Sunday, November 1, 2015

നിസ്സംഗത്വം......!!!!.(4)

 നിസ്സംഗത്വം......!!!!.(4) 
..............തുടർച്ച ...!!
ബീരാന്റെ കടയിൽ വിശ്രമിത്തിലാണ് സത്യനന്ദൻ.
തെരുവിലെ ലോറി പാഴ്സൽ കമ്പനിയുടെ കണക്കുകൾ ശരിയാക്കുന്ന തല്ക്കാല ജോലി ബീരാൻ സംഘടിപ്പിച്ചു കൊടുത്തു.
നല്ല അന്തസ്സുള്ള പെരുമാറ്റം മൂലം,ബീരാന് സത്യാനന്ദനോട് ബഹുമാനം തോന്നിയതിൽ അത്ഭുതത്തിന് വകയില്ല..
ആരേയും വശത്താക്കാൻ സത്യാനന്ദൻ പണ്ടേ മിടുക്കനാണ്.
ഒന്നിലും ശ്രദ്ധവയ്ക്കുന്നില്ല എന്ന തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കുകയും,എല്ലാം വളരെ ശ്രദ്ധയോടെ മനസ്സിലാക്കി തൻന്റേതു  മാത്രമാക്കാൻ പരിശ്രമിക്കുകയും ആണ് അയാളുടെ ഉദ്ധ്യമം.
ഇരുപത്തി എട്ടോളം വർഷം കൂടെ കഴിഞ്ഞ ഭാര്യ മനസ്സിലാക്കാത്ത പലതും ഇന്നും സത്യാനന്ദന്റെ മനസ്സിൽ മറയ്ക്കുള്ളിൽ വിശ്രമിക്കുന്നു..
സാവിത്രിയുടെ പേരിലുള്ള വസ്തുവകകൾ പൂർണ്ണമായി തീർന്നു കഴിഞ്ഞു മാത്രമാണ് പറ്റിക്കപെട്ടത്‌ അവൾ അറിഞ്ഞത്.
തൻറെ നിരന്തര ശല്യവും,വഴക്കും കൊണ്ട്,പറഞ്ഞ സ്ഥലവും,കെട്ടിടവും ഒറ്റ രാത്രി കൊണ്ട്‌ അവളുടെ അച്ഛൻ എറണാകുളത്തു വാങ്ങിയതിന് പിന്നിൽ സത്യാനന്ദന്റെ കളി ചില്ലറയായിരുന്നില്ല.
ഭാര്യ പോലും അറിയാതെ രഹസ്യമായി ഇന്നും പലതും നിലനില്ക്കുന്നു.
അച്ഛനുമായി അവൾ സംസാരിക്കുന്നത് പോലും ഇല്ലായ്മ ചെയ്തതു പലതും മറയ്ക്കനായിരുന്നു.
രണ്ടു മക്കളുടെ പഠിപ്പിനുള്ള സർവ്വ ചെലവും സ്വമനസാലെ ഭാര്യയുടെ അച്ഛനായിരുന്നു ചെയ്തിരുന്നത്,അതിനുള്ള സ്നേഹം പോലും കൊടുത്തില്ലന്നു മാത്രമല്ല അറിഞ്ഞഭാവം നടിച്ചിട്ടുമില്ല..
ബാംഗ്ലൂരിൽ ഉപരിപഠനത്തിന്നു പറഞ്ഞയച്ച മക്കൾ രണ്ടാളും ജോലി കിട്ടിയത് അറിയിക്കാതെ,
ഒരുപോലെ പറ്റിച്ചപ്പോൾ മിഴിച്ചു നിന്ന സത്യാനന്ദൻ മറുമരുന്നു നേരത്തെ ചെയ്തിരുന്നു..
പഠിത്തം കഴിഞ്ഞു രണ്ടാൾക്കും അവിടെ തന്നെ ജോലിയായതും അറിഞ്ഞിരുന്നു.
ശമ്പളം കിട്ടിയിട്ട് ഒരു രൂപ പോലും അയക്കാത്തതിൽ ദേഷ്യം ഉണ്ടായെങ്കിലും ഭാര്യയെ കാണിച്ചില്ല.
മക്കളുടെ പേരിൽ ഭാര്യ അറിയാതെ വിദ്യാഭ്യാസ ലോണ്‍ മുമ്പേ സത്യാനന്ദൻ എടുത്തിരുന്നു..
ജോലി കിട്ടി ഒട്ടും താമസിയാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന്പണം ബാങ്കുകാർ ഈടാക്കി ശമ്പളത്തിൽ കുറച്ചു കൊണ്ടിരുന്നു.
അതറിഞ്ഞ മക്കൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും,മറുപടി പറയാതെ രക്ഷപെട്ടു.
ആർക്കും പിടികൊടുക്കാത്ത മെയ് വഴക്കം പലതിലും രക്ഷാകവചം ആയിട്ടുണ്ട്‌.
പക്ഷെ.!..മക്കൾ അതിലും വലിയ വിദ്യകൾ പഠിച്ചവരായിരുന്നു.
രണ്ടുപേരും അച്ഛനറിയാതെ വിവാഹം ചെയ്ത് തന്നിഷ്ടത്തിന്നു ജീവിക്കാൻ തീരുമാനിച്ചു.
അതറിഞ്ഞ് അവരുമായുള്ള സർവ്വ ബന്ധങ്ങളും വിശ്ചേദിക്കാനും സത്യാനന്ദൻ മറന്നില്ല.
വേദനിക്കുന്ന മസ്സായിരുന്നില്ല അയാളുടേത്.
സഹതാപം അയാൾക്ക്‌ അറിയില്ല.
ഏതോ തമിഴത്തികളായ രണ്ടു കൂട്ടുകാരികളെയാണ് മക്കൾ രണ്ടുപേരും കല്യാണത്തിനു തെരഞ്ഞെടുത്തത്.
കൂടെ വർക്കുചെയ്യുന്നവർ.
എല്ലാം കഴിഞ്ഞാണ് അറിയിക്കുന്നതും.
IT കമ്പിനിയിൽ ഉയർന്ന ശമ്പളവുമായി നല്ല ജോലിയുള്ള മക്കൾക്ക്‌ വലിയ ആലോചനകൾ തരപ്പെടുത്താനുള്ള തിരക്കിനിടയിലാണ് എല്ലാം കഴിഞ്ഞ വിവരം അറിയുന്നത്.
കാര്യം അറിഞ്ഞ ഉന്നത തറവാട്ടുകാർ പലരും സത്യാനന്ദനെ വിളിച്ചു തിരക്കി.
അതോടെ സത്യാനന്ദന്റെ ലിസ്റ്റിൽ നിന്ന് മക്കളും ഔട്ട്.
വലിയ സ്ത്രീ ധനം വാഗ്ദാനം ചെയ്തു എത്രപേർ സമീപിച്ചിരുന്നു.
ആഗ്രഹങ്ങൾ കുമിഞ്ഞു കൂടിയ സത്യാനന്ദന്റെ
പല സ്വപ്നങ്ങളും തകർന്നടിഞ്ഞു.
അധികം വൈകാതെ മക്കൾ അമേരിക്കയ്ക്ക് പറന്നത് സാവിത്രിയിൽ നിന്നുമാണ് അറിഞ്ഞത്.
സാവിത്രിയെ ക്രൂരമായി മർദ്ധിക്കുമ്പോഴും കപട സ്നേഹത്തോടെ പിണക്കാതെ നോക്കാൻ ശ്രമിക്കുമായിരുന്നു.
രഹസ്യങ്ങൾ ചോർന്നുകിട്ടാനും പണത്തിൻറെ ആവശ്യത്തിനും, അല്ലാതെ മറ്റു വഴികളില്ല.
മക്കൾ വീടുമായുള്ള ബന്ധങ്ങൾ മുറിച്ചു കഴിഞ്ഞിരുന്നു.
വല്ലപ്പോഴും അമ്മയെ വിളിച്ചിരുന്നതും ഇപ്പോൾ ഇല്ലാതെയായി.
'മത്ത കുത്തിയാൽ കുമ്പളം  മുളക്കില്ലല്ലോ?'
സത്യാനന്ദന്റെ സ്വഭാവ വിഭവങ്ങൾ തികഞ്ഞവർ തന്നെ മക്കൾ.
ഒന്നിനും ആരോടും അകൽച്ച കാണിക്കാത്ത പ്രകൃതമായിരുന്നു സത്യാനന്ദന്റെത്.
പരസ്യമായി ആരോടും വഴക്കിടാറില്ല.
കാര്യങ്ങൾ നേടാൻ ഏതു മോശം വഴിയും നടപ്പാക്കാൻ നാണവുമില്ല.
'വീണോടം വിഷ്ണു ലോകം' അതായിരുന്നു സത്യാനന്ദൻ.
ഇപ്പോൾ എത്തിപ്പെട്ട ബോബെ തെരുവിലെ കഷ്ടപ്പാടുകളെ പറ്റി ചിന്തിക്കാറില്ല,
വരാൻ പോകുന്ന വിഷമതയെ ഓർക്കാറുമില്ല.
ബന്ധങ്ങളുടെ തീവ്രത മനസ്സിൽ സ്പുരിക്കാറു പോലുമില്ല.
അന്യരെന്നോ,സ്വന്തക്കാരെന്നൊ ചിന്തിക്കാതെ,കാര്യം കാണുന്നതുവരെ ഓർക്കാൻ ശ്രമിക്കാറുണ്ട്.അർത്ഥ ലാഭത്തിനു വേണ്ടിമാത്രം.
മനുഷ്യ മനസ്സാക്ഷി സത്യാനന്ദന്റെ ജീവിത നിഘണ്ടുവിൽ ഇല്ലാത്ത ഒന്നാണ്.
സ്വന്തം ഭാര്യയെ രാത്രിയിൽ പെരുവഴിയിൽ    ചവുട്ടിയിറക്കിയപ്പോൾ; അവൾ എന്തു ചെയ്യും,അവളുടെ ഇപ്പോഴത്തെ അവസ്ഥ......? നാളിതുവരെ അതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല.
ബീരനെ പരിചയ പെട്ടതോടെ കല്യാണിലെ ബന്ധുവിനെ കുറിച്ചു മിണ്ടിയിട്ടില്ല.
ബീരാൻ തിരക്കുമ്പോൾ ഒഴിഞ്ഞുമാറുകയാണ്.
ഇക്കാലമത്രയും നഷ്ട്ടപ്പെടുത്തിയ സമ്പത്ത് സകലതും കൈവിട്ടു പോയതിലെ ആകുലതയും അയാൾക്കില്ല.
ഇനിയും പലതും നേടാൻ മനസ്സ് വെമ്പുകയാണ്.
നേർവഴിയിലൂടെ അല്ല;
അതിനുള്ള കുതന്ത്രങ്ങളും,
കുറുക്കു വഴികളും മനസ്സിൽ മിന്നി മറയാറുണ്ട്,സാഹചര്യം അനുകൂല മല്ലാത്തതിനാൽ മാത്രം അടങ്ങി നില്ക്കുകയാണ്. 
ആയാൾക്ക്‌ ഹരമായ മദ്യപാനം തുടരാൻ പഴുതുകൾ കിട്ടാത്തതിൽ വിഷമത്തിലാണ്.
ബീരാൻറെ മദ്യവിരോധം കലർത്തിയ സംഭാഷണം മനം മടുപ്പോടെ കേട്ട് വിരക്തനാകുകയാണ് അയാൾ .
ഇപ്പോൾ സത്യാനന്ദൻ ദരിദ്രനല്ല ശബളം വാങ്ങുന്ന മാന്യൻ.
പക്ഷെ താമസവും,ഭക്ഷണവും ബീരാൻറെ ഔദാര്യത്തിൽ തന്നെ, ശമ്പളം സ്വന്തം കീശയിൽ.
എളുപ്പവഴിയിൽ പണം ഉണ്ടാകാൻ വഴിതേടുകയാണ് സത്യാനന്ദന്റെ മനസ്സ്.
തനിക്ക് മനസ്സ്തുറക്കാവുന്ന മലയാളികൾ ആരേയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഒരു തമിഴ് പയ്യൻ ശെൽവൻ  ഓഫീസിൽ ചായ കൊണ്ടുവരുന്നവനുമായി ചെറിയ ചങ്ങാത്തം വച്ചിട്ടുണ്ട്.
അവന് ഈ പ്രദേശം നന്നായി അറിയാം,ഇവിടത്തെ ആൾക്കരുമായും നല്ല അടുപ്പമുണ്ട്..
ഓഫീസിൽ മുറുക്കാൻ വായിലിട്ടു മൗനിയായി കഴിയുന്ന സത്യാനന്ദൻ തൻറെ ഇരയെ തേടുക തന്നെയായിരുന്നു.
തെരുവിന് വടക്ക് റോഡിൽനിന്ന് ഉള്ളിലേക്കുമാറി പഴയ ഇരുനില കെട്ടിടത്തിൽ ചില ദിവസങ്ങളിൽ ചീട്ടുകളി ഉണ്ടെന്ന് അയാൾ അറിഞ്ഞു.
ദാഹിച്ചു വലഞ്ഞ ക്ഷീണിതന് ഒരിറ്റു വെള്ളം കിട്ടിയ പ്രതീതിയായിരുന്നു സത്യാനന്ദനു.
അവിടെ ചെന്നെത്താനുള്ള മാർഗ്ഗം ആലോചിക്കുകയായിരുന്നു.
സുഖമില്ലെന്ന കാരണം പറഞ്ഞു രണ്ടുനാൾ ലീവെടുത്തു.
മെല്ലെ ആ പ്രദേശങ്ങൾ ഒന്നു ചുറ്റി.
വൃത്തിഹീനമായ സ്ഥലം,വെള്ളം തളം കെട്ടികിടക്കുന്ന ഭൂപ്രദേശത്തിനു നടുവിൽ ഉടമസ്ഥൻ ഉപേക്ഷിച്ച ഇരുനില മാളിക.
നടക്കാൻ കല്ലുകൾ നിരത്തിയ വഴിയിലൂടെ കെട്ടിടത്തിനു മുന്നിലെത്തി.
പഴക്കം കൊണ്ട് പായലുപിടിച്ചു പച്ചപ്പ്‌ മാത്രമായ കെട്ടിടം.
ഇടുങ്ങിയ വാതിലുകൾ പലതും ഇളകി പോയിരിക്കുന്നു.
കോണ്ക്രീറ്റ്കെട്ടിടം ചിലയിടങ്ങൾ അടർന്നു പോയിട്ടുണ്ട്.
താഴത്തെ നില കച്ചറകൾ നിറഞ്ഞു കിടക്കുന്നു.
അതിനിടയിലൂടെ മുകൾ നിലയിലേക്ക് ചെറുവഴിയുണ്ട്.
അതിലൂടെ കോണിയിൽ ചെന്ന് മുകളിലെത്തിയാൽ വിശാലമായ ഹാൾ.
അവിടെ മൂലയിൽ ജീർണിച്ച മേശക്ക് ചുറ്റും വീഞ്ഞ പെട്ടികൾ ഇട്ടിരിക്കുന്നു.
ആരൊക്കെയോ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടാൽ അറിയാം. 
അവിടവിടായി ചീട്ടുകൾ ചിതറി കിടക്കുന്നു.
ഒളിത്താവളം എന്ന് പറയുന്നതാവും ഭംഗി.
പോലീസുകാർക്ക് എളുപ്പം വന്നെത്താൻ കഴിയാത്ത ഇടമാണ്.
എന്നൊക്കെയാണ്  ഇവിടെ കളിനടക്കുന്നത്....?
അറിയണം അതിനു പറ്റിയ തമിഴൻ പയ്യന് പണം കൊടുത്ത് മുറിത്തമിഴു പറഞ്ഞു വശത്താക്കിയിട്ടുണ്ട്.
അവനിലൂടെ കാര്യങ്ങൾ അറിയാം.
രണ്ടു ദിവസത്തെ ലീവാണ് എടുത്തതെങ്കിലും ഒരുദിവസം കഴിഞ്ഞു ജോലിക്ക് പോയി.
ബീരാനും,ഒഫീസിലുള്ളവർക്കും സന്തോഷമായി.
തമിഴൻ ശെൽവനെ കാണണമെങ്കിൽ ഓഫിസിൽ ചെല്ലുകതന്നെ വേണം.
അന്ന് പയ്യനെ കാണാൻ കഴിഞ്ഞില്ല അല്പം സുഖ ക്കുറവുണ്ടായെങ്കിലും അയാൾ സാമാധാനിച്ചു.
അടുത്ത ദിവസം നേരത്തെ ഓഫിസിൽ അയാൾ ഹാജരുണ്ടായിരുന്നു.അന്ന് സമാധാനത്തോടെ ശെൽവനിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞു.
അയാൾ തൻറെ ഉദ്ധ്യമത്തിനു തയ്യാറായി.
ആരും അറിയാതെ കെട്ടിടത്തിൽ എത്തിയ അയാളെ മറ്റുള്ളവർ സംശയത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി.
വരാമെന്നു പറഞ്ഞ പയ്യൻ ശെൽവൻ  എത്തിയതുമില്ല.വിഷമ സ്ഥിതിയിലായ അയാൾ അറിയാവുന്ന ഹിന്ദിയിൽ പലതും പറഞ്ഞു.
അധികം വൈകാതെ പയ്യൻ എത്തി കാര്യം വിശദീകരിച്ചു അവന്റെ കമ്മീഷനും കൈപ്പറ്റി അവൻ സ്ഥലം വിട്ടു.
ആളെ കൊടുത്താൽ കമ്മീഷൻ കിട്ടുമെന്നത് അയാൾക്ക് പുതിയ അറിവായിരുന്നു.
സന്ധ്യവരെ ചീട്ടുകളി തുടർന്നു.
സത്യാനന്ദൻ പ്രസന്നവദനായിരുന്നു എടുക്കാൻ കഴിയാത്ത അത്ര പണം അയാൾ നേടിക്കഴിഞ്ഞിരുന്നു.
ടിപ്പ് കൊടുത്ത് അയാൾ പണവുമായി തിരിച്ചു.
അടുത്തനാൾ പോകാൻ തയ്യാറായെങ്കിലും ഓഫീസിൽ പോകാതെ നിവർത്തിയുണ്ടായില്ല.
ദുരാഗ്രഹങ്ങളുടെ വേലിയേറ്റം അയാളെ അലട്ടികൊണ്ടിരുന്നു.
അയാളുടെ മനസിലെ ലക്ഷ്യം നടപ്പിലാക്കിയതിലുള്ള ചാരിതാർത്ഥ്യം,
ചീട്ടുകളിയിൽ സത്യാനന്ദനെ കീഴ്പെടുത്താൻ ആരാലും കഴിഞ്ഞില്ല.
നാൾക്കുനാൾ അയാൾ പണം വാരുകതന്നെയായിരുന്നു.
കളിക്കാർക്ക്‌ അയാളോട് പകയും,അസൂയയും വർദ്ധിക്കുകയും,ചിലര് ആരാധനയോടെ കാണുകയുമായിരുന്നു.
ഇതൊന്നും അയാളെ അലട്ടിയിരുന്നില്ല.
വേണ്ടതിലധികം പണം കൈവന്നപ്പോൾ മാറി താമസിക്കാമെന്ന ചിന്തയുണ്ടായി.
ശെൽവൻ പയ്യന്റെ സഹായത്തോടെ മറ്റൊരു തെരുവിൽ  വാടക വീടെടുത്തുതാമസം തുടങ്ങി.
സഹായിയായി ശെൽവനെ കൂടെ  കൂട്ടി.
അവൻറെ ജോലികഴിഞ്ഞ സമയങ്ങളിൽ അവിടെ ഉണ്ടായിരിക്കണമെന്ന നിബന്ധനയോടെ.
പാർസൽ കമ്പിനിയിലെ ജോലി ഉപേക്ഷിച്ചു.
ബീരാനെ കാണാൻപോലും അയാൾ തയ്യാറായില്ല.
പണം കുമിഞ്ഞു കൂടിയപ്പോൾ കളിസ്ഥലം മാറിയാലോ എന്ന ചിന്തയിലായി.
ഇപ്പോളത്തെ 'നക്കാപിച്ച' തുക പോരെന്ന തോന്നൽ.
ലക്ഷങ്ങളുടെ മറിവു നടക്കുന്ന വലിയ ഹോട്ടലുകൾ അതായിരുന്നു അയാളുടെ ലക്ഷ്യം.
ശെൽവനോടുതന്നെ തിരക്കി സ്റ്റാർ ഹോട്ടലുകളിൽ പോകുകയെന്ന് തീരുമാനിച്ചു.
ടാക്സിയിൽ ഹോട്ടലിൽ  എത്തുമ്പോൾ രാജകീയസ്വീകരണം കുളിർ കോരുന്ന അനുഭൂതിയായിരുന്നു.
മടങ്ങുമ്പോൾ ബാക് നിറയെ പണവുമായി ശെൽവൻ പിൻ സീറ്റിൽ ഉണ്ടാവും.
ആരോടും തോൽവി പറയാതെ മുന്നേറുന്ന സത്യാനന്ദൻ ഇന്ന് കൊടീശ്വരനാണ്.
സ്വന്തം കാറിൽ സഹായിയായ ശെൽവനോടൊപ്പം വൈകിട്ട്  തൻറെ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്നു.
മികച്ച ഇരുനിലകെട്ടിടം സ്വന്തമായത് യാദർശ്ചികമായിരുന്നു.കാരണക്കാരൻ ശെൽവനും. 
വാടകവീട്ടിൽ ഒരിക്കൽ രാവിലെ ശെൽവനുമായി കമ്മത്ത് കാണാൻ വന്നിരിക്കുന്നു. 
കേരളത്തിൽ എറണാകുളത്ത് വൈപ്പിൻ കാരനായ വിഷ്ണു കമ്മത്തിനെ ഒരിക്കൽ പരിചയപ്പെട്ടിരുന്നു.
കളിസ്ഥലത്തു വച്ച്,ആ മുഷിഞ്ഞ കെട്ടിടത്തിൽ പണ്ട് ചീട്ടു കളിക്കുമ്പോൾ,സംസാരിച്ചിട്ടുപോലുമില്ല.
ക്ഷീണിതനായ കമ്മത്ത് ആമുഖമില്ലതെ തൻറെ കദന കഥ പറഞ്ഞുതുടങ്ങി "ഭാര്യയും മക്കളും നാട്ടിലാണ്.
എൻറെ കമ്പിനി നഷ്ടത്തിൽ ഓടുകയാണ്.
ടൂൾസ് കമ്പനിയാണ് നഷ്ടത്തിലായതിനാൽ ഇപ്പോൾ എൻറെ അവസ്ഥ മോശമാണ്.
ആറ് പെണ്മക്കൾ ഉള്ളയാളാണ്,മക്കൾ ആരുടേയും വിവാഹം നടന്നിട്ടില്ല,പ്രായം തികഞ്ഞു നില്ക്കുകയാണ്.
ആദ്യ ആളുടെ വിവാഹക്കാര്യം വന്നിരിക്കുന്നു.
അതിനാൽ നമ്മളുടെ ഇവിടെയുള്ള വീട് വിൽക്കാൻ ഞാൻ തയ്യാറായിരിക്കുകയാണ്..സഹായിക്കണം.
ആരും നല്ലവിലയ്ക്ക് എടുക്കാൻ തയാറല്ല.
പലരും നിസ്സാര വില പറഞ്ഞു പോകുന്നു.
സംമ്പാദ്യമായി വേറെ ഒന്നുമില്ല;സഹായിക്കണം".
വിറയാർന്ന കമ്മത്തിന്റെ വാക്കുകളിൽ അയാൾക്ക്‌ ഒരു വികാരവും അനുഭവപെട്ടില്ല.
മൗനിയായ അയാളിൽ നിന്ന് ഒന്നും പുറത്തു വന്നതുമില്ല.
ഇതു എന്നോട് പറയുന്നത് എന്തിനെന്ന ഭാവമായിരുന്നു.
കേട്ടുനിന്ന തമിഴൻ പയ്യൻ ശെൽവന് സങ്കടം സഹിച്ചില്ല.
അവൻറെ കുഞ്ഞുമനസ്സ് പിടഞ്ഞു.
അവൻ സത്യാനന്ദനെ മുറിക്കകത്ത് വിളിച്ചു.
തൻറെ സ്വാധീനം ഉറപ്പിക്കാൻ തീരുമാനിച്ചു.
ചീട്ടു കളിച്ചു മുടിഞ്ഞു തുടങ്ങിയ കമ്മത്തിനെ വർഷങ്ങളായി അറിയുന്ന ശെൽവൻ അയാളുടെ മുഴുവൻ കാര്യങ്ങൾ ഇപ്പോഴാണ് മനസ്സിലാക്കിയത്.
ആറ് പെണ്മക്കൾ കല്യാണ പ്രായം തികഞ്ഞവർ,അവൻറെ ഇളം മനസ്സിന് താങ്ങാവുന്നതായിരുന്നില്ല.ഇയ്യാളെ കൊണ്ട് ആ വീട് വിലയ്ക്ക് എടുപ്പിക്കുക തന്നെ.
അകത്തുനിന്നു മടങ്ങി ശെൽവനുമായി വന്ന സത്യനന്ദൻ സന്തോഷവദനനായിരുന്നു."ഞാൻ നോക്കട്ടെ ശെൽവൻ പറഞ്ഞാൽ എനിക്ക് തട്ടിക്കളയാൻ പറ്റില്ല.നോക്കട്ടെ,എത്രയാണ് കമ്മത്ത് ഉദ്ദേശിക്കുന്നത്?"....."പത്തു ലക്ഷം ആണ് ഞാൻ ചോദിക്കുന്നത്,കൂടുതലല്ല ചോദിക്കുന്നത് മാർക്കറ്റ് വില തെരക്കിക്കോളൂ. എൻറെ പതനം അറിയാവുന്നതിനാൽ പലരും തീരെ കുറച്ചു പറയുന്നതിനാലാണ് കൊടുക്കാതെ പോകുന്നത്.താങ്കൾ വീട് നോക്കു;കണ്ടിട്ട് നമുക്ക് സംസാരിക്കാം.താങ്കൾ എന്നെ സഹായിക്കുമെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ട്‌.എനിക്ക് വിശ്വാസവുമുണ്ട്."അധികനേരം നിൽക്കാതെ നടന്നു നീങ്ങുന്ന കമ്മത്തിനെ തുടിക്കുന്ന ഹൃദയത്തോടെ ശെൽവൻ നോക്കിനിന്നു.കമ്മത്ത് പോയപിറകെ സത്യാനന്ദൻ ആ വീടുകാണാൻ ശെൽവനുമായി യാത്രയായി.
അയാളുടെ മനസ്സിൽ പുതു വെളിച്ചം വീഴുകയായിരുന്നു.
സ്വന്തമായ ഒരു വീട് ബോംബെയിൽ.സ്വപ്നം കാണാൻ കഴിയാത്ത കാര്യം......?
വീടും പരിസരവും നന്നേ ബോധിച്ചു.പത്തു ലക്ഷം അത്ര കൂടുതലലല്ല.ഒരുലക്ഷം കുറച്ചാലോ....? ശെൽവനുമായി അയാൾ ചർച്ച ചെയ്തു.
അയാളുടെ ഉയർച്ചയ്ക്ക് കാരണഭൂതനായ ശെൽവൻ പറയുന്നതിന് വിരുദ്ധമായി ഒന്നും ചെയ്യാൻ അയാൾക്ക്‌ കഴിയില്ല.
ശെൽവൻറെ അഭിപ്രായം പോലെ അൻപതിനായിരം രൂപ കുറച്ചു കച്ചവടം ഉറപ്പിച്ചു,അഡ്വാൻസു കൊടുത്തു.
കമ്മത്ത് സന്തോഷം കൊണ്ട് കണ്ണീർ വാർത്തു.
അധികം വൈകാതെ കച്ചവടം നടത്തി സത്യാനന്ദൻ വീട് സ്വന്തമാക്കി.
ബോംബെയിലെ അഡ്രസ്സിൽ അറിയുന്ന ജന്മിയായി.
അയാൾ ശെൽവനെ ദൈവതുല്യം സ്നേഹിക്കുന്നുണ്ടായിരുന്നു,അല്ലെങ്കിൽ അവനിൽ വല്ലാത്ത ആദരവ് അയാളിൽ നിലനിന്നിരുന്നു.
ഭൂമുഖത്ത് ആരേയും അനുസരിക്കാത്ത അയാൾ അവൻറെ വാക്കുകൾക്കു വിലനൽകി.
അവൻ പറയുന്ന വഴിയെ പോയാൽ ദോഷം ഉണ്ടാകില്ല എന്ന് അയാൾക്ക്‌ ഉറപ്പുണ്ടായിരുന്നു.
നാൾക്കുനാൾ ചൂതുകളിയിൽ ഉയർച്ച തന്നെയായിരുന്നു.
ശെൽവൻ ഇപ്പോൾ കൂടെ തന്നെയാണ്.
അവനാണ് ഭരണം.അവൻറെ വീട്ടിലെ ആവശ്യങ്ങൾ മുടങ്ങാതെ നടത്തുന്നതും അയാൾ പണം കൊടുത്താണ്.
മദ്യപാനം കുറച്ചതും ശെൽവന്റെ കർശനം കൊണ്ടുതന്നെയാണ്.
പണം കൈവന്നപ്പോൾ സമാധാനവും,സുഖവും അനുഭവിക്കാൻ കൂടെ ആരും ഇല്ലെന്ന ചിന്ത അയാളിൽ ഇതുവരെ അങ്കുരിചിട്ടില്ല.
നാളത്തെ കളിയിൽ ലക്ഷങ്ങളുടെ ലഭ്യത,അതു മാത്രമാണ് അയാളുടെ ചിന്ത.
കമ്മത്തിന്റെ കമ്പനി വാങ്ങിയാലോ ..?ശെൽവൻ ഒരിക്കൽ പറഞ്ഞിരുന്നു.അന്ന് അതിനോട് കമ്പം തോന്നിയില്ല.എന്തിന്.......?തൻറെ സ്വസ്ഥത നശിപ്പിക്കാനോ.....?മദ്യം കഴിക്കുന്നത്‌ കുറഞ്ഞതോടെ ലക്ഷ്യങ്ങൾക്ക് ദൃഡത വന്നു തുടങ്ങി,സുഖമായ ഉറക്കവും.
സമ്പാദ്യം പണമായി സൂക്ഷിക്കുന്നത് അപകടമാണെന്ന തോന്നലും ഉണ്ടായി തുടങ്ങി.
കാലങ്ങൾ കഴിഞ്ഞു ആരും ഓർക്കാതിരുന്ന ഒരുനാൾ കമ്മത്ത് സന്തോഷത്തോടെ കയറിവന്നു.സമ്മാനമായി പലതും കരുതിയിരുന്നു.ശെൽവൻ എല്ലാം വാങ്ങി വച്ചു.
ക്ഷീണിതനായ കമ്മത്ത് പ്രസന്നത വീണ്ടെടുത്തു തൊഴുതു."നമ്മുടെ രണ്ടു മക്കളുടെ വിവാഹം താങ്കളുടെ സഹായത്തോടെ നടന്നു.കാശ് തെകയുമോ എന്ന് ഭയന്നിരുന്നു,പക്ഷെ ദൈവാദീനത്തിന് മുഴുവനും ആയില്ല.നമ്മൾ അവിടെ ആരോട് കടം വാങ്ങാനാ..?
വൈപ്പിനിൽ നമ്മളെ ആരറിയാനാ...?
നമ്മളെ അറിയാത്ത ആരെങ്കിലും പണം കടം തരുമോ..?ഒരുപാട് വെഷമിച്ചു,ദൈവകൃപ എല്ലാം ഭംഗിയായി നടന്നു,അതിന് താങ്കളോട് പ്രത്യേക നന്ദിയുണ്ട്"
സത്യാനന്ദനിൽ പ്രത്യേക വികാരങ്ങൾ ഉണ്ടായില്ലങ്കിലും ശെൽവൻ കരഞ്ഞു.
കമ്മത്ത് അവനെ ചേർത്തു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു നിർവൃതി അടഞ്ഞു."നമ്മൾ ബോംബെ വിടാൻ തീരുമാനിച്ചു,ഇവിടെ ഇനി നമുക്ക് പറ്റിയ ഇടമല്ല.ഇനി നാല് പെമ്മക്കളെ ആരെയെങ്കിലും ഏൽപ്പിക്കണം.അതിനു പാറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ.നല്ലപോലെ നടന്ന കമ്പനിയാണ് എൻറെ ഉഴപ്പ് കാരണം നഷ്ടത്തിലായി,ഇനി ഞാൻ നടത്തിയാൽ പച്ചപിടിക്കില്ല.പെട്ട വെലക്കു കൊടുത്ത് പോകേണ്ടിവരുമല്ലോ എന്ന ഭയമാണ് മനസ്സ് നിറയെ.വീടിനു  താങ്കൾ നല്ല വിലതന്നു.മറ്റുള്ളവർ ആറും,ഏഴരയും പറഞ്ഞു നീട്ടുകയായിരുന്നു.എന്തായാലും താങ്കൾ പരിചയക്കാരോട് പറഞ്ഞു സഹായിക്കണം.ഇപ്പ നമ്മള് നല്ല സ്വഭാവത്തിലാണ്,ഉഴപ്പണില്ല.കിട്ടുന്ന പണം മക്കക്കു വേണ്ടി കൂട്ടി വയ്ക്കേണ്" വിറയാർന്ന മനസ്സോടെയുള്ള കമ്മത്തിന്റെ പോക്കിൽ വേദനിക്കുന്ന മനസ്സ് ശെൽവന്റെതായിരുന്നു.അതിലൊന്നും ശ്രദ്ധിക്കാതെ സത്യാനന്ദൻ ഉറക്കത്തിലേക്ക്ള്ള മയക്കത്തിലായിരുന്നു.
ശെൽവന് മനസ്സിൽ ഒരു പ്ലാൻ തയ്യാറാക്കി,രാത്രിയിൽ അവതരിപ്പിക്കാൻ അവൻ ഒരുങ്ങിയിരുന്നു.
തുടരും!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആാര്യപ്രഭ  

No comments:

Post a Comment