Monday, August 31, 2015

ഞാൻ ചെയ്ത കൊല!!!(3)#

       ഞാൻ ചെയ്ത കൊല!!!(3)# 
"മാരക വിപത്തിന്റെ അടയാളമായ 'കൊതുകി'-നെ നായകവല്ക്കരിച്ചു കൊണ്ട് ഞാൻ എഴുതിയ ഈ കവിത,പൊടിമീശ മുളയ്ക്കുന്ന യുവത്വത്തിൻറെ,ചുടു ചോരച്ചുവയുള്ള പൊളിറ്റിക്കൽ ട്രിക്സ്-ൻറെ അനവസ്യകതയെ ചോദ്ധ്യം ചെയ്യൽ കൂടിയാണ്.......!". 
                                                                                                                               ഞ്ജലി കൃഷ്ണ G     
അന്ന് ഞാനൊരു ശവസംസ്കാരം നടത്തി 
മെതിയടി പതിഞ്ഞ് മണ്ണോടലിഞ്ഞ ചവറുകൾ,
ചികഞ്ഞു മാറ്റി ഞാനാ ധീര യോദ്ധാവിന്നു എന്റെ,
സ്വന്തം  മണ്ണിൽ ഒരു ശ്മാശാനമൊരുക്കി.
    ഒരിക്കൽ തിണ്ണയോടൊട്ടി ഞാനാ-
    ചുടുകാപ്പി വലിച്ചു കുടിക്കുമ്പോൾ,
    മൂളലായ് അപശ്രുതി കൊണ്ടെന്നെ വലം 
    വച്ച കൊതുകിനെ ഞാനടിച്ചു കൊന്നു!! .
ചെറിയ തെറ്റുകളിൽ കൂമ്പുന്ന എന്റെ കരങ്ങൾ 
ആ വലിയ തെറ്റിനായ് ഉയർന്നതെന്തേ????
എന്റെ കയ്യുകൾ നിൻറെ ശരീരത്തെ 
ആഞ്ഞടിച്ചുവല്ലേ????????
  മാനുഷിക കീഴ്വഴക്കത്തിൻ പിന്മുറക്കാരനായ് 
  ഞാനും ഒരു കൊലപാതകിയായിരിക്കുന്നു!.
  ആകുലതയുടെ മുറുക്കൻ ആശയങ്ങൾ 
  മനസ്സിൻറെ സ്വസ്ഥത തട്ടിമറിച്ചു....
ശരീരത്തെ ചെറിയ സൂചിമുനയിൽ മനുഷ്യ-
ദേഹത്തെ വേദനിപ്പിക്കുകയല്ല നീ,
ഹിന്ദു,മുസ്ലിം,ക്രൈസ്തവ രക്തത്തിൽ 
മായാവിയായ് മൂളക്കങ്ങളിൽ മന്ത്രങ്ങൾ
                                                               സൃഷ്ടിക്കുന്നു.
ധാരാളത്തത്തിൻറെ പ്രത്യയ ശാസ്ത്ര-
ത്തിൽ നെഗറ്റിവായ് വശങ്ങളെ വലിച്ചു 
                                               കുടിച്ചു ദാഹമകറ്റീടുന്നു.
ജാതി ഭേതമില്ലാതെ ചുടു രക്തം ഊറ്റി കുടിക്കുന്ന 
നിൻ ജാതിയെന്തെന്നറിയുവാൻ എൻ മനം 
ശങ്കിച്ചതും നിൻ മരണശേഷം.
എന്നിട്ടും ജാതി വരച്ചു തീർത്ത ചുവപ്പിൻറെ 
ഭീകരത മനുഷ്യമനസ്സിൽ വീണ്ടും ലക്ഷ്മണ 
                                                               രേഖ വരച്ചിടുന്നു.
ഭൂത കാലത്തിന്റെ പച്ചനിറഞ്ഞ സൗന്ദര്യം 
വിമ്മിട്ട മാകുന്ന ആധുനികതയുടെ സൌഭാഗ്യമോ?
നീ...അതോ ജാതിപ്പേരിൽ ചോര പൊടിക്കുന്ന 
യ്യവ്വന കുതിപ്പിന്റെ പടയാളിയോ??????????
പല കുറി കണക്കെ പല പല രക്തക്കണങ്ങൾ 
സ്വന്തം നെഞ്ചിലേറ്റി ഒരു ബ്ലഡ് ബാങ്കായി,
നീ വേഷം പകർന്നിടുമ്പോഴും,സോദരാ.....
നിൻറെ മരണം ഞങ്ങളുടെ കൈരേഖയിലെ 
ഒരു ചോരത്തുടിപ്പായ് മാറിടുന്നു.
രക്ത സാക്ഷികളുടെ ചുവന്ന നാടയിലെ 
കള്ളം പറയാത്ത സത്യാന്യേഷകനാണ് നീ.
മരണം ജീവിതമാക്കുന്ന വേളയിൽ 
ഗാന്ധിതൻ ആദർശ ബന്ധങ്ങളിൽ -
പെട്ടുഴറുന്ന സന്മാർഗ്ഗി,തേജസ്സിൽ 
കർമ്മയോഗിയോ നീ...............!
ശാന്തമായ് പാറിപ്പറന്നു നീ,ഉയരങ്ങൾ 
കീഴടക്കുന്നു നവോത്ഥാന നായക കൊതുകേ........
നിൻറെ ശരീരം ഹർഷാരവങ്ങൽക്കുമേൽ
                                                                 കിളിർക്കട്ടെ....
ഇന്നു ഞാനാ സത്യം മനസ്സിലാക്കുന്നു 
അപാരതയുടെ മൂളലല്ലതു,
ജാതി നീചത്വങ്ങൾക്കെതിരെയുള്ള 'മുദ്രാവാക്യം'!!!!!!
                  ;;;;;;;;;;;;;;;;; ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;ഞ്ജലി കൃഷ്ണ.G;;;;;;;;;;;;
# പാടിവട്ടം ശാഖാ കുടുംബ സംഗമം 2015 'ഓണാഘോഷം'പരിപാടിയോടനുബന്ധിച്ചു നടന്ന കഥാ,കവിതാ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു - ആഗസ്റ്റു 29-നു മത്സര വിജയികളെ പ്രഖ്യാപിച്ചു. 
ഞ്ജലി കൃഷ്ണ.G-ഒന്നാം സമ്മാനം കരസ്ഥമാക്കി.
---------------------------------------------------------------------------------------------------------------------------------------------------------------
ആര്യപ്രഭ 

കാത്തിരുപ്പ് (2)#

                     കാത്തിരുപ്പ് (2)# 
ജീവിതം മോഹമാം പുസ്തകത്താളതിൽ-
ഒരു മയിൽപ്പീലിയായ് തേങ്ങുന്നു ഞാൻ!
കാറ്റിൽ വിരൽതൊട്ടു പാറിപ്പറക്കുന്ന
ചിത്രശലഭമായ്,അലയുന്നു ഞാൻ!
    പ്രതീക്ഷതൻ മുത്തണി മാലകൾ
    കോർത്തങ്ങിരിക്കവേ,ഓരോന്നായ്
    പെട്ടന്ന് കൈവിട്ടു താഴേക്ക് വീഴുന്നു,
    ചിന്നി ചിതറി തെറിച്ചുപോകുന്നു.........!
അറിയില്ലെനിക്കെന്തിനീ ജീവിതം!
അറിയില്ലെനിക്കെന്തിനീ ദുഖവും!
കാത്തിരിക്കുന്നു ഞാനീ,കുടക്കീഴിലായ്-
അന്നും,ഇന്നും എന്നേയ്ക്കുമായിതാ!! 
       കാലമേ,കാണ്ങ്കനീ.....!
       ലോകമേ,കേൾക്കു നീ....!
      കാലം മറയ്ക്കാത്ത,മറയാത്ത-
      കാത്തിരിപ്പിപ്പോഴും 
പ്രതീക്ഷയാകുന്ന ജീവിതവും,
പ്രതീക്ഷയാകുന്ന രോദനവും.
പ്രതീക്ഷിക്കുന്നു തൻ പ്രതീക്ഷ്യ്ക്കതീതമായ് 
കാത്തിരിക്കുന്നു ഞാൻ പ്രതീക്ഷയോടെ!!
           ;;;;; ;;;;;  ;;;;;;;; ;;;;;;;;  ;;;;;;;;; ;;;;;;; ;;;ഐശ്വര്യ ചന്ദ്രശേഖരൻ;;;;;;;;;;;;;;
# പാടിവട്ടം ശാഖാ കുടുംബ സംഗമം 2015-'ഓണാഘോഷം'പരിപാടികളോടനുബന്ധിച്ചു നടന്ന മത്സരത്തിൽ ഉരുത്തിരിഞ്ഞ സർഗ്ഗ രസം....!!!!!.ആഗസ്റ്റു 29-നു മത്സര വിജയിയെ പ്രഖ്യാപിച്ചു.ഐശ്വര്യ ചന്ദ്രശേഖരൻ രണ്ടാം സമ്മാനം കരസ്ഥമാക്കി.
---------------------------------------------------------------------------------------------------------------------------------------------------
ആര്യപ്രഭ 

Wednesday, August 26, 2015

മലയാളമണ്ണിൽ മരുന്നിനും പ്രധാന സ്ഥാനമുണ്ട്!!

മലയാള മണ്ണിൽ,മരുന്നിനും പ്രധാന സ്ഥാനമുണ്ട്!!

 മ്മുടെ പറമ്പിലെ നാം മറന്ന പച്ചിലചാർത്തിൽ  ചെറു രോഗങ്ങളെയെങ്കിലും ശമിപ്പിക്കാൻ കഴിയുന്ന പലതും നമുക്കു 
അപരിചിതമായി നില്ക്കുന്നു.
മലയാണ്മയുടെ കഴിഞ്ഞുപോയ ആ നല്ല കാലത്തിൽ അത്യാവശ്യം വേണ്ട മരുന്നുകൾ പറമ്പിൽ സമൃദ്ധമായിരുന്നു.
മുത്തശ്ശികളുടെ കൈക്കുള്ളിൽ വീട്ടിലെ അംഗങ്ങൾ രോഗങ്ങളിൽ നിന്നും സുരക്ഷിതരുമായിരുന്നു.
വീട്ടിൽ ആർക്ക് അസുഖം ഉണ്ടായാലും  മറ്റംഗങ്ങൾക്ക് പരിഭ്രമവും കുറവായിരുന്നു.
മുത്തശ്ശിയിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. 
പറമ്പിൽ ഔഷധചെടികൾ പലതും 
നട്ടുപിടിപ്പിക്കുന്നവ ആയിരുന്നില്ല, തനിയെ വളരുന്നവയായിരുന്നു. 
അന്നെല്ലാം പല വീടുകളിലും ചികിത്സ അറിയാവുന്ന മുത്തശ്ശിമാരും ഉണ്ടായിരുന്നു.
അവർ കുടുംബത്തിനു പുറത്തുള്ള മറ്റുള്ളവർക്കും സൗജന്യ ചികിത്സ നല്കിയിരുന്നു.
ആതുര സേവനം ഒരുപക്ഷേ! അവരായിരിക്കാം നടപ്പിലാക്കിയത്.
എൻറെ അമ്മയുടെ അമ്മ ചെറിയ ചികിത്സകൾ ചെയ്തു വന്നത് ഞാൻ കണ്ടിട്ടുണ്ട്.തൊണ്ട മുള്ളിന് പ്രത്യേക ചികിത്സ അമ്മുമ്മ ചെയ്യുമായിരുന്നു. 
ചികിത്സയുടെ ഗുണഫലത്താൽ പലരും രോഗശമനത്താൽ ആശംസ വാക്കുകൾ പറയുന്നത് കേൾക്കാനും കഴിഞ്ഞിരുന്നു.
അമ്മുമ്മ ചെയ്യുന്നത് കണ്ട് അന്ന് കുഞ്ഞു നാളിൽ ചില പൊടിക്കൈകൾ ഞാനും പ്രയോഗിച്ചിട്ടുണ്ട്,
സൽഗുണത്തിന് അനുഗ്രഹവും കിട്ടിയിരുന്നു..
രോഗം ശമിക്കുമ്പോൾ അവരിൽ നിന്നു കിട്ടുന്ന മതിപ്പും,നല്ലവാക്കും മാത്രമായിരുന്നു അവരെല്ലാം ആശിച്ചിരുന്നത്.
കപടതയുടെ ലേശവും തീണ്ടാത്ത ആ കാലം ഇനിവരുമോ?
പറമ്പിലെ പുല്ലുകൾക്കിടയിലെ പുല്ലിനു സമമായ 'മുത്തങ്ങ' മഹത്തായ ഔഷധമാണെന്നു ഇന്ന് എത്ര പേർക്കറിയാം?മുത്തങ്ങാ പുല്ലിനടിയിലെ കിഴങ്ങ്(മുത്തങ്ങ) തേനിൽ ചാലിച്ചു കഴിച്ചാൽ ഉദരരോഗങ്ങൾ ഇല്ലായ്മ ചെയ്യാൻ കഴിയും.ഗ്രഹണി,വയറിളക്കം,ദഹനക്കുറവു മുതാലായ മുതിർന്നവരുടെ രോഗശമനത്തിനും.
കുട്ടികളിലെ വിരശല്യം,രുചിക്കുറവു,ജ്വരം മുതലായവയ്ക്കും ഉത്തമമാണ്.
ഒരുപക്ഷെ മുത്തങ്ങയോടു തോട്ടു വളർന്നു നില്ക്കുന്ന 'കീഴാർനെല്ലി',
പേരു പോലെ നെല്ലിയ്ക്കയുടെ വർഗ്ഗം,ഇലയ്ക്ക് കീഴെ ചെറു നെല്ലിക്ക രൂപവും കാണാം.
കരൾ രോഗങ്ങൾക്കും,മൂത്രസംബന്ധമായ രോഗങ്ങൾക്കും അത്യുത്തമം.മഞ്ഞപ്പിത്തത്തിനു പേരുകേട്ട ഔഷധമാണ് കീഴാർനെല്ലി.
തലയിൽ താളിയായി ഉപയോഗിച്ചാൽ താരനും,മുടികൊഴിച്ചിലും ഉണ്ടാകില്ല.
'കറുകപ്പുല്ല്' ദശമൂലങ്ങളിലെ പുല്ലു വർഗ്ഗത്തിൽ ശ്രേഷ്ടൻ.വിറ്റാമിനുകളും,ലവണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള പുല്ലാണ് കറുക.വെള്ള,നീല എന്നീ രണ്ടുതരം കറുകകൾ കാണാം.
പ്രമേഹ രോഗത്തിനും,
വയറുവേദനയ്ക്കും കറുക ഫലപ്രധമാണ്.
ഇരട്ടിമധുരവും ചേർത്തു വെളിച്ചെണ്ണയിൽ കാച്ചി പുരട്ടിയാൽ വ്രണങ്ങൾ പൊറുക്കും.
തീ പൊള്ളലിനും,അപസ്മാരത്തിനും കറുക ഉത്തമ ഔഷധമാണ്.

'കുരുമുള'കിലെ ഔഷധഗുണം ധാരാളമാണ്.ദഹനക്കുറവു,പുളിച്ചു തെകിട്ടൽ മുതലായ വയറിലെ അസ്വസ്ഥതയ്ക്ക് പച്ച കുരുമുളക് കല്ലുപ്പുമായി ചേർത്തു ചവച്ചരച്ചു നീര് ഇറക്കുക പെട്ടെന്ന് ശമനം ലഭിക്കും,.തുമ്പ നീരും വയറ്റിലെ അസുഖങ്ങൾക്ക് ഫലപ്രധമാണ്.
തേൾ വിഷത്തിനു പച്ചമഞ്ഞളും ചേർത്തു അരച്ചു പുരുട്ടുന്നത് ഉത്തമമാണ്. 

'തുമ്പ'നീർ വെളിച്ചെണ്ണയിൽ ചാലിച്ച് കുഴിനഖത്തിനു ഉപയോഗിക്കാം.'മുക്കുറ്റി' നീര് മോരിൽ ചേർത്തു കഴിച്ചാൽ വയറിളക്കം ശമിക്കും.തേനിൽ ചേർത്തു കഴിച്ചാൽ ചുമയും,കഫക്കെട്ടും ഇല്ലാതെയാകും.
മുറിവുണക്കാനും അത്യുത്തമം.
ഇനിയും അനേകം ഔഷധ ചെടികൾ പുശ്ചഭാവത്തോടെ നമ്മെനോക്കിചിരിക്കുന്നു?
ആധുനീക മനുഷ്യൻറെ വിശ്വാസമില്ലായ്മ കൊണ്ട് ചെറിയ രോഗങ്ങളെ പോലും,അത്യന്താധുനിക വൈദ്യശാസ്ത്രം പണക്കൊഴുപ്പിന്റെ മുഖ്യ ധാരയിലേക്ക് മാറ്റപ്പെടുകയും,തന്മൂലം പല മരുന്നുകളുടേയും  പ്രയോഗത്താൽ വേറെ വൻ രോഗമായി രോഗിമാറുകയും ചെയ്യുന്ന കാഴ്ച്ച നാം ദിനംപ്രതി കാണുന്നു.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;രഘു കല്ലറയ്ക്കൽ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ 


പുസ്തകവും,യാത്രയും!!

                   പുസ്തകവും,യാത്രയും!!

വായന!പുസ്തകമാകട്ടെ,മറ്റെന്തുമാകട്ടെ!
വായന മനുഷ്യന് അറിവിന് ഉതകുന്ന ടോണിക്ക് ആണ്!!
എനിക്കും വായന വളരെ ഇഷ്ടമാണ്,പക്ഷെ!
കൂടുതൽ ശ്രദ്ധയോടെയുള്ള വായന മൂലം 
തലവേദന അലട്ടുമായിരുന്നു.
എന്നാലും വകവയ്ക്കാതെ ഞാൻ വായന തുടരുകതന്നെ ചെയ്തു.
അറിവ് തികഞ്ഞവർ ആരും ഭൂമുഖത്തില്ല.,
പലരിലേയും അറിവുകളെ കൂട്ടി ഉണർത്താൻ വായന ഫലപ്രദമായ മാർഗ്ഗമാണ്.
ആരിലും,സാമാന്യജ്ഞാനം വളർത്താൻ വായന എന്ന ശീലം ഉപകരിക്കും."വായിച്ചുവളരുക"എന്ന ആപ്തവാക്യം മനുഷ്യസമൂഹത്തിനു 'അറിവിന്നുറവാകും'!!!.
സാമാന്യജ്ഞാനം കൈവരിച്ച വ്യക്തിക്ക് അറിവിനെ പരിപോഷിപ്പിക്കാൻ യാത്രകൾ നല്ല ഉപാതിയാണ്.
യാത്രയും എനിക്ക് ഇഷ്ട വിനോദമായിരുന്നു.പല ചെറു യാത്രകൾ ചെറു പ്രായത്തിൽ നടത്തിയിട്ടുണ്ട്,അധിക ദൂരെയല്ലാത്തവ.
മധുര,പഴനി,കന്യാകുമാരി,
തിരുവനന്തപുരം,മദ്രാസ്,ഈറോഡ്,സേലം മുതലായതാണ് എൻറെ യാത്ര. 
യാത്രയിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം വിവരിക്കാൻ ഈ അവസരം വിനയോഗിക്കുകയാണ്,കഴിയുമെങ്കിൽ നിങ്ങൾക്കും അനുഭവങ്ങൾ പങ്കുവയ്ക്കാം.
തയ്യാറാകുമെന്ന വിശ്വാസത്തോടെ ഞാൻ തുടരട്ടെ.
                യാത്രയിൽ ഉറങ്ങിപ്പോയതിനു!!.
കളമശ്ശേരിയിൽ ടെക്സ്റ്റൈൽ ബിസിനസ്സ് നടത്തുന്ന അച്ഛന് കൂട്ടായി ഒഴിവു സമയങ്ങളിൽ കുഞ്ഞു നാൾ മുതൽ ഞാൻ കടയിൽ സ്ഥിരമായി ഉണ്ടാകും.
അച്ഛന്റെ കച്ചവടത്തിന് സഹായിയായി കൂടെ താമസിച്ചു പഠിക്കുന്ന കൊച്ചു പ്രായം.
എനിക്ക് യാത്ര വളരെ ഏറെ ഇഷ്ടമുള്ള ഒന്നായിരുന്നു.
യാത്രകൾക്ക് പ്രേരണ അച്ഛൻ തന്നെ യായിരുന്നു.
എൻറെ ആദ്യ യാത്രകൾ അച്ഛന്റെ സൈക്കിളിൽ എറണാകുളത്തെ  പാടിവട്ടത്തു അച്ഛന്റെ തറവാടായ 'കല്ലറയ്ക്കൽ'-നിന്ന് വൈക്കം- കുലശേഖരമംഗലത്തുള്ള അമ്മയുടെ തറവാടായ 'കാരുവള്ളി' തറവാട്ടിലേയ്ക്കും,അവിടന്നു തിരിച്ചുമുള്ള യാത്ര മറക്കാനാവുന്നതല്ല.
ഇടത്താവളമായ തൃപ്പുണിത്തുറ.
അച്ഛന് ധാരാളം സുഹൃത്തുക്കൾ ഉള്ള സ്ഥലമാണ്.
അവിടെ അധികനേരം തങ്ങുക പതിവാണ്.
തൃപ്പുണിത്തുറയിലെ ഹോട്ടലുകളിലെ നല്ല രുചിയാർന്ന ഭക്ഷണത്തിന്റെ ഓർമ്മ,പല നാളുകളും എന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നില്ക്കുകയാണ്.
ആദ്യമായി ജിലേബി തിന്നതും,പായസത്തിന്റെ സ്വാദും,നറുമധുരവും നിറഞ്ഞ സുഖിയൻ മനസ്സിൽ ഉണരുന്നതും അവിടത്തെ ഹോട്ടലിലെ ഭക്ഷണം തന്നെയാണ്..
തൃപ്പുണിത്തുറ എൻറെ ബാല്യത്തിൻറെ പ്രിയ്യപ്പെട്ട ആസ്ഥാനമാണ്‌,മറക്കാൻ കഴിയാത്തത്ര അനുഭവങ്ങൾ സമ്മാനിച്ച രാജകീയ ആസ്ഥാനം!!!!!.
വിശാലമായ മതിൽക്കെട്ടിനുള്ളിൽ തല ഉയർത്തിനിൽക്കുന്ന മണിമന്ദിരങ്ങൾ,വൃത്തിയുള്ള രാജവീഥികൾ,തണലേകുന്ന കുളിർകാറ്റിൽ ഇളകിയാടുന്ന ഇലചില്ലകൾ നിറഞ്ഞ ഫലവൃക്ഷകൂട്ടങ്ങൾ.
കിളികളുടെ കളകളാരവം നിറഞ്ഞ അന്തരീക്ഷം.
'സന്താന ഗോപാലം'വിഷ്ണുനാഥന്റെ സാന്നിദ്ധ്യം  വൈകുണ്ഡലോകതുല്യതയുണ്ടാക്കുന്നു.
ഭക്തി പൂർണ്ണമായ പൂർണ്ണത്രയീശന്റെ ഐശ്വര്യപൂർണ്ണമായ ആധിപത്യം തൃപ്പൂണിത്തുറയെ കൂടുതൽ ധന്യമാക്കുന്നു..
കേരളത്തനിമയുടെ ആകെത്തുകയാണ് തൃപ്പൂണിത്തുറയെന്നു പറയുന്നതിൽ തെറ്റില്ല.
അമ്പലങ്ങളുടെ ഈറ്റില്ലമാണ്തൃപ്പൂണിത്തുറ.
തൊട്ടടുത്ത വൈറ്റില ചെറിയ കവല മാത്രമായിരുന്നു.വലിയ രണ്ടു കുളങ്ങൾ ഒന്ന് സുഭ്രഹ്മ്യണ്യക്ഷേത്രവും,പടിഞ്ഞാറെ കുളത്തിനു ചേർന്ന് ഇരു വശങ്ങളിലേക്ക് പോകുന്ന ആലുവ,എറണാകുളം റോഡുകൾ.
ഒരേക്കറിന് മേലുള്ള തെളിനീരുള്ള കുളത്തിനു ചുറ്റും മൂന്നടി കൽകെട്ടിനുമുകളിൽ ഗ്രില്ലുകൾ വച്ചു സംരക്ഷിച്ചിരുന്നു.
കുളത്തിനു ചേർന്നുള്ള വില്ലേജ് ഓഫീസ് മാത്രാമാണ് പറയാനുള്ളത്.കടകളോ,മറ്റു സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല.
നന്നേ ചെറു പ്രായത്തിൽ ബസ്സ് യാത്ര ചെയ്തിട്ടുള്ള എനിക്ക് യാത്ര, വിഭ്രാന്തി ഉണ്ടാക്കിയിരുന്നില്ല.
പലാരിവട്ടത്തു നിന്നു SMS ബസ്സിൽ അച്ഛൻ കയറ്റി വിടും.അച്ഛന്റെ പരിചയക്കാരായ ഡ്രൈവറും,കണ്ടക്ടറും ആണെങ്കിലും.രണ്ടു ചങ്ങാടങ്ങൾ കയറിയുള്ള യാത്രയായിരുന്നു.
ആദ്യമെല്ലാം ഭയപ്പാടോടെയായിരുന്നു യാത്ര.
പൂത്തോട്ടയും,മുറിഞ്ഞപുഴയും- കടത്തിനു മുന്നിൽ വണ്ടിനിർത്തും എല്ലാവരെയും ഇറക്കിയാണ് വണ്ടി ചങ്ങാടത്തിൽ കയറ്റുന്നത്.
പരിച്ചയമുള്ളതിനാലും,തീരെ ചെറിയ പയ്യനായതിനാലും എന്നെ ബസ്സിൽ തന്നെ ഇരുത്തുകയാണ് പതിവ്.
സുരക്ഷിതമായി ബസ്സിൽ ഇരിക്കുമ്പോഴും,വണ്ടി കയറുമ്പോൾ ചങ്ങാടത്തിനു ഭാരം മൂലമുള്ള കുലുക്കം, ഭയം കൊണ്ട് ബലം പിടിക്കുമായിരുന്നു.
പിന്നീട്‌ ശീലമാകുകയായിരുന്നു.
കാലങ്ങൾ കഴിഞ്ഞു ഞാൻ തനിയെ എവിടേയും  പോകുമായിരുന്നു.
ടെക്സ്റ്റൈൽ നടത്തുന്ന അച്ഛന്റെ കടയിലേക്ക് മറുനാട്ടിൽ നിന്ന്   തുണിത്തരങ്ങൾ എടുത്തു വരാൻ എനിക്ക് ഒരവസരം കൈവന്നു.
ആ അവസരം ഞാൻ തന്നെ ഉണ്ടാക്കുകയായിരുന്നു.
അച്ഛന് ചിക്കൻഫോക്സ് പിടിപെട്ടു,ചികിത്സ കഴിഞ്ഞു വന്ന സമയം. 
അതുവരെയുള്ള കച്ചവടത്തിൽ ബന്ധുക്കൾ പലരും സഹായിച്ചെങ്കിലും,ക്ഷീണിതനായ അച്ഛനു തൃപ്തി വരാതെയുള്ള   നാളുകളായിരുന്നു,
കുട്ടിയായ ഞാൻ ഉണ്ടായതിനാൽ കൂടുതൽ നഷ്ടം വന്നില്ല എന്ന് അച്ഛൻ പറഞ്ഞിരുന്നു. 
എന്റെ കഴിവിൽ അച്ഛന് വിശ്വാസം ഉണ്ടായിരുന്നു..
മുപ്പത്തിയഞ്ചോളം കടകളിൽ ജവുളി എത്തിച്ചു കൊടുക്കുന്ന ഹോൾസേൽ കച്ചവടവും കൂടെ ഉണ്ടായിരുന്നതിനാൽ മാസത്തിൽ രണ്ടുപ്രാവശ്യമെങ്കിലും ചരക്കെടുക്കാൻ മറുനാടുകളിൽ പോകാതെ തരമില്ല.
കൂടുതലും കൈത്തറി വസ്ത്ര വ്യാപാരാമായതിനാൽ,തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു പർച്ചേഴ്സിംഗ്.
പല കടകളുടെയും ഓർഡർ കൊടുത്തു തീർക്കേണ്ടതുണ്ട് 
തീരെ വയ്യാത്തതിനാൽ അച്ഛൻറെ  പോക്കു ഒഴിവാക്കി.
ഞാൻ പലപ്രാവശ്യം പോകാമെന്ന് പറഞ്ഞതും അച്ഛൻ ചെവിക്കൊണ്ടില്ല.
മുൻപ് ഒരിക്കൽ അച്ഛന്റെ അകന്ന ബന്ധു കൊച്ചുകുട്ടൻ അമ്മാവനുമായി ഞാൻ ഈരോഡിനു പോയിട്ടുണ്ടായിരുന്നു.
കൊച്ചുകുട്ടൻ അമ്മാവനുമായി പോകാൻ അച്ഛന് സമ്മതവുമായിരുന്നു.
പക്ഷെ !അദ്ദേഹത്തിനു തല്ക്കാലം ചരക്കു ആവശ്യമില്ല.
റീട്ടേൽ കടയായതിനാൽ രണ്ടോ,മൂന്നോ മാസം കൂടുമ്പോൾ പോയാൽ മതി.
അതും ഒഴിവായപ്പോൾ അർദ്ധ മനസ്സോടെ ഞാൻ ഒറ്റയ്ക്ക് പോകുന്നതിന് അച്ഛൻ സമ്മതിച്ചു.
അതിനും കാര്യമുണ്ട് തമിഴ് നാട്ടിൽ ചരക്കെടുക്കുന്ന സ്ഥാപനങ്ങളിലെ ചിലരെല്ലാം എന്നെ പരിചയമുള്ളവരാണ്.പലപ്പോഴും കടയിൽ വന്നിട്ടുള്ളവരുമാണ്,മാത്രമല്ല കൊച്ചുകുട്ടൻ അമ്മാവനുമായി പോയ പരിചയവും ഉണ്ട്.
അച്ഛന്റെ സമ്മതം എനിക്ക്
സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു .
എന്റെ ജീവിതത്തിലെ ഒരു വിലപ്പെട്ട സാഹസിക  യാത്രയായി അതിനെ ഞാൻ ഇന്നും കാണുന്നു.

1969,ആലുവ ശിവരാത്രിക്ക് രണ്ടാഴ്ച  കഴിഞ്ഞുള്ള  ഒരു ചൊവ്വാഴ്ച  രാത്രി 11-45-നു മണിക്കുള്ള മംഗലാപുരം ട്രെയിന് ആലുവ റെയിൽവെ സ്റ്റേഷണിൽ നിന്നും തമിഴ്നാട് ഈറോഡ് എന്ന സ്ഥലം വരെ ഒറ്റയ്ക്ക് പുറപ്പെടുന്നു.
പതിനേഴു വയസ്സുപോലും പ്രായമില്ലാത്ത പയ്യൻ വെറും കയ്യോടെ ആയിരുന്നില്ല യാത്ര!
ഇരുപതിനായിരം രൂപക്കുമേൽ പണമായും,പലർക്കുള്ള പല ചെക്കുകൾ വേറെയും കൈവശം ഭദ്രമായി സൂക്ഷിച്ചുള്ള യാത്രയായിരുന്നു.
ആദ്യമായി ദൂരയാത്ര ഒറ്റയ്ക്ക് ചെയ്യുന്നതിന്റെ പിരിമുറുക്കം ഉണ്ടായിരുന്നു.അതിലേറെ ത്രില്ലും.
ഇന്നത്തെപ്പോലെ ആയിരത്തിന്റെയും,
അഞ്ഞൂറിന്റെയും നോട്ടുകൾ അന്ന് ഉണ്ടായിരുന്നില്ല.
അന്ന് വിനിമയത്തിന് ഏറ്റവും വലിയ നോട്ടുകൾ നൂറു രൂപയുടേത് മാത്രമായിരുന്നു.അതും വിരളമായിരുന്നു.
സാധാരണക്കാരന്റെ കൈവശം ഇരുപതിന്റെയും,പത്തിന്റെതും,അഞ്ചുരൂപ,
രണ്ടുരൂപ,ഒരുരൂപയുമായിരുന്നു അധികമായി ഉണ്ടായിരുന്നത്.
ഈ ചെറിയ നോട്ടുകൾ പല ബാങ്കുകളിൽ കൊടുത്ത്, കൊണ്ടുപോകാനുള്ള സൌകര്യത്തിനു  നൂറുരൂപ നോട്ടുകളാക്കി മാറ്റിയാണ് യാത്ര!
ഇത്രയും വലിയ തുകയുമായി യാത്ര ചെയ്യാൻ ഞാൻ തയ്യാറായെങ്കിലും,ഉള്ളിൽ ഭയം നുരച്ചു പോന്തുകയായിരുന്നു.
ഒന്നും പുറത്തു കാട്ടാതെ ഞാൻ ധൈര്യം നടിച്ചു.
ഭയം കാണിച്ചാൽ പോകേണ്ടെന്നു പറഞ്ഞാലോ?
ബുദ്ധിമാനും,ധൈര്യശാലിയുമായ അച്ഛന്റെ മനോബലം എനിക്ക് പ്രചോദനമായി.
അച്ഛൻ തന്ന ധൈര്യം വീര്യമായി എന്നിൽ ജ്വലിച്ചു.
അച്ഛന്റെ വാക്കുകൾ ഇന്നും എന്റെ മനസ്സിനെ ഉത്തേജിപ്പിക്കുന്നവയാണ്.
"പണം നമുക്ക് ഉണ്ടാക്കാൻ കഴിയുന്നതാണ്,സൂക്ഷിക്കുകയും വേണം.പക്ഷെ!അബദ്ധവശാൽ നഷ്ടപ്പെട്ടാൽ ഭയപ്പെടേണ്ടതായി ഒന്നുമില്ല.മനസ്സു വിഷമിക്കാതെ അച്ഛന്റെ ഇടപാടുകാർ അവിടെ ഉണ്ടല്ലോ? പലരും മോനെ അറിയാവുന്നവരാണ് അവരോട് കാര്യം പറഞ്ഞു,ചിലവിനുള്ള തുകയും വാങ്ങി തിരിച്ചു പൂരുകയാണ് വേണ്ടത്.അല്ലാതെ പണം നഷ്ടപെട്ടതിന് മനം നൊന്തു വേവലാതി പെട്ട് സാഹസത്തിനു തുനിയരുത്.
പ്രവർത്തിക്കാൻ തയ്യാറായാൽ നഷ്ടപെട്ടത് വീണ്ടെടുക്കാം.ധൈര്യമായി പോയ്‌വാ!!!"
ആ നല്ലവാക്കുകൾ ഇന്നും എന്റെ മനസ്സിൽ മുഴങ്ങുന്ന ആവേശമാണ്.
തന്റേടിയായ, അതിലുപരി വിവേകിയായ അച്ഛനായിരുന്നു എൻറെയും ധൈര്യം!
രാത്രി 11-45 -നു ആലുവ റയിൽവേ സ്റ്റേഷണിൽ നിന്നുള്ള ട്രെയിനിലാണ് പുറപ്പെടേണ്ടത്.
പൊടുന്നനെ ആയതിനാൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല.(ഒരുപക്ഷെ റിസർവേഷൻ അന്നില്ലയിരിക്കാം)
അച്ഛന്റെ അനുഗ്രഹത്തോടെ യാത്രയായി 10-45-നു സ്റ്റേഷണിൽ ഹാജർ.
കൃത്യസമയത്ത് വണ്ടി എത്തി, പക്ഷെ!
സഹിക്കാവുന്നതിലും അപ്പുറം തിരക്കായിരുന്നു.
അന്ന് ഈ ട്രെയിനിൽ മദ്രാസ്സിനുള്ള കമ്പാർട്ടുമെന്റ് ഒരെണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
നോക്കി കയറിയില്ലെങ്കിൽ മംഗലാപുരത്തായിരിക്കും യാത്ര അവസാനിക്കുക.
ഷൊർണൂർ ചെന്ന് വേർപെടുത്തുന്ന കമ്പാർട്ടുമെന്റു  മംഗലാപുരത്തുന്നു വരുന്ന ട്രെയിനിൽ കൊളുത്തിയാണ് യാത്ര തുടരുക.
വളരെ സാഹസികമായിരുന്നു യാത്ര.
ഒരു മണിക്കൂറോളം ഷൊർണൂർ റയിൽവേ സ്റ്റേഷണിൽ നിർത്തിയിടുമായിരുന്നു.
തിരക്കുമൂലം തൂങ്ങിനിന്നാണ് തരിപ്പൂർ വരെ എത്തിയത്.ക്ഷീണിച്ച് അവശനായിരുന്നു.
ഒന്ന് ഇരുന്നാൽ മതി എന്ന തോന്നൽ വല്ലാതെ അലട്ടി.
ബർത്തിൽ നിന്നിറങ്ങിയ മാന്യൻ ആലസ്യത്തിൽ നിന്ന എന്നെ അവിടേക്ക് ക്ഷണിച്ചു.
ആശ്വാസത്തോടെ,സ്വർഗ്ഗം കിട്ടിയ പ്രതീതിയൊടെ ഞാൻ സ്വീകരിച്ചു.
ക്ഷീണവും,ഉറക്കവും ഒരുപോലെ എന്നെ കീഴടക്കി.
തിരുപ്പൂര് നിന്നും ഒരുമണിക്കൂർ യാത്രയെ ഈറോഡിലേക്കുള്ളൂ.
ഗാഡ നിദ്രയിലായ ഞാൻ വണ്ടി ഈറോഡ് കഴിഞ്ഞത് അറിഞ്ഞില്ല.
ഞെട്ടി ഉണർന്നപ്പോൾ വണ്ടി സേലം സ്റ്റേഷണും പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.
ബർത്തിൽ നിന്നിറങ്ങി
കമ്പാർട്ടുമെന്റിൽ ക്ഷമയറ്റ്നിന്നു വിയർത്തു.
അധികം യാത്രചെയ്തു ശീലമില്ലാത്ത എനിക്ക് എന്ത് ചെയ്യണമെന്നു രൂപമുണ്ടായില്ല.
അടുത്ത സ്റ്റേഷണിൽ ഇറങ്ങാൻ തീരുമാനിച്ചു.
വണ്ടി ഒരിടത്തും നിർത്തിന്നില്ല,നല്ല വേഗതയിൽ ഓടിക്കൊണ്ടെയിരിക്കുന്നു.
സമയം കഴിഞ്ഞു പോകുന്നത് എന്നെ വല്ലാതെ അലട്ടി.ക്ഷമയറ്റ ഞാൻ തളർന്നു.
ഈറോഡ് മാർക്കറ്റിൽ 6-മണിക്ക് എത്തേണ്ട ഞാൻ ഇനി എപ്പോൾ ചെല്ലുമെന്ന ആശങ്ക ഒരുവശത്തും,തിരിച്ചു ചെന്നാൽ മാർക്കറ്റിൽ വാങ്ങാൻ വല്ലതുമുണ്ടാകുമോ.........?
മനസ്സും ശരീരവും ഒരുപോലെ തളർന്നു.
ഒരുപാട് ദൂരം ഓടി വണ്ടി ജോലാർപേട്ട്  സ്റ്റേഷണിൽ നിന്നു.
വളരെ വേഗം ഞാനിറങ്ങി.
അവിടെ കണ്ട ഒരു പോട്ടറോട് ഈറോഡ് പോകാനുള്ള  വണ്ടിയെപ്പറ്റി തിരക്കി.
തമിഴ് എനിക്ക് നന്നായി സംസാരിക്കാനും,എഴുതാനും അറിയാമായിരുന്നു.
ഉച്ചകഴിഞ്ഞ് മാത്രമേ ഇനി വണ്ടിയുള്ളൂ.
അയാള് പറഞ്ഞതു പോലെ ബസ്സിനു പോകാൻ ഞാൻ തയ്യാറായി.
പ്ലാറ്റ്ഫോമിൽ നിന്നും പുറത്തിറങ്ങി.
പുറത്തുകണ്ട മറ്റൊരു പോട്ടരോട് ബാസ്സുകിട്ടാൻ എവിടെ പോകണമെന്ന് തിരക്കി.
എവിടെക്കാണെന്ന അയാളുടെ ചോദ്യത്തിൽ ഞാൻ എനിക്കുപറ്റിയ അബദ്ധം പറഞ്ഞു.
ബസ്സിനു പോയാൽ വളരെ വൈകും,ഇപ്പോൾ ഒരു 'കോവൈ' എക്സ്പ്രസ്സ് വണ്ടിയുണ്ട് അതിന്  ഇവിടന്നു ടിക്കറ്റില്ല ടി ടി യോട് പറഞ്ഞാൽ ശരിയാക്കി തരും.
അയാളുടെ വാക്ക് കേട്ട ഞാൻ10 -പൈസ കൊടുത്ത് പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങി വണ്ടിയും കാത്തു നിന്നു.
അധികം താമസിയാതെ ഒരു തീവണ്ടി പ്ലാറ്റ്ഫോമിൽ വന്നു നിന്നു.നല്ല മോടിയുള്ള വണ്ടി. 
മറ്റു വണ്ടികളിൽ നിന്നും വലിയ പ്രൗഡിയുണ്ടായിരുന്നു ഈ വണ്ടിക്ക്.
തുടിക്കുന്ന മനസ്സോടെ തൊട്ടടുത്ത കമ്പാർട്ടുമെന്റിൽ നിന്ന് ഇറങ്ങിയ കറുത്ത കോട്ടിട്ട ടി ടി യുടെ അടുത്തു ചെന്ന് കാര്യം താമിഴിൽ തന്നെ അവതരിപ്പിച്ചു.
അയാൾ എന്നെ ശ്രദ്ധിക്കുന്നു പോലുമില്ലായിരുന്നു. നിരാശതോന്നി.താമസ്സിച്ചാൽ വണ്ടി പോകുമെന്ന ആശങ്കയും.
വീണ്ടും അയാളെ സമീപിച്ചു.
നിഷേധാമായിരുന്നു അയാളുടെ മറുപടി.
സഹാതാപം അർഹിക്കുംവിധം വീണ്ടും ആവർത്തിച്ചു.
"ശരി,ശരി-നീ ആന്ത" F "ലെ പോയ്‌ ഉക്കാറ്!!"
അയാൾ മുഖത്തു പോലും നോക്കാതെ പറഞ്ഞു, മിന്നിമറഞ്ഞു.
എനിക്ക് ഒന്നും മനസ്സിലായില്ല,ഞാൻ മിഴിച്ചു നിന്നു.
പെട്ടെന്നാണ് എന്റെ മുന്നിലെ കമ്പാർട്ടുമെന്റിൽ എഴുതിയിട്ടുള്ള "C"കണ്ണിൽ തെളിഞ്ഞത്.
ഒട്ടും താമസിയാതെ "F"കമ്പാർട്ടുമെന്റിൽ ഒരുസീറ്റ് തരപ്പെടുത്തി ഞാനിരുന്നു.
വണ്ടിപുറപ്പെട്ടു വളരെ ദൂരമായിട്ടും അയാളെ കാണുന്നില്ല.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിലുള്ള കുറ്റബോധം എന്നെ അലട്ടി.
പിന്നെയും വളരെ വൈകിയാണ് അയാൾ വന്നത്.
അയാൾ ഒരു രശീത്‌ തന്നു 
 "നീ പത്തുരൂപ അമ്പത് കാശ് കൊട്"അയാൾ പറഞ്ഞു.
ഞാൻ രശീത്‌ വാങ്ങി കാശ് കൊടുത്ത്.
അയാൾ പോയശേഷം രശീത്‌ നോക്കി.
അത് പത്തുരൂപയ്ക്കുള്ള രശീതായിരുന്നു.
അമ്പതു പൈസ കൈക്കൂലിയും.
ചെറുതായി അതിശയിച്ചു.കേരളവും,തമിഴ്നാടും തമ്മിലുള്ള പണത്തിനോടുള്ള ആർത്തിയുടെ അന്തരം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
സുഖകരമായ യാത്രയായിരുന്നു. 10 മണിയോടെ ഈറോഡ് മാർക്കറ്റിൽ എത്താൻ കഴിഞ്ഞു.
എനിക്കു വേണ്ടതായ  പല സാധനങ്ങളും മാർക്കറ്റിൽ വിറ്റഴിഞ്ഞു കഴിഞ്ഞിരുന്നു.
എന്നാലും എന്റെ ശ്രമഫലമായി പരിചയമുള്ള  ചില കടകളിൽ നിന്നും സംഘടിപ്പിച്ചു.
വിലയിൽ ചെറിയ കൂടുതൽ ഉണ്ടാവും.
കാലങ്ങളായി ഞങ്ങളുമായി വ്യാപരബന്ധമുള്ള പല കടകളിലും പോകേണ്ടതുണ്ടായിരുന്നു.
പലർക്കും മുൻപ് വാങ്ങിയ ചരക്കിന്റെ തുകയ്ക്ക് ചെക്ക് കൈമാറേണ്ടതുമുണ്ടായിരുന്നു.
ചെക്ക് കൊടുക്കുകമാത്രമല്ല അവരിൽനിന്നും പലസാധനങ്ങളും വാങ്ങുകയും വേണം.
വേണ്ട സാധനങ്ങൾ പറഞ്ഞു കൊടുത്ത് എനിക്ക് സ്ഥലം വിടാം.
അവർ പാക്ക് ചെയ്തു ലോറി പാർസൽ സർവീസ് വഴി അയച്ചു തരുകയാണ്‌ പതിവ്.
പാസ് പോസ്റ്റ്‌ൽ വഴി അയച്ചു തരും.
ഞാൻ മാർക്കറ്റിൽ നിന്നും എടുത്തവ ബേലുകളാക്കി പാർസൽ ചെയ്തു പാസ് വാങ്ങി വേണം എനിക്ക് പോകാൻ.അതിനു കുറെ സമയം എടുക്കുക തന്നെ ചെയ്യും.ഏതാണ്ട് മൂന്നു മണിയോടടുത്ത് പാസ് വാങ്ങി തിരിച്ചു മടക്കം.
അലച്ചിലും,അന്തരീക്ഷത്തിലെ ചൂടും,പൊടിക്കാറ്റും വല്ലാതെ ക്ഷീണമുണ്ടാക്കുന്നതാണ്.
ശരീരം കൂടുതൽ വലിഞ്ഞു മുറുകുന്ന തോന്നൽ.
വിയർക്കാതെ ശരീരം ഒട്ടിപ്പിടിക്കുന്ന അസ്വസ്ഥത.
തമിഴ് നാടിന്റെ മണ്ണിന്റെ ഘടന മണൽ തരികളല്ല,
വളരെ നേർത്ത പൊടികളാണ്.
കുതിര ചാണാനും,കാള ചാണാനും റോഡിൽ പലയിടങ്ങളിൽ വീണു,ഉണങ്ങി അതിനു മേലെയുള്ള വാഹനങ്ങൾ ഓടി പൊടിഞ്ഞു, ചില നേരങ്ങളിൽ ചുറ്റിയടിക്കുന്ന കാറ്റിൽ ഇവ ശരീരത്തിൽ പറ്റിപ്പിടിക്കുകയാണ്.
കുതിര വണ്ടികളുടെയും,കാളവണ്ടികളുടെയും ചക്രങ്ങൾ ടാർറോഡിൽ അമർന്നുള്ള ഓട്ടത്തിൽ ഉണ്ടാകുന്ന കടകട ശബ്ദവും,നനുത്ത പൊടിപടലവും.
അന്തരീക്ഷത്തിൽ വെയിലിൻറെ ചൂട് അസഹ്യമാണ്.
ആ ചൂടിൽ വിർക്കുകയല്ല,വിയർപ്പു പുറത്തു വരുംമുമ്പ് വറ്റിപ്പോവുകയാണ് ചെയ്യുന്നത്.
അസ്വസ്തയ്ക്ക് കാരണവും അതുതന്നെ.
അന്നത്തെ ഈറോഡു ഒരു വലിയ പട്ടണസമാനമായിരുന്നില്ല.കൊച്ചു പട്ടണം.
റെയിൽവേ സ്റേറഷനിൽ നിന്ന് വെളിമ്പ്രദേശം താണ്ടി രണ്ടു കിലോമീറ്റർ സഞ്ചരിച്ചു വേണം ചന്തയിൽ എത്താൻ.വാഹനങ്ങൾ കുതിരവണ്ടികലും,കാളവണ്ടികളും,സൈക്കിൾ, തന്നെയാണ്കൂടുതലും.മോട്ടോർ വാഹനങ്ങൾ വളരെ കുറച്ചു മാത്രമായിരുന്നു.
ലോറികൾ ധാരാളം ഉണ്ടായിരുന്നു.കാറുകൾ വളരെ കുറവായിരുന്നു.മോപ്പടുകൾ,സൈക്കിളുകൾ ധാരാളം.ഞങ്ങൾ പലപ്പോഴും നടന്നു തന്നെയാണ് പോകാറുള്ളത്.കുറ്റിക്കാടുകളും മുൾചെടികളും നിറഞ്ഞ പൂഴിമണൽ നടവഴിയിലൂടെ അല്പം കുറുക്കുവഴി പോയാൽ ദൂരം കുറയ്ക്കാൻ കഴിയും.
പൊടിയുടെ ശല്യം കുറയുകയും ആവും.
റോഡു വഴി പോകുന്നത് പൊടിക്കാറ്റിന്റെ ശല്യം കൂടുതൽ അനുഭവപ്പെടും..അതിനാൽ യാത്ര മിക്കവാറും,നടവഴിയിലൂടെ തന്നെയാണ്.
പോകുന്നവഴിയിൽ ഒരു കുശിനി മാത്രം കാണാം.
അത് ചാരായ ഷാപ്പാണെന്നു വളരെക്കാലം കഴിഞ്ഞു മാത്രമാണ് ഞാൻ അറിയുന്നത്.
ഒരിക്കൽ മാർക്കറ്റിലേക്കുള്ള യാത്ര രാവിലെ ഏകദേശം അഞ്ചര മണികഴിഞ്ഞു,നേരിയ പകൽ വെളിച്ചം.ഞാൻ നടന്നുപോകുമ്പോൾ,പനമ്പ് തട്ടി കൊണ്ട് മറച്ച ചാരായ ഷാപ്പിനടുത്തു എത്തുന്നതിനു മുമ്പ് രണ്ടു സ്ത്രീകൾ തമ്മിൽ മൽപ്പിടുത്തം നടത്തുന്നതായി തോന്നി,നിഴൽ രൂപം.
പ്രഭാതത്തിന് പ്രകാശം വീണു തുടങ്ങുന്നതേയുള്ളൂ.
അടുത്തു വന്നപ്പോൾ കണ്ട കാഴ്ച്ച വിവരിക്കാൻ പറ്റുന്നതല്ല.സ്ത്രീകൾ തമ്മിലുള്ള മൽപ്പിടുത്തം കാണാനുള്ള കൗതുകത്തോടെ ഞാൻ നിന്നു.
മൽപിടുത്തത്തിൽ വസ്ത്രങ്ങൾ അഴിഞ്ഞും,കീറിയും സ്ത്രീകൾ രണ്ടും പൂർണ്ണ നഗ്നരായിരുന്നു.ചാരായത്തിന്റെ ലഹരിയിൽ മതിമറന്ന അവർ മല്പ്പിടുത്തം മതിയാക്കുകയോ,
വസ്ത്രം എടുത്തു ഉടുക്കുകയോ ചെയ്തില്ല.
വഴിയിൽ മറ്റാരെങ്കിലും വരുന്നതു കണ്ടാലെങ്കിലും സ്ത്രീകൾക്ക് നാണം തോന്നുമല്ലോ?എന്നെ കണ്ടിട്ടും അവർ നഗ്നത മറയ്ക്കാൻ തയ്യാറായില്ല.
മദ്യലഹരിയിൽ,അതിലേറെ ലഹരി ആ നഗ്നതപ്രദർശനത്തിൽ അവർ ആസ്വതിക്കുന്നതായി എനിക്ക് തോന്നി.ആ ഉന്മാദത്തുടിപ്പിൽ മതിമറക്കുകയായിരുന്നു.
അവരുടെ ഗോപ്യമായ അവയവങ്ങൾ വല്ലാതെ പ്രദർശിപ്പിക്കുകയായിരുന്നു.
അതിൽ അവർ രസം കൊള്ളുകയിരുന്നു.
നാടോടി കളെങ്കിലും നല്ല വെളുത്തു ശോഷിച്ച രണ്ടു സ്ത്രീകളുടേയും ഉരുണ്ടു തുടുത്ത ശരീര ഭാഗങ്ങൾ കണ്ട് എനിക്ക് നാണം തോന്നി.
മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.
ആസ്വതിക്കാനുള്ള കൗതുകമുണ്ടായിരുന്നെങ്കിലും പിന്നീടൊന്നു നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.
                                                                                    രഘു കല്ലറയ്ക്കൽ 
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ 


Sunday, August 23, 2015

തിരുവോണസ്മൃതി!!

                     തിരുചിങ്ങപ്പുലരി !! 

തിരുചിങ്ങപ്പുലരി വിടർന്നു, 
                  പൂവെല്ലാം പൂത്തു നിരന്നു.
തിരുമുറ്റത്തത്തം മുതലേ ,
                  തിരുമേനിക്കാദരമേകാൻ-
തിരുവോണം നാൾവരെ എന്നും,
                  തൊടിയെല്ലാമോടി നടന്നും-
തിരയുന്നു പൂവുകൾ തേടി,
                  മടിയാതെ നാട്ടിലിതെന്നും.
മലമേലെ കേറിയിറങ്ങി,
                  കദളിപ്പൂമതിയതു നിറയെ-
വേലിക്കും പുറമേ കാണാം
                  കോളാമ്പി പൂവതു നിറയെ!
വേലിക്കും അരികതു പറ്റി 
                  അരിമുല്ല പൂവതു കാണാം.
അലയുമ്പോൾ അവിടവിടായി,  
                 തുമ്പപ്പൂ വെളുവെളെയാകെ!!
വയലേലയ്ക്കരികെ ചേർന്നാ,
                 ചേറുള്ളാ ചെറു തോടതിലായ്-
മയമായി തലയും നീട്ടി,തെളിനീരിൻ 
                 മുകളിലതായി,ആമ്പൽപ്പൂവി-
രിയാനായി,കൊതിയോടങ്ങിലയുടെ പറ്റെ,
                             കുളിർകാറ്റും തെരുതെ-
രയപ്പോൾ,കരയാകെ നറുമണമണയും,
                                   മനമാകെ തളിരിതമല്ലോ!!
കുരുവിക്കൂട്ടങ്ങൾ കൂടി ചെലുചെലയാ
                                കാഹളമോടെ,തെങ്ങോലയ്-
ക്കരികിൽ തൂങ്ങി,തിരുവോണ 
                                     കുസൃതികൾ കാണാം!!!!.
ഒരുകൊച്ചു കുസൃതികളോടെ,ഒരുപറ്റം 
                                          തളിരുകൾ ഞങ്ങൾ -
ഒരുകൂട്ടം ഒരുമയിൽ വിരിയും,
                             തിരുവോണം ഞങ്ങൾക്കല്ലോ!!
                                                രഘു കല്ലറയ്ക്കൽ 
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ 

Tuesday, August 18, 2015

രാവണൻ.

 രാവണന്റെ ജനനം!!   

ദേവന്മാരെ നിരന്തരം ഉപദ്രവിച്ചു,വശംകെടുത്തിക്കൊണ്ടിരുന്ന   അസുരന്മാർക്കെതിരെ സഹികെട്ട് ഗരുഡസമാനനായി വിഷ്ണു ഭഗവാൻ തന്നെ യുദ്ധം ചെയ്തു.
ലങ്കയിൽ നിഷ്ടൂര വാസം നടത്തിവന്ന മാല്യവാനെയും,അനുചരന്മാരേയും തോല്പ്പിച്ചു. 
അവർ ഭയന്ന് വിറച്ചു ജീവനും കൊണ്ട് ലങ്ക ഉപേക്ഷിച്ചു പാതാളത്തിൽ അഭയം തേടി. 
വളരെ കാലം കഴിഞ്ഞു,ഭൂമിയിലെ വിശേഷം അറിയാൻ മാല്യവാനു മോഹം. 
തങ്ങളുടെ വിലമതിക്കാത്ത സാമ്രാജ്യം നഷ്ടപ്പെട്ടത്തിലെ ആദിയും വർദ്ധിക്കുകയായിരുന്നു.
ഭയത്താൽ ഒളിച്ചും, പതുങ്ങിയും പുത്രി കൈകസിയുമൊത്തു ലങ്കയ്ക്ക് വന്നു,
ലങ്കയുടെ അപ്പോഴത്തെ അധിപനും,ഭരദ്വാജന്റെ പുത്രിയിൽ വിശ്രവസ്സ് മുനിയിൽ ജനിച്ച,,മൂന്നു ലോകത്തിനും സമ്മതനായ പുത്രൻ വൈശ്രവണൻ,  പുഷ്പക വിമാനത്തിൽ പിതാവിനെ കാണാൻ പുറപ്പെടുന്ന കാഴ്ച്ച മാല്യവാനു സഹിച്ചില്ല.
തങ്ങളുടെതായിരുന്ന ലങ്കാപുരി കൈക്കലാക്കി വാഴുന്ന വൈശ്രവണൻറെ ഐശ്വര്യത്തിലും,പ്രാഗല്ഭ്യത്തിലും,ധന ശേഷിയിലും അസൂയ തോന്നിയ മാല്യവാൻ മകളെ ഉപദേശിച്ചു."എല്ലാം നഷ്ടപ്പെട്ട നമുക്ക് ശത്രുക്കൾ മാത്രമേയുള്ളൂ ബന്ധുക്കൾ ആരുമില്ല.നിനക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു,ആരും നിന്നെ വരിക്കാൻ വരുകയുമില്ല.അതിനാൽ അച്ഛൻ പറയുന്നത് അനുസരിക്കുക.വിശ്രവസ്സ്  മുനിയെ വശത്താക്കി ഗർഭം ധരിച്ചാൽ ജനിക്കുന്ന പ്രജക്കും വൈശ്രവണൻറെ സവിശേഷതകൾ ഉണ്ടാകും".
പിതാവിന്റെ നിബ്ബന്ധത്തിനു വഴങ്ങി കൈകസി വിശ്രവസ്സ് മുനിയെ ഉപാസിച്ചു ശരണം പ്രാപിച്ചു.
പല നാളുകൾ ക്ഷമയോടെ കാത്തു മുനിയെ സ്വന്തമാക്കാൻ കഴിഞ്ഞില്ല,ക്ഷമയറ്റു  ഒരുനാൾ ഒറ്റയ്ക്ക് സന്ധ്യാവന്ദനത്തിനു തയ്യാറായി വന്ന മുനിയെ നിർബ്ബന്ധിച്ചു ശാരീരിക ബന്ധത്തിന് പ്രലോപിപ്പിക്കുകയും, നിവർത്തിയില്ലാതെ മുനി അവൾക്കു വശംവദനാകുകയും ചെയ്തു. 
അതിന്മൂലം ഉണ്ടാകാൻ പോകുന്ന ദോഷങ്ങൾ മുനി പറഞ്ഞു മനസിലാക്കുന്നു.
"ഘോരമായ ഈ സന്ധ്യാസമയത്തു 
ബന്ധപ്പെടുന്നതിനാൽ ഉണ്ടാകുന്നതു ക്രൂരമതികളായ  ദുഷ്ട പ്രജകളായിരിക്കും.നാല് പേർ നിനക്ക് ജനിക്കും ആരും നല്ലവരായിരിക്കില്ല".
മുനിയുടെ വാക്ക് കേട്ട് അവൾ പിന്മാറാൻ തയ്യാറല്ലായിരുന്നു.
"അങ്ങയുടെ പുത്രന്മാരെ എനിക്ക് വേണം.
ശ്രേഷ്ടനായ അങ്ങയ്ക്ക് ജനിക്കുന്ന പുത്രന്മാർ ദുഷ്ടരായാൽ കീർത്തി ദോഷം അങ്ങയുടെ ശ്രേഷ്ടതയ്ക്കായിരിക്കും"
മുനിയുടെ വാക്കുകൾ തുടർന്നു 
 "അവസാനത്തെ ഒരുപുത്രൻ ദീർഘാവലോകനം ഉള്ളവനും,ഗുണവാനും,
ദീർഘയുഷ്മാനുമായിരിക്കും". 
എന്ന് അനുഗ്രഹവും വാങ്ങി മോഹിതയായ കൈകസി മുനിയുടെ ബന്ധത്തിൽ ഗർഭം ധരിച്ചു പ്രസവിച്ചു.
കൈകസിയിൽ ഒരു പ്രസവത്തിൽ  രാവണൻ മാത്രമല്ല,കുംഭകർണ്ണൻ,ശൂർപ്പണക,വിഭീഷണൻ എന്നീ നാലുപേർ ജനിച്ചു.
പത്തു തലയും,ഇരുപതു കൈകളുമുള്ള രാവണൻ.
മലയോളം ഭീമാകാരനായ   കുംഭകർണ്ണൻ,
രാക്ഷസ്സിയുടെ സകല ലക്ഷണവും പ്രസവസമയത്തും പ്രകടിപ്പിച്ച ശൂർപ്പണക.
സൗമ്മ്യഭാവമുള്ള  വിഷ്ണു ഭഗവാന്റെ അംശം കലർന്ന വിഭീഷണൻ.
നാല് മക്കളുമായി സമാധാനത്തിൽ കഴിഞ്ഞു വരവേ..
വിശ്വകർമ്മാവ്‌ നിർമ്മിച്ച വിശ്വവിസ്മയമായ ലങ്കാപുരിയിൽ നിന്നും വൈശ്രവണന്റെ പുഷ്പക വിമാനത്തിലുള്ള യാത്ര കണ്ട് രാവണനോട് കൈകസി വ്യസനത്തോടെ പറഞ്ഞു  
"ഒരേ പിതാവിന്റെ പുത്രന്മാരായ നിങ്ങളെ പോലുള്ള ഒരുപുത്രൻ ആ പിതാവിനെ ദർശിക്കാൻ പുഷ്പക വിമാനത്തിൽ പോകുന്നത്‌. കണ്ടോ?"
നിരാശയും,അസൂയയും പൂണ്ട അവളുടെ വാക്കുകേട്ട്.
ദുഃഖ ഏതും തോന്നാത്ത അതി ശക്തനായ രാവണൻ അമ്മയെ സമാധാനിപ്പിച്ചു.
"ഞാൻ ഇവനിലും വലിയവനായ് വരും തപോബലം കൊണ്ട്!!.തപോബലം കൊണ്ടേ മനോരഥമെല്ലാം സഫലമാകൂ!അതിനാൽ ഞങ്ങളെ തപസ്സുചെയ്യാൻ പോകാൻ അമ്മ അനുവദിക്കണം"
അമ്മയുടെ അനുവാദത്തോടെ രാവണനും,കുംഭകർണനും,വിഭീഷണനും തപസ്സിനായി ഗോകർണ്ണത്തേയ്ക്ക് പുറപ്പെട്ടു.ബ്രഹ്മാവിനെ പ്രാർത്ഥിച്ചു പഞ്ചാഗ്നിമദ്ധ്യസ്ഥനായേക നിഷ്ടയാലെ,
മഴയും,വെയിലും,മഞ്ഞും സഹിച്ചും തപസ്സു തുടങ്ങി.
സൂര്യനിൽ ദൃഷ്ടി ഉറപ്പിച്ചു കുംഭകർണനും,
ബ്രഹ്മസ്വരൂപത്തെ ധ്യാനിച്ച്‌ വിഭീഷന്ണനും കഠിന തപസ്സു തുടങ്ങി. 
പതിനായിരത്താണ്ട് കഴിഞ്ഞും ബ്രഹ്മാവ്‌ പ്രത്യക്ഷനായില്ല.മനം നൊന്തു ദാശാനനൻ തൻറെ ഒരു തല വെട്ടി അഗ്നിയിൽ ഹോമിച്ചു.
ബാക്കി ഒൻപതു തലയുമായി ആയിരം ആണ്ടും കഴിഞ്ഞു ബ്രഹ്മാവിനെ കാണാഞ്ഞു തല ഓരോന്നായി അഗ്നിയിൽ ഹോമിച്ചു അവസാനം ഒരു തല മാത്രമായി.
പത്തൊൻപതിനായിരത്താണ്ട് കഴിഞ്ഞും
അംഭോജോൽഭവൻ പ്രത്യക്ഷനാകാഞ്ഞതിൽ ദുഖത്തോടെ അവശേഷിച്ച തലയും ഹോമിക്കാൻ തയ്യാറായി വാളുയർത്തി.
നിശ്ചയദാർഷ്ട്യത്തിൽ  അടിയുറച്ച രാവണനു മുന്നിൽ പരിഭ്രമത്തോടെ ബ്രഹ്മാവ്‌ പ്രത്യക്ഷനായി. "മതി,മതി നിന്റെ പരാക്രമം.നിന്റെ അഭീഷ്ടം പറഞ്ഞാലും"
സന്തുഷ്ടനായ രാവണൻ തന്റെ അഭീഷ്ടംഉണർത്തിച്ചു.
"ദേവന്മാരാലും,ഗന്ധർവ്വന്മാരാലും,അസുരന്മാരാലും,
അതുപോലുള്ളവരാലും ഞാൻ ബഹുമാനിക്കപ്പെടണം.മനുഷ്യനൊഴികെ ആരും എന്നെ വധിക്കാനും പാടില്ല"
"എല്ലാം നിനക്കൊത്തവണ്ണം വരിക"എന്നുപറഞ്ഞു ധാതാവ് കുംഭകർണ്ണനു വരം നല്കാൻ തുടങ്ങുമ്പോൾ,കുംഭകർണ്ണൻറെ അഭീഷ്ടം ഇന്ദ്രത്വം തന്നെയെന്നു മനസ്സിലാക്കിയ ദേവന്മാരുടെ പരിദേവനം കേട്ട് ബ്രഹ്മാവ്‌ സരസ്വതി ദേവിയോട്"കുംഭകർണ്ണൻറെ നാവിനഗ്രരത്തിൽ വന്നു വാക്കിനു സംഭ്രാന്തി ഉണ്ടാക്കണം"എന്ന് പറഞ്ഞു,
അപ്രകാരം അംഭോജസംഭവൻ"നിൻറെ അഭീഷ്ടം പറയുക"അത് കേട്ട് വന്ദിച്ചു കുംഭകർണ്ണൻ"നിദ്രത്വമാശു നല്കേണമടിയന് വിദ്രുതം മറ്റൊന്നും വേണ്ടീല ദൈവമേ!!"
അങ്ങിനെ തന്നെ വരട്ടെ!എന്നുപറഞ്ഞു വിഭീഷണനെ സമീപിക്കുന്നു.
 ഭക്തി പൂർവ്വം നമസ്കരിച്ചു നില്ക്കുന്ന വിഭീഷണനോട് 'വേണ്ടുന്ന വരം ഞാൻ നല്കാം വിഷാദം കളഞ്ഞു ചോദിക്കൂ!"
"നിന്തുരുവടിയെ കണ്ടതുതന്നെ സംതൃപ്തിയേകുന്നു.പാപകർമ്മങ്ങൾ ചെയ്യാതെ അങ്ങയുടെ പാദസേവ ചെയ്തു കഴിഞ്ഞാൽ അതുമതി.അതിനുള്ള അനുഗ്രഹം തരിക"സംതൃപ്തനായ ബ്രഹ്മാവ്‌ 
"നീ ഭഗവാൻറെ ഇഷ്ട പ്രിയനായി ചിരഞ്ജീവി യായി കല്പാന്തകാലം വാഴും".
എല്ലാവർക്കും വരം കൊടുത്ത് ബ്രഹ്മാവ്‌ മറഞ്ഞു. 
കുംഭകർണ്ണൻ ഉറക്കം തുടരുകയും ചെയ്തു.
മൂവ്വരും മാതാവിനോടുകൂടെ സുഖമായി കഴിഞ്ഞു വരവേ.
സംഭവങ്ങൾ അറിഞ്ഞു സന്തോഷത്തോടെ പാതാളത്തിൽ നിന്ന് സുമാലി പുത്രന്മാരും,ബന്ധുക്കളുമായി വന്നു കൈകസിയോടൊപ്പം  താമസമാക്കി. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!                                      ആര്യപ്രഭ                     

Tuesday, August 4, 2015

രാമായണം തരുന്ന മറ്റൊരു പാഠം!!!.

     അഹങ്കാരിയായ രാവണൻ!! 
കല തടസ്സങ്ങളും,അത്ഭുതാവഹമായ വിവിധ സംഭവങ്ങളും തൃണവല്ഗണിച്ചു ആയാസമായ സമുദ്രവും കടന്നു ലങ്കയിൽ എത്തിയ ഹനുമാൻ, സീതാ ദേവിയെ കണ്ടു അടയാളമായ മോതിരവും കൊടുത്ത്.ശ്രീരാമ വാർത്തകളും പറഞ്ഞു വണങ്ങി  ചൂടാമാണിയും,അടയാള വാക്കും വാങ്ങി. ലങ്കയുടെ മനോഹാരിത കണ്ട് രാവണനോടുള്ള  ക്രോധത്താൽ ലങ്കയിലെ പ്രിയപ്പെട്ട,പ്രത്യേകം പരിപാലിക്കുന്ന മനോഹരമായ ഉദ്യാനങ്ങൾ എല്ലാം താരിപ്പണമാക്കി,.
രാവാണന്റെ പുത്രനായ അക്ഷയനേയും കൊന്നു.
ലങ്കയിലെ നാലിലൊന്ന് പടയാളികളെയും നിഗ്രഹിച്ചു.വികൃതികളുടെ കൂത്തരങ്ങായ ഹനുമാനെ ഒതുക്കാൻ ശ്രമിക്കവേ 
ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്ര പ്രയോഗിക്കുന്നു.
ബ്രഹ്മാസ്ത്രത്തെ ഹാനുമാൻ ബഹുമാനത്തോടെ വണങ്ങി, മോഹാലസ്യത്തിൽ വീണ ഹനുമാനെ കെട്ടി രാവണനു മുന്നിൽ വച്ചു.
ദേവന്മാരുടെ വര ബലത്താൽ ഹനുമാന്  മനസ്സിനും,ശരീരത്തിനും വിഷമമം തോന്നിയില്ല.
മയക്കം നടിച്ചു കിടന്നു.
ഇവൻ നാശത്തിനു വന്നവനാണെന്നും,അവൻ ആരാണെന്നറിയാൻ സേനാപതി  പ്രഹസ്തനോട് ഇന്ദ്രജിത്തു കല്പ്പിക്കുന്നു.
പ്രഹസ്തൻറെ ആദരവോടെയുള്ള വാക്കുകൾക്കു ഹനുമാൻ,താൻ രാമന്റെ ദൂതനാണെന്നു അറിയിക്കുന്നു.
രാമനോട് മത്സരിക്കാൻ തുനിയുന്ന രാവണനെ വെറുക്കുന്ന ഹനുമാൻ പലതും പറഞ്ഞു,രാവണനെ അധിക്ഷേപിച്ചും ഉപദേശ രൂപേണയുള്ള ഹനുമാന്റെ ധിക്കാരം നിറഞ്ഞ വാക്കുകൾ കോപാഗ്നിയാൽ ജ്വലിക്കുന്ന കണ്ണുകളുരുട്ടി  രാവണൻ ഗർജ്ജിച്ചു.
"പൊടിപോലെ ഇവനെ വെട്ടി നുറുക്കുവിൻ.ജന്തുക്കളിൽ പേടിയില്ലാത്ത,വിനയമില്ലാത്ത ഇങ്ങനെ ഒരുവനെ ഞാൻ കണ്ടിട്ടില്ല.ആരാ.....?സുഗ്രീവൻ.?അവനെയും,
നിന്റെ രാമനെയും,സീതയേയും,നിന്നെയും കൊല്ലും".
അത് കേട്ട് പല്ലു ഞെരിച്ചു ഹനുമാൻ പറഞ്ഞു.
"നീ എന്തറിയുന്നു?നൂറായിരം രാവണന്മാരും ഒരുമിച്ചു എതിർത്താലും എന്റെ ചെറുവിരലിനു പോര!,പിന്നെ നീ രാമനെ എന്ത് ചെയ്യാനാ കശ്മല!"
അതു കേട്ടു കോപിഷ്ടനായ രാവണൻ
"ഈ കള്ളനെ ഉടൻ കൊല്ലുവിൻ"
അടുത്തു വന്ന വിഭീഷണൻ അത് കേട്ട്ഭയന്നു പറഞ്ഞു.
"ദൂതനെ കൊല്ലുന്നത് രാജ നീതിക്കു ഉചിതമല്ല.ഇവൻ വന്നത് രാമൻ അറിയണമല്ലോ?അതിനു ഒരടയാളം കൊടുത്ത് അയക്കണം".
അത് രാവണനും ഇഷ്ടമായി.
"വാനരന്മാർക്കു കൈയ്യിന്മേലല്ല ശൗര്യം,അവർക്ക് വാലിന്മേലാണ് ശൗര്യം.അതിനാൽ അവൻറെ വാൽ മുഴുവൻ എണ്ണമുക്കി തുണിചുറ്റി തീ കൊളുത്തി,എടുത്തു പൊക്കി, പെരുമ്പറ കൊട്ടി,
രാത്രിയിൽ വന്ന കള്ളൻ എന്ന് അകലെ കേൾക്കുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു നടത്തുവിൻ,വാല് നഷ്ടപ്പെട്ട ഇവനെ കുലദ്രോഹിയാക്കി വാനര കുലത്തിൽ നിന്നും നീക്കും".രാവണൻ പറഞ്ഞപോലെ ഭടന്മാർ ഹനുമാന്റെ വാലിൽ തുണി ചുറ്റിത്തുടങ്ങി,എണ്ണ,നെയ്യ് മുതാലായവകളും,സകല ഗൃഹങ്ങളിലെയും വസ്ത്രങ്ങളും ഉപയോഗിച്ചിട്ടും,വളരുന്ന വാല് പിന്നെയും ബാക്കിയായി.വസ്ത്രവും,എണ്ണയും മറ്റും എങ്ങും തീരുകയും ചെയ്തു.
നാട്ടിലൊരിടത്തും ഉടുവസ്ത്രമൊഴിച്ച് തുണിയും,എണ്ണയുമില്ലാതായി.
"ഇവൻ ദിവ്യൻ തന്നെയാണ്,ഇതു നാശത്തിനുള്ള പുറപ്പാടാണെന്നു തോന്നുന്നു"തുണി ചുറ്റുന്ന ചിലർ പറയുകയും ചെയ്തു.
ഒട്ടും താമസിയാതെ തീ കൊളുത്താൻ ആജ്ഞവന്നു.
തീ കൊളുത്തിയ ഉടനെ ശരീരം വികസിപ്പിച്ചു കെട്ടുകളെ പൊട്ടിച്ചു ഉയർന്നുപൊങ്ങിയ ഹനുമാൻ വാഹകന്മാരെ കൊന്നു,നിരനിരയായ ഗൃഹങ്ങളുടെ കൂട്ടത്തിൽ കയറി തീ കൊളുത്തി.വിഭീഷണന്റെ കൊട്ടാരം ഒഴിച്ച് എല്ലാ വീടുകളും,മണിമന്ദിരങ്ങളും  കത്തി ചാമ്പലായി.
പലരും രാവണന്റെ ദുഷ്ടതയെ പറഞ്ഞു ശപിച്ചു.
സീതാദേവി കുടികൊള്ളുന്ന അശോകവനവും കത്താതെ ശേഷിച്ചു.ലങ്കമുഴുവൻ കത്തി ചാമ്പലായി.
അഗ്നിദേവൻ സന്തുഷ്ടനായി ഹനുമാനെ സ്തുതിച്ചു.
ഹനുമാൻ വാല് സമുദ്രത്തിൽ മുക്കി തീ കെടുത്തി.പാവകന്റെ ഇഷ്ട തോഴനാണ് ഹനുമാൻ,മാത്രമല്ല ഭർത്താവിനാൽ അകന്നു കഴിയുന്ന ജാനകി ദേവിയുടെ പ്രാർത്ഥനയും ഹനുമാന് പൊള്ളലേൽക്കാതെ കാത്തു.
എല്ലാം അവസാനിപ്പിച്ചു വീണ്ടും സീതാദേവിയെ കണ്ട്,തനിക്കു സീതാദേവിയെ രാമനു മുന്നിൽ എത്തിക്കാൻ ഒരു പ്രയാസവുമില്ല എന്ന ഹനുമാന്റെ വാക്കിനു,സീതയുടെ മറുപടി ശ്രദ്ധേയമാണ്."നിന്നാൽ കഴിയുമെന്നു എനിക്കറിയാം.നീ രാവണനെ കൊന്നു എന്നെ കൊണ്ടു പോയാൽ,അത് എന്റെ പ്രാണനാഥനു അപകീർത്തിയാകും,ഫലം!!.രാമൻ ഇവിടെ വന്നു യുദ്ധം ചെയ്തു രാവണനെ കൊന്നു എന്നെ കൊണ്ട് പോകുവാൻ വേണ്ടതു ചെയ്യുക,അതുവരെ ഞാൻ എന്റെ ജീവൻ രക്ഷിച്ചു കൊള്ളാം"സീതയുടെ വാക്കുകൾ കേട്ട് തൊഴുതു വണങ്ങി ഹനുമാൻ മടങ്ങി.രാമനെ വിവരം ധരിപ്പിച്ചു സുഗ്രീവനും മറ്റു വീരരും ഒത്തു ലങ്കയിലേക്ക് പുറപ്പെടാനുള്ള മാർഗ്ഗങ്ങൾ ഒരുക്കുമ്പോൾ.
ലങ്കയിൽ ഉറക്കം അവസാനിച്ചു കുംഭകർണൻ രാവണനെ കാണാൻ പുറപ്പെട്ടു.ഗാഡാശ്ലേഷത്തോടെ ലങ്കയിലെ പരാക്രമങ്ങൾ  ജേഷ്ടൻ രാവണൻ വിവരിച്ചു.വല്ലാത്ത ഭീതിയോടെ കുംഭകർണൻ"ഭവാൻ ചെയ്തത് തന്റെ ജീവനു തന്നെ ആപത്താണ്.സീതയെ അപഹരിച്ച തന്നെ രാമൻ നശിപ്പിച്ചു കളയും സംശയം വേണ്ടാ,
ജീവിച്ചിരിക്കനാഗ്രഹമുണ്ടെങ്കിൽ രാമനെ സ്മരിക്കുക.രാമൻ മനുഷ്യനല്ലെന്നു മനസ്സിലാക്കുക,മഹാവിഷ്ണു  ലോകനാശം തടയാൻ മനുഷ്യനായി പിറന്നതാണ്,സീത ലക്ഷ്മീഭഗവതിയാണ്.
ചൂണ്ടയിൽ കൊളുത്തിയ ഇരയുടെ തിളക്കം കണ്ടു മോഹിച്ചു വിഴുങ്ങുന്ന മത്സ്യത്തെപ്പോലെ,
അഗ്നിയെ കണ്ടു മോഹിക്കുന്ന ശലഭങ്ങൾ വെന്തു മരണമടയുന്ന പോലെ,സീതയെ കണ്ടു മോഹിക്കുക കാരണം മരണം അങ്ങേയ്ക്കും വരാൻ പോകുന്നു.
നിനക്കു മാത്രമോ?നാട്ടിലുള്ളവർക്കും ആപത്താണ് വരാൻ പോകുന്നത്.നാരദൻ പണ്ട് പറഞ്ഞത് സത്യം തന്നെയാകാൻ പോകുന്നു."
ഇതു കേട്ട ഇന്ദ്രജിത്തും യോജിച്ചു പറഞ്ഞു.
താമസിയാതെ അവിടെ വന്ന വിഭീഷ്ണനും രാവണനോടു പറഞ്ഞു.
"നല്ലതിനായി എല്ലാരും ഒന്നിച്ചു ചിന്തിക്കണം.രാമനോട് യുദ്ധം ചെയ്തു വിജയിക്കാൻ കഴിയില്ല.ശ്രീരാമൻ മനുഷ്യനല്ല സകലതിനും വത്യസ്തനായ മഹാവിഷ്ണു ആണ്.
ഹിരണ്യാക്ഷനെ രക്ഷിക്കാൻ നരസിംഹമായി ഹിരണ്യകശിപുവിനെ നിഗ്രഹിച്ച വീരൻ.
ത്രിലോകവും വരമായി പ്രഗ്ൽപ്പനായ മഹാബലിയിൽ നിന്നും വാങ്ങിയ വാമനൻ,
അസുരന്മാരെ കൊന്നൊടുക്കുവാൻ ഭൂമിയിൽ അവതരിച്ച പരശുരാമനും മറ്റാരുമല്ല സാക്ഷാൽ ജഗന്മയൻ തന്നെയാണ് ശ്രീ രാമനും.
ഭക്തിയോടു നിന്നാൽ എന്തും സഹിക്കുന്നവനാണ് രാമൻ.
അതുകൊണ്ട് മൈഥലീ ദേവിയെ കൊണ്ടെ ക്കൊടുത്തു അദ്ദേഹത്തിന്റെ പാദംബുജത്തിൽ നമസ്കരിക്കുക.കൈ തൊഴുതു രക്ഷിക്കണമെന്ന് പറഞ്ഞാൽ ചെയ്ത അപരാധങ്ങൾ എല്ലാം ക്ഷമിച്ചു അനുഗ്രഹിക്കും.ഇത്രമേൽ ദയാനിധി രാമനല്ലാതെ മറ്റാരുമില്ല.
വിശ്വാമിത്ര മഹർഷിയുടെ ആവശ്യപ്രകാരം താപസന്മാരുടെ യാഗം മുടക്കാതെ രക്ഷിച്ചതും,താടകയ്ക്കു  ശാപമോക്ഷം വരുത്തിയതും,കല്ലായ അഹല്യക്ക്‌ മോക്ഷം കൊടുത്തതും,ത്രൈയംബകം വില്ല് ഖണ്ഡിച്ചു സീതയുമായി പോരുമ്പോൾ പരശുരാമൻ യുദ്ധത്തിനു പുറപ്പെട്ടതും, ഭാർഗ്ഗവനോട് ജയിക്കുന്നതും.വിരാധനനെ,ഖരാദികളെ കൊന്നാതും,ബാലിയെ കൊന്നതും മനുഷ്യനായ രാമൻ തന്നെയാണ്.
സമുദ്രം ചാടിക്കടന്നു സീതയെ കണ്ടു,ലങ്കാപുരിക്ക് തീ ഇട്ടു പോയ ഹനുമാനെ അഹന്ത കൊണ്ടു മറക്കരുത്!!.സജ്ജനത്തോടു വൈര്യം നല്ലതല്ല.
താമസം വിന വൈദേഹിയെ തിരിച്ചേൽപ്പിക്കുക,
മത്സരം വച്ചു പോയാൽ പിന്നെ നാടും,നഗരവും,
സേനയും നശിക്കും.'ഇഷ്ടം പറയുന്ന 
ബന്ധുക്കളാരുമേ കഷ്ട കാലത്തിങ്കൽ ഇല്ലന്നു നിർണ്ണയം'.ശ്രീരാമനോട് കലഹം തുടങ്ങിയാൽ ആരും ശരണം ഉണ്ടാകില്ല എന്നത് ഓർക്കണം"വിഭീഷണൻറെ വാക്കുകൾ പുശ്ചഭാവത്തോടെ  കേട്ട രാവണൻ കോപിഷ്ടനായി
 "ശത്രു മിത്രമായി കൂടെയിരിക്കുന്നത് മരണം വരുത്തുവാൻ തന്നെയാണെന്നത്‌ ഉറപ്പാണ്,ഇത്തരം വാക്കുകൾ എന്നോട് പറയുന്നത് എൻറെ കൈകൊണ്ടു മരിക്കാനാകും".വിഭീഷണന്റെ വാക്കുകൾക്കു വിലകൊടുക്കാത്ത രാവണനോട് 
"മരിക്കാൻ കിടക്കുന്ന മനുഷ്യന് സിദ്ധൌഷധം ഏല്ക്കുകയില്ല.എന്ത് പറഞ്ഞാലും നിന്റെ വിധി വൈഭവം എന്നാൽ നീക്കാൻ കഴിയില്ല.ഞാൻ ശ്രീരാമനെ സേവിച്ചു ഇനിയുള്ളകാലം കഴിയാൻ പോകുന്നു".ഇത്രയും പറഞ്ഞ് രാവണൻറെ കാൽക്കൽ വീണു നമസ്കരിച്ച വിഭീഷണനോട് കോപത്തോടെ "രാമനെ സേവിച്ചു കൊള്ളുക,കൂടെ നിന്ന് ആപത്തു വരുത്തുന്നത് നീ ഒരുത്തനായിരിക്കും .മുന്നിൽനിന്നു പോയില്ലങ്കിൽ എൻറെ ചന്ദ്രഹാസത്തിനു,നീ ഭക്ഷണമാകും"
രാവണന്റെ വാക്കുകൾ കഠോരമായിരുന്നു.
"എൻറെ അച്ഛനു തുല്യനായ അങ്ങയുടെ വാക്ക് പാലിച്ചു ഞാൻ പോകുന്നു".
വിഭീഷണൻ യാത്രയായി  ദശാരിയെ ശരണം പ്രാപിക്കുവാനായി നാല് സേവകരുമായി ആകാശമാർഗ്ഗേ ഗമിച്ചു.
ലങ്കയിൽ ഭാടന്മാരിൽ ബഹു ഭൂരിഭാഗവും കൊട്ടരവാസ്സികളും,ജനങ്ങളും രാവണൻറെ ചെയ്തികൾക്ക്‌ എതിരായിരുന്നു.
ഇന്ദ്രജിത്തും,വിഭീഷനനും,കുഭകർണ്ണനും, രാവണൻറെ സന്തത സഹചാരിയായ മാരിചൻ പണ്ട് നാരദ മുനിപറഞ്ഞറിഞ്ഞതു ഓർത്തു, സീതാ അപഹരണത്തിന്റെ അന്ന് രാവണനോടു പറഞ്ഞതും,രാമൻ മഹാവിഷ്ണു തന്നെ എന്ന കാര്യങ്ങൾ രാമനെ മനസ്സാ ധരിച്ചു കഴിയുന്ന മാരിചൻ വിവരിക്കുന്നത് കേട്ട് കോപത്താൽ "ഞാൻ പറയുന്നത് കേട്ടില്ലങ്കിൽ എന്റെ വാളിനു 
ഇരയാകേണ്ടിവരും നീയും"
ഇതു കേട്ട് മാരിചൻ വിചാരിച്ചത്."ദുഷ്ടന്റെ ആയുധം ഏറ്റു മരിച്ചാൽ നരകത്തിലായിരിക്കും അഭയം,രാമസ്സായകമേറ്റു മരിക്കുകിൽ പുണ്ണ്യ സഞ്ചയം കൊണ്ട് മുക്തനാകുമല്ലോ"അങ്ങിനെ മാരിചൻ രാവണനു 
വശം വദനാവുകയായിരുന്നു.നിവർത്തിയില്ലാതെ വർണ്ണ മാനായി രൂപം മാറി രാവണനെ സഹായിക്കുന്നതും.
സീതാപഹരണത്തിൽ രാമബാണം ഏറ്റു മരിക്കുമ്പോഴും മാരിചന്റെ മനസ്സുനിറയെ രാമ മയമായിരുന്നു......................! 
ഹനുമാൻ ലങ്കയിൽ നിന്ന് പുറപ്പെട്ടു, വിഭീഷണനും പോയശേഷം രാമവൃത്താന്തം അറിഞ്ഞു വരാൻ പോയ രാവണൻറെ ദൂതനായ ശുകൻ,വാനര സേനയുടെ പിടിയിൽ നിന്ന്മോചിതനായി  ലങ്കയിൽ  തിരികെ വന്നു. പോയ ദൗത്യം പോലും മറന്ന്,ശുകൻ വ്യസനത്തോടെ, വരാൻ പോകുന്ന  നാശം അറിഞ്ഞു രാവണനെ ഉപദേശിക്കുകയായിരുന്നു.രാമനോട് എതിരിട്ടാൽ മരണം ഉറപ്പാണ്‌, രാമനും സീതയും മനുഷ്യരല്ല ചെയ്ത പാപങ്ങൾ തുറന്നു പറഞ്ഞു,
സീതയെ തിരികെ നൽകി, രാമപാദ ത്തിൽ ശരണം പ്രാപിക്കാൻ ഉപദേശിക്കുന്ന ശുകനെ ദഹിപ്പിക്കുന്ന  ജ്വലിക്കുന്ന കണ്ണുകളോടെ നോക്കി രാവണൻ.
"എന്റെ പരികർമ്മിയായ നീ ശ്രേഷ്ടനായ ഗുരുവിനെപ്പോലെ എനിക്ക് ശിക്ഷ കല്പ്പിക്കുന്നുവോ?പണ്ട് നീ ചെയ്ത ഉപാകാരം ഓർത്ത്‌ നിന്നെ ഞാൻ വെറുതെ വിടുന്നു.ഇനി എന്റെ മുന്നിൽ നിന്നാൽ നിനക്ക് മരണം ഉറപ്പാണ്‌"
അതിക്രൂരമായ രാവണ വാക്കുകൾ കേട്ടു ഭയന്ന് ശുകൻ ഓടി മറഞ്ഞു. 
രാവണന്റെ മുത്തച്ഛൻ(അമ്മയുടെ അച്ഛൻ) മാല്യവാൻ പറഞ്ഞതും നാശത്തെ ഇല്ലാതാക്കാൻ തന്നെയാണ്. "രാമനെ സ്തുതിച്ചു,ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു,സീതയെ തിരിച്ചേൽപ്പിച്ചാൽ,മഹാവിഷ്ണുവിൻറെ അവതാരമായ രാമൻ നമ്മുടെ കുലത്തെ രക്ഷിക്കും!.
ജാനകി ലങ്കയിൽ വന്നതു മുതൽ ദുർനിമിത്തങ്ങൾ കാണുകയാണ്.പൂച്ചയെ എലികൾ ഭയപ്പെടുത്തുന്നു,ഗരുഡനെ പാമ്പുകൾ ഓടിച്ചിടുന്നു.എവിടെ നോക്കിയാലും കാലനെ കാണുന്നപോലെ  ഭീതി തോന്നുന്നു.
രാമ ഭക്തി കൊണ്ട് നീ നമ്മുടെ കുലത്തെ രക്ഷിക്കുക!!!".സന്തത സഹാചാരിയായ കാലനേമിയുടെ വാക്കുകളും മറ്റൊന്നായിരുന്നില്ല.
"മക്കളും,അനുജന്മാരും,മക്കളുടെ നല്ലമക്കളും,ഭൃത്യരും ഒക്കെ മരിച്ചു,നീ ജീവിച്ചിരിക്കുന്നതിൽ എന്ത് ഫലമാണ്?സീതയെ രാമനു കൊണ്ടെക്കൊടുത്തു നീ,സഹോദരന് രാജ്യം കൊടുത്ത് ഇനിയുള്ള കാലം കൊടുംകാട്ടിൽ  മുനിവേഷം പൂണ്ടു മനശുദ്ധി വരുത്തി കഴിയുക!!!." അവസാന അവസരത്തിൽ കാലനേമി ഉപദേശിച്ചതും ദിക്കാരത്തോടെ തള്ളുകയായിരുന്നു രാവണൻ.ആരിലും ചെറിയവനല്ലാത്ത രാവണൻ, ആരെയും അനുസരിക്കാൻ പോന്നവൻ ആയിരുന്നില്ല.ഈരേഴു ലോകങ്ങളിലും,പ്രഥമൻ രാവണൻ തന്നെ എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ പരിശ്രമിക്കുകയാണ് അദ്ദേഹം.
നന്മയെ കരുതി പലരും പറഞ്ഞ വാക്കുകൾ അഹ്ങ്കാരമെന്ന ഗർവ്വിനു മുന്നിൽ പകച്ചു പോവുകയായിരുന്നു.ഞാൻ തികഞ്ഞവൻ എന്ന തോന്നലിൽ വന്ന വിനയായിരുന്നു രാവണന്റേത്!!!
കഴിവുകൾ പലതുണ്ടാകാം,ശക്തിയും,ആജ്ഞാ ബലവും,അധികാരവുണ്ടാകാം,എല്ലാം തികഞ്ഞെന്ന തോന്നലാൽ,ബുദ്ധിയെ ഹനിക്കുന്ന ബോധത്തെയാണ് അഹംങ്കാരം എന്ന് വിവക്ഷിക്കുന്നത്!!!. 
എളിമ മഹത്താണ്!-എളിമയാൽ വിനയവും,വിനയത്താൽ ബുദ്ധിയും ശുദ്ധമാകും!.
ബുദ്ധി ശുദ്ധമായാൽ മനസ്സിൽ ദുർ ചിന്തകൾ നശിക്കും.നന്മകൾക്ക് സ്ഥാനം വർദ്ധിക്കും!!!.
രാമായണം തരുന്ന മറ്റൊരു പാഠം!!!.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ