Friday, September 4, 2015

ഓണബലി-#

                                    ഓണബലി- # 


നാഗരിക ജീവിതത്തിന്റെ പൊള്ളയായ ഹൃദയ ഭാഗം;
തിരക്കുകളുടെയും,ബഹളങ്ങളുടെയും യാന്ത്രിക മിടിപ്പായി സമയം കൊല്ലുന്ന പതിവ് പ്രക്രിയയുടെ ബാല്യം കരിഞ്ഞ ദിനങ്ങൾ അവനിൽ യാതൊരു അമ്പരപ്പും ഉണർത്തിയില്ല.
ദിശ മുറിഞ്ഞ നീളൻ കയ്യുകൾ മടിപ്പില്ലാതെ ഓരോ മുഖങ്ങളിലേക്കും നിരങ്ങി നീങ്ങി.
കാലപ്രവാഹത്തിന്റെ ഉറക്കം വെടിയലിന്റെ ഭാഗമായി തീവണ്ടി ചൂളം വിളിച്ചു പാഞ്ഞു.
അടിതെറ്റാതെ കാലുകൾ പ്ലാറ്റ്ഫോമിലേക്ക് വയ്ക്കുമ്പോഴും,ഇന്നത്തെ അന്നത്തിന്റെ തിളങ്ങുന്ന കുഞ്ഞു തുട്ടുകൾ അവൻറെ വയറ്റിൽ സദ്യയുടെ സംതൃപ്തി നല്കി.
അവൻ അപ്പുണ്ണി...!!നഗരത്തിൽ പാളം തെറ്റാത്ത യാത്രക്കടലിന്റെ ഒഴുക്കൻ ജീവിതങ്ങളിലേക്ക്;നിഷ്കളങ്കതയുടെ മുഖ ഭാവങ്ങൾ മിന്നി തെളിയിച്ച് ജീവിക്കുന്ന ചിരിക്കാൻ മറന്നവൻ,പേരുകെട്ടവൻ........!!.
അന്നത്തെ നാണയങ്ങൾ നെഞ്ചോടടുക്കി അവൻ ഓടി.തന്നെയും കാത്ത് അമ്മ ഉറങ്ങതിരിക്കുവാകും.ഓട്ടത്തിന് മത്സരത്തിന്റെ കുതിപ്പുണ്ടായിരുന്നു.
.................."അമ്മേ.....................!"
"എന്തേ ......?......അപ്പുണ്ണി........മോനെത്തിയോ...........?" 
"അതെ .....അമ്മെ ......അമ്മ ഊണ് കഴിച്ചോ.............?"
"ഇല്ല്യാ.................നീ വരാണ്ട്.....ഞാനെങ്ങിന്യാ .....കഴിക്കാ..കുട്ട്യേ...?"
"അമ്മേ ..........അറിഞ്ഞോ..?...നാളെ കഴിഞ്ഞാ.....ഓണമാ....നമുക്കും ഓണസദ്യ ഉണ്ണണം,പുത്തൻ കുപ്പായം വാങ്ങണം .....മുറ്റത്തു പൂക്കളം ഇടണം."
ഊം .............അതെയതെ........നമക്കും ഇത്തവണ ഓണം
ആഘോഷിക്കണം ഉണ്ണി ...........!"
അമ്മയുടെ നെഞ്ചിലെ എരിയുന്ന വേദനകൾ പുകച്ചുരുലുകലായി,ആശ്വാസത്തിന്റെ വാക്കുകളായി ഉണ്ണിയുടെ കാതുകളിൽ പ്രകമ്പനം കൊണ്ടു.
"സ്വപ്നം കാണാൻ പണക്കാരനാവേണ്ടാ...ഉണ്ണ്യേ.....!..നീ മതിവരുവോളം കണ്ടോളൂട്ടോ......അമ്മ ..ൻറ് ഉണ്ണീട കൂടെണ്ടുട്ടോ"
സ്വപ്ന ലോകത്തെ മാന്ത്രിക ചങ്ങലയുടെ ഓരോ കണ്ണികളായി ഉണ്ണിയുടെ മനവും വേഷം മാറിക്കൊണ്ടിരുന്നു.
പതിവിലും നേരത്തെ ഉണ്ണി ഉണര്ന്നിരിക്കുന്നു.
........."അമ്മേ .........!...ഉണ്ണി ..ഏറങ്ങ്വാ....."
"പോയ്‌ ....വാ...ഉണ്ണീ......!''
കെട്ടണഞ്ഞ പുളിയൻ ആഗ്രഹങ്ങളെ നീട്ടി നിവർത്തി അമ്മ മകന് പതിവ് മുത്തം നല്കി പറഞ്ഞയച്ചു.
സ്റേഷണിൽ പതിവിലും തിരക്കുണ്ട്‌......ഓരോ ബോഗികളിലും കയറി ഇറങ്ങി ഉണ്ണി തന്റെ ഭിക്ഷാടന സഞ്ചാരം തുടർന്നു.
സമയം ഉച്ചയായി......കയ്യിൽ ഒന്നോ,രണ്ടോ നാണയങ്ങൾ ഒഴിച്ചാൽ.ബാക്കി വിധി വരച്ച കടുപ്പൻ രേഖകൾ മാത്രമാണ് തെളിഞ്ഞു കാണുന്നത്.
അവന്റെ മുഖത്തെ പ്രസാദം മങ്ങ,പ്രതീക്ഷകളും..!........ എല്ലാവരും തിരക്കിലാണ്...എല്ലാം മറന്ന് ഓണത്തോടനുബന്ധിച്ചു ...കൂട്ടുകാരെയും,വീട്ടുകാരേയും സ്വീകരിക്കാനുള്ള മനസ്സിൻറെ വിമ്മിട്ടത്തിൽ ദിശമറന്നു കൂകി വിളിച്ചു പായുന്ന ജനസഞ്ചയം..!!!
അതാ ...ഒരു കുപ്പായം ...കയ്യുടെ പരക്കം പാച്ചിലിൽ എവിടേയോ കൊളുത്തിവലിച്ച  ഒരു മുഷിയൻ തുണിക്കഷ്ണം.......!
അവൻ അതെടുത്തു വീട്ടിലേക്കോടി.............മുറ്റത്തെ  കായലിൽ മുക്കി പൊക്കി.കുപ്പായത്തിന്റെ ബാഹ്യഭംഗി ആവോളം ആസ്വദിച്ചു.
"അമ്മേ.........?...എനിക്കും കിട്ടി ഓണക്കോടി.....റെയിൽ പാളത്തിന്റെ ഓരം ചേർന്ന് കിടന്ന കുപ്പായം ഉണ്ണി ഇങ്ങെടുത്തു.വലിച്ചെറിയൻ സംസ്കാരത്തിന്റെ മുഖം മൂടിക്കൂട്ടങ്ങളിൽ ആരോ ഉപേക്ഷിച്ചതാവം.........!
നീലയിൽ വെള്ള പടർന്ന ചായ കൂട്ടുകളിൽ ഉണ്ണിയുടെ ദരിദ്ര ഓണവും മനാശ്വാസത്തിന്റെ  ഗീതകൾ പാടിക്കൊണ്ടിരുന്നു.
വെള്ളം പിഴിഞ്ഞുകളഞ്ഞു,ഉടച്ചു നിവർത്തി അവൻ തന്റെ ഓണസമ്മാനം അയയിൽ വിടർത്തിയിട്ടു......ആയിരമായിരം ഓണപ്പൊലിമയുടെ മഴവിൽ വർണ്ണങ്ങൾ അപ്പോളവൻ ആ കുപ്പായത്തിൽ കണ്ടു............!!!!
"അമ്മേ .............?.....ഉണ്ണി ...പോയ്‌ വരാം.....!''
"മോനേ .....നീ ഇന്നു നേരത്തെ വരണം .....നാളെ ഓണമാണ്...""
"ശരിയമ്മേ....അമ്മയ്ക്കും ഓണക്കോടിയുമായെ ഉണ്ണി എത്തൂ.....!!"
അപാരതയുടെ ശൂന്യതയിലേക്ക് ഉണ്ണിയുടെ മുഖം നീങ്ങിക്കൊണ്ടിരുന്നപ്പോഴും,ആ ശബ്ദം ഇടിമുഴക്ക ഗാംഭീരത്തോടെ അമ്മയുടെ ചെവിയിൽ ആവർത്തനം കൊണ്ടു ......!
പതിവിന്റെ മുഷിയൻ സമയങ്ങളിലേക്ക് വീണ്ടും  ഉണ്ണി എത്തി......ചിരിച്ച മുഖഭാവത്തോടെ ഓരോ മനുഷ്യക്കോലങ്ങളിലേക്കും അവൻ നീങ്ങിക്കൊണ്ടിരുന്നു................
തിരക്കുകളുടെ കാഹളക്കൂട്ടങ്ങളിലേക്ക് ആരോ തള്ളിയിട്ട പാവ പോലെ അവൻ വീണു..................................
ഉയർന്ന സംസാരത്തിന്റെയും,ഉന്തി തള്ളലിന്റെയും രാസ പ്രക്രിയയിൽ നടന്ന ഏതോ കെമിക്കൽ റിയാക്ഷൻ പോലെ അവൻ മരണത്തിന്റെ റയിൽ പാളങ്ങളിലേയ്ക്ക് തെറിച്ചു വീണു.........അപ്പോഴും അവൻ  കൈകൾ  നീട്ടി പിടിച്ചിരുന്നു.അത് ഭിക്ഷയ്ക്കായിരുന്നില്ല,ദൈവം വിളിക്കുന്ന ലോകത്തിന്റെ പങ്കാളി ആകുവാനുള്ള അവൻറെ തയ്യാറെടുപ്പായിരുന്നു...........................................!
കാക്കകൾ ചുറ്റും വട്ടമിട്ടു കറങ്ങി...................നോട്ടം .....അടിതെറ്റിയ ബാല്യത്തിന്റെ നാളെകളിലേക്ക് ചൂഴ്ന്നിറങ്ങി...........!
അമ്മ മകനേയും കാത്ത് വീട്ടിൽ നിർവൃതി പൂണ്ടു കിടന്നു.
തനിക്കായി മകൻ കൊണ്ടുവരുന്ന ഓണക്കോടിയിൽ മനം നട്ട്,കോടിയുടെ മനം നുകർന്ന് മൂക്കുകളിൽ ശ്വാസം വലിച്ചുകിടന്നു................
അപ്പോഴും ഓണം സ്വരുകൂട്ടിയ കഥയുടെ അവസാനമെന്തെന്നറിയാതെ ജനം റയിൽവേയിലൂടെ ബഹളം വച്ച് ഓടിനടന്നു..........
പൊടുന്നനെ ഒരു കാറ്റു വീശി...........
സുഖമുള്ള,അഹങ്കാരിയല്ലാത്ത കാറ്റ്.......
മുറ്റത്തെ അയയിലെ ഉണ്ണിയുടെ കുപ്പായം കാറ്റിൽ മറ്റൊരവകാശിക്കായി പറന്നു പൊയ്ക്കഴിഞ്ഞിരുന്നു.ഓണബലിയുടെ അന്നത്തെ ഇരയേയും കിട്ടിയ സന്തോഷത്താൽ സൂര്യൻ കടലിൽ താഴ്ന്നു...............!!!!!!!
          *****************അഞ്ജലി കൃഷ്ണ G############### 
----------------------------------------------------------------------------------------------------
# പാടിവട്ടം ശാഖാ കുടുംബ സംഗമം 2015-ഓണാഘോഷം പരിപാടിയോടനുബന്ധിച്ചു ആഗസ്റ്റ്‌ 15-നു നടത്തിയ കഥാ,കവിത മത്സരങ്ങളിൽ പങ്കെടുത്തു ഒന്നാം സമ്മാനം കരസ്ഥമാക്കിയ കഥ.

4 comments:

  1. ഹൃദയം തൊട്ടു......അതിജീവനത്തിന്റെ ഓട്ടപാച്ചിലിലുകൾക്കിടയിലും ഇത്തരം ജീവനുകളെ വലിച്ചിഴച്ച താങ്കളുടെ ശ്രമത്തെ കണ്ടില്ലെന്നു നടിക്കുന്നില്ല.ഇഷ്ടം..........

    ReplyDelete