഫ്ലാറ്റിൽ.
വീർപ്പു മുട്ടുന്ന ജീവിതവേഗതയിൽ ഓണം മറവിയുടെ മാറാലകൾക്കും അപ്പുറം,ഒരു നേർത്ത ബിന്ദു പോലെ വന്നണയുന്നു,നിമിഷങ്ങളുടെ വേഗത്തിൽ പോലിഞ്ഞില്ലാതെയാകുന്നു.അവൾക്ക്ഇപ്പോൾ 
നഷ്ട ബോധത്തിന്റെ വല്ലായ്മയാണ് ഓണം.
അമ്മു തൻറെ പഴയകാല ഓണസ്മൃതികളിൽ മനം നട്ട് കഴിയാറുണ്ട്.സുഖമുള്ള ചിന്തകളെ തഴുകി,തലോടി.
ഇന്ന് ഓണത്തിന് പൂവ് വിലകൊടുത്ത് വാങ്ങണം തൊടികൾ കാണാൻ ഇല്ല.എല്ലാടവും കോണ്‍ക്രീറ്റ് കാടുകളാണ്.കഥ പറയാൻ മുത്തശ്ശിമാരില്ല.ഉണ്ടങ്കിൽ തന്നെ അത് കേൾക്കാൻ കുഞ്ഞു മക്കൾ തയ്യാറല്ല,അവർക്ക് മുത്തശ്ശിയെ പഠിപ്പിക്കാനുള്ള അറിവുള്ള ഭാവവും,തിരക്കുമാണ്.
ആധുനീകതയിൽ മാവേലിക്ക് എന്ത് സ്ഥാനം......?
ഇന്നത്തെ തലമുറയ്ക്ക് മാവേലി ഒരു ഹാസ്യ കഥാപാത്രം മാത്രമാണ്.പൂക്കളം റെഡിമേഡായി കിട്ടുന്നു,ഓണ സദ്യയും,എത്രതരം പായസ്സവും ഫോണ്‍ ചെയ്‌താൽ വീട്ടിൽ എത്തിക്കഴിയും.
ഇൻസ്റ്റന്റു ഓണത്തെ വെറുത്ത്,പഴയകാല മലയാളത്തനിമയിൽ മനം കുളിർക്കെ മുഴുകിയിരിക്കുകയാണ് അമ്മു...............!!!!!!!!!
അമ്മുവിൻറെ നിറവാർന്ന തിരുവോണം.............!ഇനിയും ഉണ്ടാകുമോ......?
$$$$  $$$$$$  $$$$ $$$$$ $$$$$ $$$$$$ $$$$$$ കലാ സത്യരാജ്  $$$$ $$$$$
__________________________________________________ 
# പാടിവട്ടം ശാഖാ ആഗസ്റ്റു 15-നു സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു,കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തിയ കഥ മത്സരത്തിൽ രണ്ടാം സമ്മാനം കരസ്ഥമാക്കി.
---------------------------------------------------------------------------------------------------------------------
ആര്യപ്രഭ