Monday, April 15, 2013

രാജാ ഹരിശ്ചന്ദ്രൻ!!

                                         രാജാ ഹരിശ്ചന്ദ്രൻ!!
ത്യസന്തതയിൽ രാജാധിരാജനായ രാജാവായിരുന്നു ഹരിശ്ചന്ദ്രൻ!!!.
അയോദ്ധ്യാരാജവായ ഹരിശ്ചന്ദ്രന്റെ സത്യസന്തത പ്രസിദ്ധമായിരുന്നു.
സമൃദ്ധിയുടെയും,ഐശ്വര്യത്തിന്റെയും വിളനിലമായ അയോദ്ധ്യയുടെ നിറകുടമായിരുന്നു ഹരിശ്ചന്ദ്രൻ.
 സത്യസന്തതയുടെ പര്യായം!
പ്രജാതൽപ്പരനായ രാജാവിന് അന്ന്യനാട്ടിൽ പോലും ശത്രുക്കൾ ഉണ്ടായിരുന്നില്ല.
സത്യസന്തതയുടെ ഉന്നതിയിൽ വിലസുന്ന ഹരിശ്ചന്ദ്രനെ പരീക്ഷിക്കുക തന്നെയായിരുന്നു വിശ്വാമിത്ര മഹർഷിയുടെ ലക്‌ഷ്യം!
ഗർവ്വിന്റെ കാര്യത്തിൽ ഒട്ടും മോശമല്ലാത്ത വിശ്വാമിത്രൻ,ദാനശീലനും സത്യം മുറുകെ പിടിക്കുന്നവനുമായ രാജാവിൻറെ നിറഞ്ഞ  സദസ്സിൽ എത്തി.
വിനയാന്വതനായി സിംഹാസനത്തിൽ നിന്നും ഇറങ്ങിവന്നു ഹരിശ്ചന്ദ്രൻ ആദരപൂർവ്വം അദ്ദേഹത്തെ സ്വീകരിച്ചു സല്ക്കരിച്ചു.  
ഗർവ്വ് വിടാതെ തന്നെ വിശ്വാമിത്രൻ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. 
തൃപ്തനാകാതെ രാജാവിനോട് ആവശ്യപ്പെട്ടു "അല്ലയോ ദാനശീലനായ രാജാവേ!നാമിവിടെ വന്നത് അങ്ങയിൽനിന്നു ദാനം കൈക്കൊള്ളാനാണ്,സൽക്കാരത്തിനല്ല."
"മഹർഷിവര്യാ!അങ്ങ് എന്ത് ആവശ്യപെട്ടാലും തരാൻ നാം സദാ സന്നദ്ധനാണ്,
ആവശ്യപെട്ടാലും"രാജാവ് വിനീതനായി പറഞ്ഞു. 
"നാം ആവശ്യപ്പെടുന്ന എന്തും തരാൻ അങ്ങേക്കുകഴിയുമോ?അങ്ങയെ എനിക്കുവിശ്വസിക്കാമോ?"അല്പം പരിഹാസം കലർത്തി വിശ്വാമിത്രൻ. 
"മഹർഷെ!നാം സത്യമേ പറയു,പറഞ്ഞത് ചെയ്യും. ആവശ്യപെട്ടാലും."രാജാവ് താഴ്മയോടെ പറഞ്ഞു.
"നമ്മുടെ ആവശ്യം നിന്റെ രാജ്യമാണ്"
ധാർഷ്ട്ര്യത്തോടെ   വിശ്വാമിത്രൻ .......
"ഹരിശ്ചന്ദ്ര മഹാരാജാവേ!നീയും നിന്റെ ബന്ധുക്കളും നാടുവിടുകയും വേണം. മാത്രമല്ല മുപ്പതുനാൾ തികയും മുമ്പായി ആയിരം പൊൻപണം തരുകയും വേണം. സിംഹാസനം ഉപേക്ഷിച്ചു പോകുമ്പോൾ ഉടുവസ്ത്രം മാത്രമായിരിക്കണം കൊണ്ടുപോകാൻ. ആരും ഒന്നും കൊണ്ടുപോകയുമരുത് ". 
ദ്രൌഷ്ടഭാവം കൈവിടാതെ വിശ്വാമിത്രൻ പറഞ്ഞു.  
പകച്ചു പോയ ഹരിശ്ചന്ദ്രൻ,സമനില വീണ്ടെടുത്തു.
ഒട്ടും താമസ്സിയാതെ സിംഹാസനം ഉപേക്ഷിച്ചു,
അന്ത:പുരത്തിൽചെന്ന് തൻറെ പത്നി ചന്ദ്രമതിയെ കാര്യം ധരിപ്പിച്ചു.
 ഭർത്താവിന്റെ വാക്കിന് ജീവനെക്കാൾ വിലകല്പിച്ച അവൾ മകൻ രാഹുലനെ ചേർത്തുപിടിച്ചു തേങ്ങി. 
ആടയാഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി സാധാരണ വസ്ത്രം ധരിച്ചു നഗ്ന പാദരായി അവർ കൊട്ടാരം വിട്ടു. 
കാട്ടിലേക്കുള്ള യാത്രയിൽ അയോദ്ധ്യാ രാജ്യത്തിന്റെ പ്രജകൾ കണ്ണീർ വാർത്തു. 
ദുർഘടവനത്തിലൂടെ കഠിനമായ പദയാത്ര...... ആദ്ധ്യാനുഭവമായിരുന്നു. 
വനത്തിലെ  കായ് കനികൾ ഭക്ഷിച്ചുള്ള യാത്ര,
പല ദിവസങ്ങൾ കഴിഞ്ഞു മറ്റൊരു രാജ്യത്ത് എത്തിചേർന്നു. 
ഗംഗാ തീരത്തെ പ്രശസ്തമായ കാശിപട്ടണം. 
ഭിക്ഷ യാചിക്കാൻ മനസ്സുവന്നില്ല കിട്ടിയത് ഭക്ഷിച്ചു ദിനരാത്രങ്ങൾ കഴിഞ്ഞു. 
മുപ്പതു ദിവസം ആകുന്നു, വിശ്വാമിത്രനു കൊടുത്തവാക്കുപാലിക്കണം,ആകുലതയിൽ മനം നീറി!ഹരിശ്ചന്ദ്രൻ!!
നഗരവീഥിയിലൂടെ നടന്നകന്ന ഹരിശ്ചന്ദ്രനു മുന്നിൽ വിശ്വാമിത്രൻ,"താങ്കളുടെ വാക്ക് വിസ്മരിച്ചുവോ?ആയിരം പൊൻപണം ഉടൻ തരൂ!"വിശ്വാമിത്രൻ രൂഷമായിപറഞ്ഞു. 
ഞെട്ടലോടെ സ്തബ്ധനായ ഹരിശ്ചന്ദ്രൻ,ധൈര്യം കൈവിടാതെ പറഞ്ഞു 
  "അല്ലയോ മഹാത്മൻ !
സൂര്യാസ്തമയത്തിനു മുമ്പായി അങ്ങയുടെ ആവശ്യം നിറവേറും. പണം നാം ഇവിടെ എത്തിച്ചു തരാം"
"ഒരിക്കലും ഇവനാൽ  കഴിയാത്ത കാര്യം"എന്ന് ചിന്തിച്ചു വിശ്വാമിത്രൻ പുച്ഛഭാവത്തിൽ ചിരിച്ചു
ഹരിശ്ചന്ദ്രൻ പത്നി യേയും മകനെയും കൂട്ടി കച്ചവട തെരുവിൻറെ ആൾക്കുട്ടം ഏറെയുള്ള ദിക്കിൽ ചെന്ന്,തന്റെ പത്നിയെ ചൂണ്ടി വലിയ ശബ്ദത്തിൽ പറഞ്ഞു 
 "ആരോഗ്യ ദൃഢഗാത്രയായ വേലക്കാരിയെ വില്ക്കാനുണ്ട്.ആവശ്യക്കാർ വന്നോളു."
കൂടിനിന്ന പല ധനികരും വിലചോദിച്ചു. 
ഒരു ധനികൻ ആയിരം പൊൻപണം കൊടുത്ത് അവളെ സ്വന്തമാക്കി. 
അവളുടെ കുട്ടിയെ അയാൾ ഒഴിവാക്കാൻ ശ്രമിച്ചു. പുത്രവാത്സല്യം അതിനു വിലങ്ങായി,അവൾ അയാളോട്  താണു കേണു അപേക്ഷിച്ചു  മകനെ കൂടെക്കൂട്ടി. 
ഉള്ളുരുകിയ വേദനയോടെ,ഹതാശനായ  ഹരിശ്ചന്ദ്രൻ വിശ്വാമിത്രന്റെ മുന്നിലെത്തി പൊൻപണം ഏൽപ്പിച്ചു. 
ഏകനായ ഹരിശ്ചന്ദ്രൻ,നിസ്സംഗതയുടെ നെരിപ്പോടിൽ ഉരുകി നീറിഅമരുന്ന, വേവലാതിയുടെ പടുകുഴിയിൽ മുങ്ങിത്താണു. 
ഭക്ഷണമില്ലായ്മയും,മനോവേദനയും വല്ലാതെ തളർത്തി. വിവശനായി,തിരക്കുള്ള നഗരവീഥിയിൽ നിന്നും അകലേക്ക്‌ നടന്നു.
മനുഷ്യരെ കാണുന്നത് വേദന വർദ്ധിപ്പിച്ചു.
നടന്നു,നടന്ന് വിജനമായ ഗംഗാ തീരത്ത്‌ കുറ്റിക്കാടുകൾക്കു നടുവിൽ ശവങ്ങൾ എരിഞ്ഞടങ്ങുന്ന ശ്മശാനത്തിൽ എത്തിച്ചേർന്നു.
ശ്മശാനത്തിൽ  അവിടവിടെ  ശവക്കൂനകൾ എരിഞ്ഞുപുകയുന്നു.
ചിന്തകളുടെ കൊടുമുടിയിൽ അഹങ്കരിച്ച മനുഷ്യൻറെ,
ആത്മാവിനെ സൂക്ഷിച്ച കവചം ഉരുക്കുന്ന ചൂളകളാണ് കത്തിയമരുന്നത്.
അഹം മറന്ന ശരീരമായ മൂശയിൽ നിന്ന് ആത്മാവ് പരിപൂർണ്ണമായി ഉരുക്കഴിയുകയാണ്!. 
ശപതങ്ങളും,വാശിയും,ആഗ്രഹങ്ങളും,മോഹങ്ങളും,
മോഹഭംഗങ്ങളും,അസൂയയും,വിദ്വേഷവും
 ഉപേക്ഷിക്കുന്ന ക്ഷേത്രമാണ് ചുടുകാട്! ആർഭാടമില്ലാത്ത,വശ്യതയില്ലാത്ത സത്യസന്തതയുടെ,നിഷ്കളങ്കതചോരാത്ത 
ആത്മാക്കളുടെവിളനിലമാണ് ചുടല!സമാധാനത്തിന്റെ വിളനിലം!!
വിശ്വസിക്കാൻ കൊള്ളുന്ന ഭയപ്പെടാനില്ലത്ത സ്വച്ഛന്ദ ഭൂമി.ശാന്തതയുടെ വിശ്വാസകേന്ദ്രം!!! 
നിസംഗതയുടെ,നിശ്ചലതയുടെ മരവിപ്പിൽ,മറവിയുടെ മേലാപ്പണിഞ്ഞു,സത്യം നിലനില്ക്കുന്ന ആശാകേന്ദ്രത്തിൽ എത്തിയ ആശ്വാസത്തോടെ രാത്രിയിലും ഹരിശ്ചന്ദ്രൻ അവിടെ തങ്ങി. 
ചുടലയുടെ ഉടമസ്ഥന് രാത്രികാലങ്ങളിൽ കാവൽനിൽക്കാൻ ആളെ ആവശ്യമുണ്ടായിരുന്നു. 
ആ ചുമതല ഹരിശ്ചന്ദ്രനെ ഏൽപ്പിച്ചു. 
കണിശക്കാരനായ കാവൽക്കാരനെ അയാൾക്ക്‌ നന്നേ ബോധിച്ചു.
വളരെ നാളുകൾ കടന്നു പോയി.
ഒരു ദിവസം ദരിദ്രയായ സ്ത്രീ തൻറെ കുട്ടിയുടെ ജഢവും ചുവന്നു അവിടെ എത്തി.മനുഷ്യകുലത്തിൽ ആരുടേയും മുഖം കാണാൻ ഇഷ്ടമില്ലാത്ത ഹരിശ്ചന്ദ്രൻശൂന്യതയിൽ ദൃഷ്ടി പതിപ്പിച്ചു,ആ സ്ത്രീയോട് പണം ആവശ്യപ്പെട്ടു
"എന്റെ കൈയ്യിൽ പണമില്ല"മുഖം ചേലത്തലപ്പിൽ മറച്ച  അവൾ കരഞ്ഞു പറഞ്ഞു.   
"പണമില്ലാതെ ഒരു ജഢവും ഇവിടെ ചുടാൻ സമ്മതിക്കില്ല".
കോപിഷ്ടനായ ഹരിശ്ചന്ദ്രൻ സമ്മതിച്ചില്ല. "പണമില്ലെങ്കിൽ ഗംഗയിൽ എറിഞ്ഞു കളയുക."
അയാൾ പറഞ്ഞു. 
കരച്ചിലടക്കാൻ വയ്യാതെ ആ സാധുസ്ത്രീ കോപത്തോടെ,തേങ്ങലോടെ  ഹരിശ്ചന്ദ്രൻറെ മുഖത്തേക്ക് നോക്കി. 
ഹരിശ്ചന്ദ്രനും അവളെനോക്കി. 
തന്റെ പത്നി!.......ദിഗന്തങ്ങൾ നടുങ്ങുമാർ അയാൾ ഞെട്ടി! "അപ്പോൾ!...  മരിച്ചത് തന്റെ പുത്രൻ രാഹുലാണോ?"മനസ്സിലെ മുറുക്കം കെട്ടുപൊട്ടി,
അയാൾ പൊട്ടിക്കരഞ്ഞു. 
നമ്മൾ ഒത്തുചേർന്ന വിധിയെ ഓർത്തു സമാധാനിക്കാൻ അവൾ കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞുസമാധാനിപ്പിച്ചു
"പാമ്പു കടിച്ചു മരിച്ച പുത്രന്റെ ജഢവും പേറിവന്ന തന്റെ പത്നിയെ ആട്ടിപ്പായിച്ച മഹാപാപിയായിപ്പോയല്ലോ?"
അയാൾക്ക് കരച്ചിലടക്കാനായില്ല. 
ഹരിശ്ചന്ദ്രന്റെ മരവിച്ച മനസ്സിൽ നിശ്ചയധാർഷ്ട്യം നിഴലിച്ചു. 
തന്റെ മകന്റെ ജഢവും കൂലിയില്ലാതെ ചുടാൻ അയാൾ തയ്യാറായില്ല. 
മകന്റെ ജഢവും ചുമലിലേറ്റി അയാൾ തണുത്തുറഞ്ഞ ഗംഗയിലേക്ക് നടന്നു. 
വീർപ്പു മുട്ടിയ വേദനയും പേറി ഹരിശ്ചന്ദ്രൻ ജത്തോടോപ്പം ഗംഗയിൽ മുങ്ങി.  
തന്റെ ചുമലിൽ അനക്കം!
ഉൾക്കിടിലം അയാളിൽ അനുഭവപ്പെട്ട!!
തന്റെ മകൻ മരിച്ചിട്ടില്ല,അവൻ കണ്ണുതുറന്നു!! ആശ്ചര്യത്തോടെ അവനെ മാറോടു ചേർത്ത് കരക്കു നില്ക്കുന്ന പത്നിയുടെ അടുത്തേക്കോടി. 
മകൻ മരിച്ചട്ടില്ല എന്നറിഞ്ഞു അവരും സന്തോഷിച്ചു. 
വിവരങ്ങളറിഞ്ഞ ചുടുകാട് ഉടമ സന്തോഷിക്കുകയും, ഹരിശ്ചന്ദ്രന്റെ സത്യസന്തയിൽ മനം കുളിർത്ത്ആശംസിക്കുകയും,
ദയാലുവായ അയാൾ ധനികന് ആയിരം പൊൻപണം കൊടുത്ത് ചന്ദ്രമതിയെ സ്വതന്ത്രയാക്കി ഹരിശ്ചാന്ദ്രനെ ഏൽപ്പിച്ചു. 
സ്വന്തമായി ഒരു വീടും ശ്മാശാനത്തോട് ചേർന്ന് തയ്യാറാക്കി കൊടുത്തു.
അധികം വൈകാതെ കാശി രാജാവും കാര്യങ്ങളറിഞ്ഞു. 
അയോദ്ധ്യാ രാജാവായ ഹരിശ്ചന്ദ്രനാണ് ചുടല കാവൽക്കാരൻ എന്നറിഞ്ഞ രാജാവിന് ആശ്ചര്യമായി. 
ഹരിശ്ചന്ദ്രന്റെ പൂർവ്വ കഥകൾ അറിഞ്ഞ അദ്ദേഹത്തിനു സഹതാപം തോന്നി.
ചുടലയിൽ എത്തിയാൽ രാജാവും,പ്രജകളും ഒന്നാണെന്ന ചിന്ത  അദ്ദേഹത്തേയും ഉണർത്തി! 
ഹരിശ്ചന്ദ്രനെ ചുടലയിൽ ചെന്നുകാണാൻ വിശാല മനസുള്ള രാജാവ് പുറപ്പെട്ട!!
ഹരിശ്ചന്ദ്രന്റെ മഹാമനസ്കതയിൽ മനം നിറഞ്ഞ രാജാവ് ആദരപൂർവ്വം ഹരിശ്ചന്ദ്രനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 
സ്നേഹപൂർവ്വം ഹരിശ്ചന്ദ്രൻ അത് നിരസിച്ചു. 
കഷ്ടപ്പാടിലും സത്യസന്തത പുലർത്തുന്ന ഹരിശ്ച്ന്ദ്രനെ അദ്ദേഹം പ്രശംസിച്ചു!!. 
ചുടുകാട് വിട്ട് എങ്ങോട്ടുമില്ലെന്ന ഹരിശ്ചന്ദ്രന്റെ വാശിക്കു മുന്നിൽ രാജാവും വഴങ്ങി. സത്യം നിലനില്ക്കുന്ന ഏക ക്ഷേത്രം ചുടല തന്നെഎന്ന് രാജാവും മനസ്സിലാക്കി.
ഹരിശ്ചന്ദ്രന്റെ നിശ്ചയദാർഷ്ട്ര്യത്തിലും,
സത്യസന്തതയിലും രാജാവ് തൃപ്തനായി.
ചുടുകാടിനു അടുത്തായി വീട് പണിതു കൊടുത്തു, കാശി രാജാവ്.
സസന്തോഷം ആ വീട്ടിൽ ഹരിശ്ചന്ദ്രനും ഭാര്യയും മകനും സത്യസന്തതയോടെ കാലം കഴിച്ചു. 
_________________________________________ രഘു കല്ലറയ്ക്കൽ ...........................
ജനനത്തേക്കൾ ശ്രേഷ്ടമായത് മരണമാണ്,മരണം സത്യമാണ്,ഹരിശ്ചന്ദ്രനും!!!!
ആര്യപ്രഭ                                                         
  



Saturday, April 13, 2013

"വിഷു"മലയാളിയുടെ സുദിനം!

"വിഷു"മലയാളിയുടെ സുദിനം!. 
 മേടമാസത്തിന്റെ പൊൻപുലരി! 
കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ പലസംസ്ഥാനങ്ങളിലും,
ലോകത്ത് മലയാളി അധിവസിക്കുന്ന എവിടെയും  ഈ ദിനംസുദിനമാണ്.മലയാളിമാത്രമല്ല ഭാരതം മുഴുവൻ പലപേരിൽ കൊണ്ടാടുന്ന മഹോത്സവം. 
'രാമ-രാവണ യുദ്ധം അവസാനിക്കുന്ന ദിവസം മീനമാസം അവസാനം ദിവസം രാവണനെ രാമൻ വധിച്ചു,സർവ്വ ചരാചരങ്ങളെയും അടക്കിവാണ,സൂര്യനെ പോലും നിലക്കുനിർത്തിയ രാവണൻറെ അന്ത്യം, മീനമാസം അവസാന ദിവസം.മേടത്തിൽ ആദ്യദിനം സുര്യൻ ഉദിക്കുന്നത് ഭയമില്ലാതെ നേർദിശയിലായിരുന്നു.
നേർദിശയിൽ ഉദിച്ച സുര്യൻ കണ്ണിൽ തട്ടി കണ്ണ് വേദനിച്ചു,രാവണൻ ശാസിച്ചു
അതിനാൽ സൂര്യൻരാവണനെ ഭയന്ന് വടക്കും തെക്കും മാറി മാറി ഉദിക്കുകയായിരുന്നു. രാവണൻറെ മരണത്തോടെ സുര്യൻ വിഷു ദിനം തന്റെ പ്രവർത്തി ആവർത്തിച്ചു'.എന്ന് ഐതിഹ്യം! 
സൂര്യദേവൻ ഭൂമിയിൽ തുലനം തുടങ്ങുന്ന നാൾ!വിഷു!
വിഷുക്കണി മലയാളിക്ക് ഒഴിവാക്കാൻ വയ്യാത്ത മുഹൂർത്തമാണ്!
ഒരുവർഷത്തിന്റെ സർവ്വ നന്മകളും വിഷുക്കണിയിൽ പ്രശോഭിതമാണ്!!
കൊന്നപ്പുവും,കണിവെള്ളരിയും മലയാളിയുടെ മനംകുളിർക്കുന്ന മനോഹര സ്മൃതിയാണ്!വിഷു!!
ഐശ്വര്യത്തിന്റെ പ്രതീകമായ,സമൃദ്ധിയുടെ നിറച്ചാർത്തായ വിഷു മലയാളിയുടെ മഹത്വം തുടിക്കുന്ന ദിനമാണ്. 
മീനചൂടിന്റെ ഉന്നതിയിൽ വിഷുക്കണിയിൽ ശീതളത്തനിമ നിറഞ്ഞുനില്ക്കുന്നു.
മനുഷ്യ മനസ്സുകൾക്ക്‌ സൌഹൃദം നുകരുന്ന കണ്ടുമുട്ടലുകൾ,കുശലങ്ങൾ.മനോഭാരം ഒഴിഞ്ഞ ഒരുനാൾ വന്നെത്തിയ പ്രതീതി!
ആദരിക്കപ്പെടുകയും,ആശിർവദിക്കപ്പെടുകയും ചെയ്യുന്ന വിഷുക്കൈനീട്ടം മഹത്തായ പാരമ്പര്യത്തെ പുലർത്തിപ്പോരുന്നു. സാഹോദര്യത്തിന്റെ തനിമ വറ്റാത്ത 
ശുഭസൂചകത്തിന്റെ മഹത്തായ പൊൻപുലരി!
ലാളിത്യത്തിന്റെ,എളിമയുടെ,സാഹോദര്യത്തിന്റെ ആകെ ത്തുകയാണ് വിഷു.
പഴമയുടെ കൊയ്തുകാലങ്ങൾ ഇന്നു ഓർമ്മകളിൽ പോലും ഇല്ലെങ്കിലും ആർഭാടമായ ചടങ്ങുകൾ പലയിടങ്ങളിലും ആദരിച്ചു പോരുന്നു. 
നാട്ടിൻ പ്രദേശങ്ങൾ ആഘോഷങ്ങളാക്കുന്ന സുന്ദരപുലരി!
വിഷുവുമായി അടുത്ത ഒരുച്ചടങ്ങ്‌ കേരളത്തിൽ കാലങ്ങളായി നിലനില്ക്കുന്ന ഉദയം പൂജ.പത്താമുദയത്തിനാണ് ഉദയം പൂജ സാധാരണ നടത്താറുള്ളത്.വിഷു ദിനം മുതൽ പത്തുനാൾ വരുന്ന ഉദയം പൂജ നടത്തുന്നു.വളരെ വിപുലമായ ആചാരങ്ങളോടെ നടത്തുന്ന ഉദയം പൂജയ്ക്ക് അനുഷ്ടാനങ്ങളും വലുതാണ്‌.നാല്പ്പത്തിയോന്നുനാൾ വൃതം എടുക്കുന്നവരാണ് പൂജാകർമ്മങ്ങളിൽ പ്രധാനികൾ,പരിവാരങ്ങൾക്കും വൃതം നിർബ്ബന്ധമാണ്.സൂര്യദേവനെ പ്രീതിപ്പെടുത്തുക തന്നെയാണ് ഉദയം പൂജയുടെയും പ്രാധാന്യം.കേരളത്തിലെ കൊയ്ത്തു കഴിഞ്ഞ വയലുകളിൽ അനുഷ്ടിക്കുന്ന വളരെ പ്രാധാന്യമുള്ള അനുഷ്ടാനമാണ് ഉദയംപൂജ.പത്താമുദയം എന്നാണു പണ്ടുകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.എന്നാൽ ഇക്കാലങ്ങളിൽ വിഷുവിനു മുൻപായി ഈ ചടങ്ങുകൾ നിർവഹിക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞിട്ടുണ്ട്.ആരെയോ ബോദ്ധ്യപ്പെടുത്താൻ കാട്ടിക്കൂട്ടുന്ന ചടങ്ങുമാത്രം.കാലമാറ്റം മനുഷ്യനിൽ വരുത്തിയ ചിന്താവൈകല്യമാണോ അതിനു കാരണമെന്നതു ആലോചിക്കേണ്ടുന്നതാണ്.
എന്തായാലും വിഷു അടിസ്ഥാനമാക്കിയ ഉദയം പൂജയും മലയാളിക്ക് മറക്കാനാവാത്തതാണ്.
മലയാളി മറക്കാതെ കാത്തിരുന്നു ആഘോഷിക്കുന്ന വിഷു മാറ്റിവയ്ക്കപ്പെടാതെ ആ സുദിനത്തിൽ തന്നെ ആചരിക്കപ്പെടുമെന്ന വിശ്വാസത്തോടെ കാത്തിരിക്കാം.കടന്നു പോകുന്ന എല്ലാ വിഷു ദിനങ്ങളും  സമൃദ്ധി നിറഞ്ഞ നല്ലകാലങ്ങൾ ആവട്ടെ!
എല്ലാവർക്കും ഐശ്വര്യത്തിന്റെ,സമൃദ്ധിയുടെ നിറവാർന്ന വിഷു ആശംസകൾ!!!!!
___________________________
ആര്യപ്രഭ 

Tuesday, April 9, 2013

"പ്രാണപ്രേയസ്സി "

                                          "പ്രാണപ്രേയസ്സി "
കുവലയ മിഴിതൻ ചുണ്ടുകൾ രണ്ടും 
                     പ്രേമത്തിൻ മധു കനിയല്ലോ!   
കണ്ണുകളിൽ തെളി മിന്നും പരലുകൾ
                       കാമത്തിൻ രസമുകുളങ്ങൾ.
കവിളിൽ മിന്നിത്തെളിയും അരുണിമ
                 ആവേശത്തിൻ പുതുമയുമായ്,
കാണുവതിന്നായ് അവളെത്തേടി
                                 ഓടിയലഞ്ഞുനടപ്പല്ലോ!
കാര്യമറിഞ്ഞു രസത്തെയൊതുക്കി,
                         കാമിനിയങ്ങു കടാക്ഷിക്കും,
കാര്യമതല്ല കാതരയവളെ 
                  കണ്ണിൽ കണ്ടു രസിക്കുകപോൽ.
കമ്പമോടുന്തിയ കൊങ്കകൾ രണ്ടും
                              മനമതിലെന്നും നുരയുന്നു.
കണ്ണിമ പൂട്ടും നേരമതെല്ലാം അവളുടെ 
                                  തരുണിമ നനുനനെയായ്.
കാണെക്കാണെ സ്നേഹമുരുക്കും 
                     തരളിത മോഹിനി അവളെന്നും.
കണ്ടില്ലങ്കിൽ പരിഭവമേറെ 
                           പറയും കലഹം പതിവല്ലൊ.
കണ്ണിൽ കണ്ടില്ലെങ്കിലുമവളെൻ 
                         കരളിൽ നിറയെ തുടികൊട്ടും,
കാണാൻ മോഹം കണ്ടുകഴിഞ്ഞാൽ 
                        പലതും മനമതിൽ മുറുകുന്നു!!
$$$$$$$$$$$$$$$$$$$$$$$$₹₹₹₹₹₹₹₹രഘു കല്ലറയ്ക്കൽ ₹₹₹₹₹₹₹
ആര്യപ്രഭ