Tuesday, August 4, 2015

രാമായണം തരുന്ന മറ്റൊരു പാഠം!!!.

     അഹങ്കാരിയായ രാവണൻ!! 
കല തടസ്സങ്ങളും,അത്ഭുതാവഹമായ വിവിധ സംഭവങ്ങളും തൃണവല്ഗണിച്ചു ആയാസമായ സമുദ്രവും കടന്നു ലങ്കയിൽ എത്തിയ ഹനുമാൻ, സീതാ ദേവിയെ കണ്ടു അടയാളമായ മോതിരവും കൊടുത്ത്.ശ്രീരാമ വാർത്തകളും പറഞ്ഞു വണങ്ങി  ചൂടാമാണിയും,അടയാള വാക്കും വാങ്ങി. ലങ്കയുടെ മനോഹാരിത കണ്ട് രാവണനോടുള്ള  ക്രോധത്താൽ ലങ്കയിലെ പ്രിയപ്പെട്ട,പ്രത്യേകം പരിപാലിക്കുന്ന മനോഹരമായ ഉദ്യാനങ്ങൾ എല്ലാം താരിപ്പണമാക്കി,.
രാവാണന്റെ പുത്രനായ അക്ഷയനേയും കൊന്നു.
ലങ്കയിലെ നാലിലൊന്ന് പടയാളികളെയും നിഗ്രഹിച്ചു.വികൃതികളുടെ കൂത്തരങ്ങായ ഹനുമാനെ ഒതുക്കാൻ ശ്രമിക്കവേ 
ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്ര പ്രയോഗിക്കുന്നു.
ബ്രഹ്മാസ്ത്രത്തെ ഹാനുമാൻ ബഹുമാനത്തോടെ വണങ്ങി, മോഹാലസ്യത്തിൽ വീണ ഹനുമാനെ കെട്ടി രാവണനു മുന്നിൽ വച്ചു.
ദേവന്മാരുടെ വര ബലത്താൽ ഹനുമാന്  മനസ്സിനും,ശരീരത്തിനും വിഷമമം തോന്നിയില്ല.
മയക്കം നടിച്ചു കിടന്നു.
ഇവൻ നാശത്തിനു വന്നവനാണെന്നും,അവൻ ആരാണെന്നറിയാൻ സേനാപതി  പ്രഹസ്തനോട് ഇന്ദ്രജിത്തു കല്പ്പിക്കുന്നു.
പ്രഹസ്തൻറെ ആദരവോടെയുള്ള വാക്കുകൾക്കു ഹനുമാൻ,താൻ രാമന്റെ ദൂതനാണെന്നു അറിയിക്കുന്നു.
രാമനോട് മത്സരിക്കാൻ തുനിയുന്ന രാവണനെ വെറുക്കുന്ന ഹനുമാൻ പലതും പറഞ്ഞു,രാവണനെ അധിക്ഷേപിച്ചും ഉപദേശ രൂപേണയുള്ള ഹനുമാന്റെ ധിക്കാരം നിറഞ്ഞ വാക്കുകൾ കോപാഗ്നിയാൽ ജ്വലിക്കുന്ന കണ്ണുകളുരുട്ടി  രാവണൻ ഗർജ്ജിച്ചു.
"പൊടിപോലെ ഇവനെ വെട്ടി നുറുക്കുവിൻ.ജന്തുക്കളിൽ പേടിയില്ലാത്ത,വിനയമില്ലാത്ത ഇങ്ങനെ ഒരുവനെ ഞാൻ കണ്ടിട്ടില്ല.ആരാ.....?സുഗ്രീവൻ.?അവനെയും,
നിന്റെ രാമനെയും,സീതയേയും,നിന്നെയും കൊല്ലും".
അത് കേട്ട് പല്ലു ഞെരിച്ചു ഹനുമാൻ പറഞ്ഞു.
"നീ എന്തറിയുന്നു?നൂറായിരം രാവണന്മാരും ഒരുമിച്ചു എതിർത്താലും എന്റെ ചെറുവിരലിനു പോര!,പിന്നെ നീ രാമനെ എന്ത് ചെയ്യാനാ കശ്മല!"
അതു കേട്ടു കോപിഷ്ടനായ രാവണൻ
"ഈ കള്ളനെ ഉടൻ കൊല്ലുവിൻ"
അടുത്തു വന്ന വിഭീഷണൻ അത് കേട്ട്ഭയന്നു പറഞ്ഞു.
"ദൂതനെ കൊല്ലുന്നത് രാജ നീതിക്കു ഉചിതമല്ല.ഇവൻ വന്നത് രാമൻ അറിയണമല്ലോ?അതിനു ഒരടയാളം കൊടുത്ത് അയക്കണം".
അത് രാവണനും ഇഷ്ടമായി.
"വാനരന്മാർക്കു കൈയ്യിന്മേലല്ല ശൗര്യം,അവർക്ക് വാലിന്മേലാണ് ശൗര്യം.അതിനാൽ അവൻറെ വാൽ മുഴുവൻ എണ്ണമുക്കി തുണിചുറ്റി തീ കൊളുത്തി,എടുത്തു പൊക്കി, പെരുമ്പറ കൊട്ടി,
രാത്രിയിൽ വന്ന കള്ളൻ എന്ന് അകലെ കേൾക്കുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു നടത്തുവിൻ,വാല് നഷ്ടപ്പെട്ട ഇവനെ കുലദ്രോഹിയാക്കി വാനര കുലത്തിൽ നിന്നും നീക്കും".രാവണൻ പറഞ്ഞപോലെ ഭടന്മാർ ഹനുമാന്റെ വാലിൽ തുണി ചുറ്റിത്തുടങ്ങി,എണ്ണ,നെയ്യ് മുതാലായവകളും,സകല ഗൃഹങ്ങളിലെയും വസ്ത്രങ്ങളും ഉപയോഗിച്ചിട്ടും,വളരുന്ന വാല് പിന്നെയും ബാക്കിയായി.വസ്ത്രവും,എണ്ണയും മറ്റും എങ്ങും തീരുകയും ചെയ്തു.
നാട്ടിലൊരിടത്തും ഉടുവസ്ത്രമൊഴിച്ച് തുണിയും,എണ്ണയുമില്ലാതായി.
"ഇവൻ ദിവ്യൻ തന്നെയാണ്,ഇതു നാശത്തിനുള്ള പുറപ്പാടാണെന്നു തോന്നുന്നു"തുണി ചുറ്റുന്ന ചിലർ പറയുകയും ചെയ്തു.
ഒട്ടും താമസിയാതെ തീ കൊളുത്താൻ ആജ്ഞവന്നു.
തീ കൊളുത്തിയ ഉടനെ ശരീരം വികസിപ്പിച്ചു കെട്ടുകളെ പൊട്ടിച്ചു ഉയർന്നുപൊങ്ങിയ ഹനുമാൻ വാഹകന്മാരെ കൊന്നു,നിരനിരയായ ഗൃഹങ്ങളുടെ കൂട്ടത്തിൽ കയറി തീ കൊളുത്തി.വിഭീഷണന്റെ കൊട്ടാരം ഒഴിച്ച് എല്ലാ വീടുകളും,മണിമന്ദിരങ്ങളും  കത്തി ചാമ്പലായി.
പലരും രാവണന്റെ ദുഷ്ടതയെ പറഞ്ഞു ശപിച്ചു.
സീതാദേവി കുടികൊള്ളുന്ന അശോകവനവും കത്താതെ ശേഷിച്ചു.ലങ്കമുഴുവൻ കത്തി ചാമ്പലായി.
അഗ്നിദേവൻ സന്തുഷ്ടനായി ഹനുമാനെ സ്തുതിച്ചു.
ഹനുമാൻ വാല് സമുദ്രത്തിൽ മുക്കി തീ കെടുത്തി.പാവകന്റെ ഇഷ്ട തോഴനാണ് ഹനുമാൻ,മാത്രമല്ല ഭർത്താവിനാൽ അകന്നു കഴിയുന്ന ജാനകി ദേവിയുടെ പ്രാർത്ഥനയും ഹനുമാന് പൊള്ളലേൽക്കാതെ കാത്തു.
എല്ലാം അവസാനിപ്പിച്ചു വീണ്ടും സീതാദേവിയെ കണ്ട്,തനിക്കു സീതാദേവിയെ രാമനു മുന്നിൽ എത്തിക്കാൻ ഒരു പ്രയാസവുമില്ല എന്ന ഹനുമാന്റെ വാക്കിനു,സീതയുടെ മറുപടി ശ്രദ്ധേയമാണ്."നിന്നാൽ കഴിയുമെന്നു എനിക്കറിയാം.നീ രാവണനെ കൊന്നു എന്നെ കൊണ്ടു പോയാൽ,അത് എന്റെ പ്രാണനാഥനു അപകീർത്തിയാകും,ഫലം!!.രാമൻ ഇവിടെ വന്നു യുദ്ധം ചെയ്തു രാവണനെ കൊന്നു എന്നെ കൊണ്ട് പോകുവാൻ വേണ്ടതു ചെയ്യുക,അതുവരെ ഞാൻ എന്റെ ജീവൻ രക്ഷിച്ചു കൊള്ളാം"സീതയുടെ വാക്കുകൾ കേട്ട് തൊഴുതു വണങ്ങി ഹനുമാൻ മടങ്ങി.രാമനെ വിവരം ധരിപ്പിച്ചു സുഗ്രീവനും മറ്റു വീരരും ഒത്തു ലങ്കയിലേക്ക് പുറപ്പെടാനുള്ള മാർഗ്ഗങ്ങൾ ഒരുക്കുമ്പോൾ.
ലങ്കയിൽ ഉറക്കം അവസാനിച്ചു കുംഭകർണൻ രാവണനെ കാണാൻ പുറപ്പെട്ടു.ഗാഡാശ്ലേഷത്തോടെ ലങ്കയിലെ പരാക്രമങ്ങൾ  ജേഷ്ടൻ രാവണൻ വിവരിച്ചു.വല്ലാത്ത ഭീതിയോടെ കുംഭകർണൻ"ഭവാൻ ചെയ്തത് തന്റെ ജീവനു തന്നെ ആപത്താണ്.സീതയെ അപഹരിച്ച തന്നെ രാമൻ നശിപ്പിച്ചു കളയും സംശയം വേണ്ടാ,
ജീവിച്ചിരിക്കനാഗ്രഹമുണ്ടെങ്കിൽ രാമനെ സ്മരിക്കുക.രാമൻ മനുഷ്യനല്ലെന്നു മനസ്സിലാക്കുക,മഹാവിഷ്ണു  ലോകനാശം തടയാൻ മനുഷ്യനായി പിറന്നതാണ്,സീത ലക്ഷ്മീഭഗവതിയാണ്.
ചൂണ്ടയിൽ കൊളുത്തിയ ഇരയുടെ തിളക്കം കണ്ടു മോഹിച്ചു വിഴുങ്ങുന്ന മത്സ്യത്തെപ്പോലെ,
അഗ്നിയെ കണ്ടു മോഹിക്കുന്ന ശലഭങ്ങൾ വെന്തു മരണമടയുന്ന പോലെ,സീതയെ കണ്ടു മോഹിക്കുക കാരണം മരണം അങ്ങേയ്ക്കും വരാൻ പോകുന്നു.
നിനക്കു മാത്രമോ?നാട്ടിലുള്ളവർക്കും ആപത്താണ് വരാൻ പോകുന്നത്.നാരദൻ പണ്ട് പറഞ്ഞത് സത്യം തന്നെയാകാൻ പോകുന്നു."
ഇതു കേട്ട ഇന്ദ്രജിത്തും യോജിച്ചു പറഞ്ഞു.
താമസിയാതെ അവിടെ വന്ന വിഭീഷ്ണനും രാവണനോടു പറഞ്ഞു.
"നല്ലതിനായി എല്ലാരും ഒന്നിച്ചു ചിന്തിക്കണം.രാമനോട് യുദ്ധം ചെയ്തു വിജയിക്കാൻ കഴിയില്ല.ശ്രീരാമൻ മനുഷ്യനല്ല സകലതിനും വത്യസ്തനായ മഹാവിഷ്ണു ആണ്.
ഹിരണ്യാക്ഷനെ രക്ഷിക്കാൻ നരസിംഹമായി ഹിരണ്യകശിപുവിനെ നിഗ്രഹിച്ച വീരൻ.
ത്രിലോകവും വരമായി പ്രഗ്ൽപ്പനായ മഹാബലിയിൽ നിന്നും വാങ്ങിയ വാമനൻ,
അസുരന്മാരെ കൊന്നൊടുക്കുവാൻ ഭൂമിയിൽ അവതരിച്ച പരശുരാമനും മറ്റാരുമല്ല സാക്ഷാൽ ജഗന്മയൻ തന്നെയാണ് ശ്രീ രാമനും.
ഭക്തിയോടു നിന്നാൽ എന്തും സഹിക്കുന്നവനാണ് രാമൻ.
അതുകൊണ്ട് മൈഥലീ ദേവിയെ കൊണ്ടെ ക്കൊടുത്തു അദ്ദേഹത്തിന്റെ പാദംബുജത്തിൽ നമസ്കരിക്കുക.കൈ തൊഴുതു രക്ഷിക്കണമെന്ന് പറഞ്ഞാൽ ചെയ്ത അപരാധങ്ങൾ എല്ലാം ക്ഷമിച്ചു അനുഗ്രഹിക്കും.ഇത്രമേൽ ദയാനിധി രാമനല്ലാതെ മറ്റാരുമില്ല.
വിശ്വാമിത്ര മഹർഷിയുടെ ആവശ്യപ്രകാരം താപസന്മാരുടെ യാഗം മുടക്കാതെ രക്ഷിച്ചതും,താടകയ്ക്കു  ശാപമോക്ഷം വരുത്തിയതും,കല്ലായ അഹല്യക്ക്‌ മോക്ഷം കൊടുത്തതും,ത്രൈയംബകം വില്ല് ഖണ്ഡിച്ചു സീതയുമായി പോരുമ്പോൾ പരശുരാമൻ യുദ്ധത്തിനു പുറപ്പെട്ടതും, ഭാർഗ്ഗവനോട് ജയിക്കുന്നതും.വിരാധനനെ,ഖരാദികളെ കൊന്നാതും,ബാലിയെ കൊന്നതും മനുഷ്യനായ രാമൻ തന്നെയാണ്.
സമുദ്രം ചാടിക്കടന്നു സീതയെ കണ്ടു,ലങ്കാപുരിക്ക് തീ ഇട്ടു പോയ ഹനുമാനെ അഹന്ത കൊണ്ടു മറക്കരുത്!!.സജ്ജനത്തോടു വൈര്യം നല്ലതല്ല.
താമസം വിന വൈദേഹിയെ തിരിച്ചേൽപ്പിക്കുക,
മത്സരം വച്ചു പോയാൽ പിന്നെ നാടും,നഗരവും,
സേനയും നശിക്കും.'ഇഷ്ടം പറയുന്ന 
ബന്ധുക്കളാരുമേ കഷ്ട കാലത്തിങ്കൽ ഇല്ലന്നു നിർണ്ണയം'.ശ്രീരാമനോട് കലഹം തുടങ്ങിയാൽ ആരും ശരണം ഉണ്ടാകില്ല എന്നത് ഓർക്കണം"വിഭീഷണൻറെ വാക്കുകൾ പുശ്ചഭാവത്തോടെ  കേട്ട രാവണൻ കോപിഷ്ടനായി
 "ശത്രു മിത്രമായി കൂടെയിരിക്കുന്നത് മരണം വരുത്തുവാൻ തന്നെയാണെന്നത്‌ ഉറപ്പാണ്,ഇത്തരം വാക്കുകൾ എന്നോട് പറയുന്നത് എൻറെ കൈകൊണ്ടു മരിക്കാനാകും".വിഭീഷണന്റെ വാക്കുകൾക്കു വിലകൊടുക്കാത്ത രാവണനോട് 
"മരിക്കാൻ കിടക്കുന്ന മനുഷ്യന് സിദ്ധൌഷധം ഏല്ക്കുകയില്ല.എന്ത് പറഞ്ഞാലും നിന്റെ വിധി വൈഭവം എന്നാൽ നീക്കാൻ കഴിയില്ല.ഞാൻ ശ്രീരാമനെ സേവിച്ചു ഇനിയുള്ളകാലം കഴിയാൻ പോകുന്നു".ഇത്രയും പറഞ്ഞ് രാവണൻറെ കാൽക്കൽ വീണു നമസ്കരിച്ച വിഭീഷണനോട് കോപത്തോടെ "രാമനെ സേവിച്ചു കൊള്ളുക,കൂടെ നിന്ന് ആപത്തു വരുത്തുന്നത് നീ ഒരുത്തനായിരിക്കും .മുന്നിൽനിന്നു പോയില്ലങ്കിൽ എൻറെ ചന്ദ്രഹാസത്തിനു,നീ ഭക്ഷണമാകും"
രാവണന്റെ വാക്കുകൾ കഠോരമായിരുന്നു.
"എൻറെ അച്ഛനു തുല്യനായ അങ്ങയുടെ വാക്ക് പാലിച്ചു ഞാൻ പോകുന്നു".
വിഭീഷണൻ യാത്രയായി  ദശാരിയെ ശരണം പ്രാപിക്കുവാനായി നാല് സേവകരുമായി ആകാശമാർഗ്ഗേ ഗമിച്ചു.
ലങ്കയിൽ ഭാടന്മാരിൽ ബഹു ഭൂരിഭാഗവും കൊട്ടരവാസ്സികളും,ജനങ്ങളും രാവണൻറെ ചെയ്തികൾക്ക്‌ എതിരായിരുന്നു.
ഇന്ദ്രജിത്തും,വിഭീഷനനും,കുഭകർണ്ണനും, രാവണൻറെ സന്തത സഹചാരിയായ മാരിചൻ പണ്ട് നാരദ മുനിപറഞ്ഞറിഞ്ഞതു ഓർത്തു, സീതാ അപഹരണത്തിന്റെ അന്ന് രാവണനോടു പറഞ്ഞതും,രാമൻ മഹാവിഷ്ണു തന്നെ എന്ന കാര്യങ്ങൾ രാമനെ മനസ്സാ ധരിച്ചു കഴിയുന്ന മാരിചൻ വിവരിക്കുന്നത് കേട്ട് കോപത്താൽ "ഞാൻ പറയുന്നത് കേട്ടില്ലങ്കിൽ എന്റെ വാളിനു 
ഇരയാകേണ്ടിവരും നീയും"
ഇതു കേട്ട് മാരിചൻ വിചാരിച്ചത്."ദുഷ്ടന്റെ ആയുധം ഏറ്റു മരിച്ചാൽ നരകത്തിലായിരിക്കും അഭയം,രാമസ്സായകമേറ്റു മരിക്കുകിൽ പുണ്ണ്യ സഞ്ചയം കൊണ്ട് മുക്തനാകുമല്ലോ"അങ്ങിനെ മാരിചൻ രാവണനു 
വശം വദനാവുകയായിരുന്നു.നിവർത്തിയില്ലാതെ വർണ്ണ മാനായി രൂപം മാറി രാവണനെ സഹായിക്കുന്നതും.
സീതാപഹരണത്തിൽ രാമബാണം ഏറ്റു മരിക്കുമ്പോഴും മാരിചന്റെ മനസ്സുനിറയെ രാമ മയമായിരുന്നു......................! 
ഹനുമാൻ ലങ്കയിൽ നിന്ന് പുറപ്പെട്ടു, വിഭീഷണനും പോയശേഷം രാമവൃത്താന്തം അറിഞ്ഞു വരാൻ പോയ രാവണൻറെ ദൂതനായ ശുകൻ,വാനര സേനയുടെ പിടിയിൽ നിന്ന്മോചിതനായി  ലങ്കയിൽ  തിരികെ വന്നു. പോയ ദൗത്യം പോലും മറന്ന്,ശുകൻ വ്യസനത്തോടെ, വരാൻ പോകുന്ന  നാശം അറിഞ്ഞു രാവണനെ ഉപദേശിക്കുകയായിരുന്നു.രാമനോട് എതിരിട്ടാൽ മരണം ഉറപ്പാണ്‌, രാമനും സീതയും മനുഷ്യരല്ല ചെയ്ത പാപങ്ങൾ തുറന്നു പറഞ്ഞു,
സീതയെ തിരികെ നൽകി, രാമപാദ ത്തിൽ ശരണം പ്രാപിക്കാൻ ഉപദേശിക്കുന്ന ശുകനെ ദഹിപ്പിക്കുന്ന  ജ്വലിക്കുന്ന കണ്ണുകളോടെ നോക്കി രാവണൻ.
"എന്റെ പരികർമ്മിയായ നീ ശ്രേഷ്ടനായ ഗുരുവിനെപ്പോലെ എനിക്ക് ശിക്ഷ കല്പ്പിക്കുന്നുവോ?പണ്ട് നീ ചെയ്ത ഉപാകാരം ഓർത്ത്‌ നിന്നെ ഞാൻ വെറുതെ വിടുന്നു.ഇനി എന്റെ മുന്നിൽ നിന്നാൽ നിനക്ക് മരണം ഉറപ്പാണ്‌"
അതിക്രൂരമായ രാവണ വാക്കുകൾ കേട്ടു ഭയന്ന് ശുകൻ ഓടി മറഞ്ഞു. 
രാവണന്റെ മുത്തച്ഛൻ(അമ്മയുടെ അച്ഛൻ) മാല്യവാൻ പറഞ്ഞതും നാശത്തെ ഇല്ലാതാക്കാൻ തന്നെയാണ്. "രാമനെ സ്തുതിച്ചു,ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു,സീതയെ തിരിച്ചേൽപ്പിച്ചാൽ,മഹാവിഷ്ണുവിൻറെ അവതാരമായ രാമൻ നമ്മുടെ കുലത്തെ രക്ഷിക്കും!.
ജാനകി ലങ്കയിൽ വന്നതു മുതൽ ദുർനിമിത്തങ്ങൾ കാണുകയാണ്.പൂച്ചയെ എലികൾ ഭയപ്പെടുത്തുന്നു,ഗരുഡനെ പാമ്പുകൾ ഓടിച്ചിടുന്നു.എവിടെ നോക്കിയാലും കാലനെ കാണുന്നപോലെ  ഭീതി തോന്നുന്നു.
രാമ ഭക്തി കൊണ്ട് നീ നമ്മുടെ കുലത്തെ രക്ഷിക്കുക!!!".സന്തത സഹാചാരിയായ കാലനേമിയുടെ വാക്കുകളും മറ്റൊന്നായിരുന്നില്ല.
"മക്കളും,അനുജന്മാരും,മക്കളുടെ നല്ലമക്കളും,ഭൃത്യരും ഒക്കെ മരിച്ചു,നീ ജീവിച്ചിരിക്കുന്നതിൽ എന്ത് ഫലമാണ്?സീതയെ രാമനു കൊണ്ടെക്കൊടുത്തു നീ,സഹോദരന് രാജ്യം കൊടുത്ത് ഇനിയുള്ള കാലം കൊടുംകാട്ടിൽ  മുനിവേഷം പൂണ്ടു മനശുദ്ധി വരുത്തി കഴിയുക!!!." അവസാന അവസരത്തിൽ കാലനേമി ഉപദേശിച്ചതും ദിക്കാരത്തോടെ തള്ളുകയായിരുന്നു രാവണൻ.ആരിലും ചെറിയവനല്ലാത്ത രാവണൻ, ആരെയും അനുസരിക്കാൻ പോന്നവൻ ആയിരുന്നില്ല.ഈരേഴു ലോകങ്ങളിലും,പ്രഥമൻ രാവണൻ തന്നെ എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ പരിശ്രമിക്കുകയാണ് അദ്ദേഹം.
നന്മയെ കരുതി പലരും പറഞ്ഞ വാക്കുകൾ അഹ്ങ്കാരമെന്ന ഗർവ്വിനു മുന്നിൽ പകച്ചു പോവുകയായിരുന്നു.ഞാൻ തികഞ്ഞവൻ എന്ന തോന്നലിൽ വന്ന വിനയായിരുന്നു രാവണന്റേത്!!!
കഴിവുകൾ പലതുണ്ടാകാം,ശക്തിയും,ആജ്ഞാ ബലവും,അധികാരവുണ്ടാകാം,എല്ലാം തികഞ്ഞെന്ന തോന്നലാൽ,ബുദ്ധിയെ ഹനിക്കുന്ന ബോധത്തെയാണ് അഹംങ്കാരം എന്ന് വിവക്ഷിക്കുന്നത്!!!. 
എളിമ മഹത്താണ്!-എളിമയാൽ വിനയവും,വിനയത്താൽ ബുദ്ധിയും ശുദ്ധമാകും!.
ബുദ്ധി ശുദ്ധമായാൽ മനസ്സിൽ ദുർ ചിന്തകൾ നശിക്കും.നന്മകൾക്ക് സ്ഥാനം വർദ്ധിക്കും!!!.
രാമായണം തരുന്ന മറ്റൊരു പാഠം!!!.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

 

No comments:

Post a Comment